Wednesday, January 15, 2014

പുറമെനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാകില്ല: പിണറായി

സംസ്ഥാനത്തിന് പുറമെനിന്ന് വൈദ്യുതി വാങ്ങി വൈദ്യുതിപ്രശ്നം പരിഹരിക്കാമെന്ന ധാരണ തെറ്റാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നമുക്ക് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും അര്‍ഹമായ കേന്ദ്ര വിഹിതം ചോദിച്ചുവാങ്ങിയും മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ "മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ഊര്‍ജം" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

വൈദ്യുതിയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. വില കൂടുതലെന്ന കാരണം പറഞ്ഞ് കായംകുളം താപനിലയത്തില്‍ നിന്നുള്ള വൈദ്യുതി വേണ്ടെന്ന് രേഖാമൂലം എഴുതിക്കൊടുത്തു. കൂടംകുളത്തു നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള തിരുവനന്തപുരം-കൊച്ചി 400 കെവി ലൈന്‍ പൂര്‍ത്തിയാക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. ഒഡിഷയിലെ വൈതരണി കല്‍ക്കരിപ്പാടത്ത് അനുവദിച്ച പദ്ധതിയും വൈതരണിയിലായിരിക്കയാണ്. ജലവൈദ്യുത പദ്ധതികളുടെ കാര്യത്തില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല. സാമാന്യബോധമുള്ള ഒരു സര്‍ക്കാരിനും ഇങ്ങനെ അനങ്ങാപ്പാറ നയം സ്വീകരിക്കാന്‍ കഴിയില്ല. എല്ലാ മേഖലയ്ക്കും വെളിച്ചം പകരുന്നതാണ് വൈദ്യുതി മേഖലയെന്ന ചിന്തയല്ല സര്‍ക്കാരിനെ നയിക്കുന്നത്. ഇടുക്കി നിലയം മാത്രംകൊണ്ട് സംതൃപ്തരായതാണ് ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചത്. ഉല്‍പ്പാദനം വര്‍ധിക്കാതിരിക്കുകയും ഉപയോഗം കൂടിവരികയും ചെയ്യുകയാണ്. ആസൂത്രണത്തിലെ പിഴവിന്റെ ഭാഗമായാണ് വൈദ്യുതി കമ്മിക്ക് കാരണം. കേവലമായ പരിസ്ഥിതി വാദമുയര്‍ത്തി വൈദ്യുതപദ്ധതികള്‍ക്ക് ഉടക്കുവയ്ക്കുന്ന രീതി തുടരുകയാണ്. അതിരപ്പിള്ളി പദ്ധതിക്ക് 1996-98 കാലയളവില്‍ പരിസ്ഥിതി ക്ലിയറന്‍സ് കിട്ടിയതാണ്. അനാവശ്യമായ വിവാദം ഉയര്‍ത്തിവിട്ട് അതു തടഞ്ഞു. അന്ന് പ്രതിപക്ഷത്തായിരുന്ന രാഷ്ട്രീയനേതാവിന്റെ താല്‍പ്പര്യമനുസരിച്ചാണ് പദ്ധതിക്കെതിരെ കേസിന് പോയത്. ഇതുവരെ പദ്ധതി എങ്ങും എത്തിയില്ലെന്നതാണ് അതുകൊണ്ട് സംഭവിച്ചത്.

പദ്ധതികള്‍ക്ക് പാരവയ്ക്കുന്നത് ശരിയായ രാഷ്ട്രീയമല്ല. സൈലന്റ്വാലി നിഷേധിച്ചപ്പോള്‍ പൂയംകുട്ടി തരാമെന്നാണ് അന്നത്തെ പ്രധാനമന്ത്രി പറഞ്ഞത്. ഒടുവില്‍ രണ്ടും കിട്ടിയില്ല. വൈദ്യുതിരംഗത്തെ സ്വകാര്യവല്‍ക്കരണം കോര്‍പറേറ്റുകളെ തടിച്ചുകൊഴുപ്പിക്കാനാണ്. കൃഷ്ണ-ഗോദാവരി വാതകപദ്ധതി റിലയന്‍സിനാണ്. എണ്ണപ്പാടങ്ങള്‍ കോര്‍പറേറ്റുകള്‍ക്കാണ് കൈമാറി കൊണ്ടിരിക്കുന്നത്. സ്വകാര്യവല്‍ക്കരണം വ്യാപിക്കുന്നതോടെ വൈദ്യുതിമേഖലയിലെ സേവനം നിലയ്ക്കുമെന്ന് പിണറായി പറഞ്ഞു. ഫെഡറേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി എന്‍ ചൗധരി വിഷയം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ബി പ്രദീപ്, ഡോ. എ ഡി ദാമോദരന്‍, വി ലക്ഷ്മണന്‍, സ്വദേശ്ദേവ്റോയ് എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ രൂപീകൃതമായതിന്റെ 30-ാം വാര്‍ഷികം പ്രമാണിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. 1984 ജനുവരി 15ന് തിരുവനന്തപുരത്തു വച്ചാണ് ഫെഡറേഷന്‍ രൂപീകരിച്ചത്.

deshabhimani

No comments:

Post a Comment