Wednesday, January 15, 2014

ഗുരുവായൂരില്‍ പഞ്ചവാദ്യ കലാകാരനെ തിരിച്ചയച്ചു

പഞ്ചവാദ്യത്തില്‍ ഇലത്താളം കൊട്ടാന്‍ എത്തിയ യുവാവിനെ താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും മടക്കി അയച്ചു. പഞ്ചവാദ്യ കലാകാരന്‍ കല്ലൂര്‍ ബാബുവിനെയാണ് ക്ഷേത്രാചാരങ്ങളുടെപേരില്‍ കഴിഞ്ഞദിവസം പഞ്ചവാദ്യം അവതരിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയത്. നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന ഗുരുവായൂരില്‍ ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ജാതിഭ്രഷ്ടും അയിത്തവും തുടരുന്നുവെന്നത് വിവാദമുയര്‍ത്തിയിട്ടുണ്ട്.

ഗുരുവായൂരിലെ ഇടത്തരികത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലിക്ക് പഞ്ചവാദ്യ അവതരണത്തിനെത്തിയപ്പോഴാണ് ബാബുവിനെ ക്ഷേത്രത്തില്‍ നിന്ന് മടക്കി അയച്ചത്. താലപ്പൊലിക്ക് രാവിലെ നടന്ന പഞ്ചവാദ്യത്തില്‍ ഒന്നര മണിക്കൂറോളം കല്ലൂര്‍ ബാബു ഇലത്താളം കൊട്ടി. പഞ്ചവാദ്യത്തിനായി രാത്രി വീണ്ടും ക്ഷേത്രത്തിലെത്തിയപ്പോഴാണ് ബാബുവിനോട് താഴ്ന്ന സമുദായക്കാരനായതിനാല്‍ ക്ഷേത്രത്തിനകത്തെ വാദ്യമേളങ്ങളില്‍ പങ്കെടുക്കരുതെന്ന് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാരാര്‍ സമുദായക്കാര്‍മാത്രമേ വാദ്യമേളങ്ങളില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് ദേവസ്വം തന്ത്രി സതീശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം അറിയിച്ചു. കൃഷ്ണനാട്ടം അവതരണത്തിലും ഇതേ ജാതിവിലക്ക് ഗുരുവായൂരില്‍ നിലവിലുണ്ട്. നായര്‍ ജാതിയില്‍ താഴെയുള്ളവര്‍ക്ക് കൃഷ്ണനാട്ടം നടത്താന്‍ ആചാരം സമ്മതിക്കുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സംഭവത്തെക്കുറിച്ച് രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹനനും അഡ്മിനിസ്ട്രേറ്റര്‍ മുരളീധരനും ദേശാഭിമാനിയോട് പറഞ്ഞു. പരാതി ലഭിക്കുന്ന മുറയ്ക്ക് അനേഷണം നടത്തുമെന്നും ക്ഷേത്രാചാരങ്ങളില്‍ അവസാനവാക്ക് തന്ത്രിയാണെന്നും ഭരണസമിതിക്ക് അധികാരമില്ലെന്നും അവര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment