Tuesday, January 14, 2014

സിപിഐ എം നിരാഹാരസമരം നാളെമുതല്‍

കുതിച്ചുയരുന്ന വിലക്കയറ്റം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സിപിഐ എം നടത്തുന്ന നിരാഹാരസമരത്തിന് ബുധനാഴ്ച തുടക്കമാകും. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലത്തിലെയും പത്തു വീതം കേന്ദ്രത്തിലാണ് ബുധനാഴ്ച സമരപ്പന്തല്‍ ഉയരുക. 1400 കേന്ദ്രത്തില്‍ ആരംഭിക്കുന്ന നിരാഹാരസമരത്തില്‍ പതിനായിരങ്ങള്‍ അണിചേരും. ഏറ്റവുമൊടുവില്‍ പാചകവാതക വില വീണ്ടും വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലൂടെ കടുത്ത പ്രഹരമാണ് കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നത്.

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും തീവില മൂലം അടുക്കളകളില്‍ രോഷം തിളയ്ക്കുന്ന സാഹചര്യത്തിലാണ് അതൊന്നും കാണാതെ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധനിലപാടുകള്‍ തുടരുന്നത്. ജനങ്ങളുടെ നീറുന്ന പ്രശ്നത്തിന് ആശ്വാസമേകാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പരാജയപ്പെട്ട ഘട്ടത്തിലാണ് അവരുടെ കണ്ണുതുറപ്പിക്കാനായി സിപിഐ എം സഹനസമരം നടത്തുന്നത്. നാടിന്റെ വികാരം ശക്തമായി പ്രതിഫലിപ്പിക്കുംവിധം സമരചരിത്രത്തില്‍ മറ്റൊരു ജനമുന്നേറ്റം കൂടി കുറിക്കാനുള്ള ഒരുക്കങ്ങള്‍ സമരകേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി കഴിഞ്ഞു.

സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ചുതലം വരെയുള്ളവര്‍ നിരാഹാരമനുഷ്ഠിക്കും. എറണാകുളം തൃക്കാക്കര മണ്ഡലത്തിലെ വൈറ്റിലയില്‍ നിരാഹാരസമരം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പാലോളി മുഹമ്മദുകുട്ടി മലപ്പുറത്തും എ വിജയരാഘവന്‍ പെരിന്തല്‍മണ്ണയിലും പി കെ ഗുരുദാസന്‍ കൊല്ലം നഗരത്തിലെ ആനന്ദവല്ലീശ്വരത്തും പി കരുണാകരന്‍ കാസര്‍കോട് നഗരത്തിലും തോമസ് ഐസക് ആലപ്പുഴ നഗര ചത്വരത്തിലും പി കെ ശ്രീമതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്തും എം സി ജോസഫൈന്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലും സമരം ഉദ്ഘാടനംചെയ്യും.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി കോഴിക്കോട് നഗരത്തിലും എം വി ഗോവിന്ദന്‍ കണ്ണൂര്‍ നഗരത്തിലും എളമരം കരീം ഫറോക്കിലും നിരാഹാരസമരം ഉദ്ഘാടനംചെയ്യും.

deshabhimani

1 comment: