എടവണ്ണ: മലപ്പുറത്ത് ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു. "പെന്‍ഷനും സ്വയംതൊഴിലിന് സഹായവും വീട്ടിലേക്കുള്ള വഴിയും" ശരിയാക്കുമെന്ന വാഗ്ദാനം വെറുതെയായി. എടവണ്ണ തുവ്വക്കാട് ഇരട്ടപ്പറമ്പില്‍ ആലിക്ക് (62) പെന്‍ഷനുമില്ല, വഴിയുമില്ല. ഇവ ലഭിക്കാനായി കാലുകളില്ലാത്ത ഈ പാവം മുട്ടാത്ത വാതിലുകളില്ല. ഒന്നാംഘട്ട ജനസമ്പര്‍ക്കത്തില്‍ ആലിക്ക് പെന്‍ഷനും വീട്ടിലേക്കുള്ള വഴിയുമായിരുന്നു വാഗ്ദാനം. അത് പാലിക്കപ്പെട്ടില്ല. വഞ്ചനയുടെ നോവുമായി രണ്ടാംഘട്ട ജനസമ്പര്‍ക്കത്തിനും ആലിയെത്തി- നിരങ്ങി, നിരങ്ങി... എന്നാല്‍ വീണ്ടും വാഗ്ദാനം നല്‍കി മുഖ്യമന്ത്രി പറ്റിച്ചു. ഞരമ്പുകളിലെ രക്തയോട്ടം നിലച്ചതിനെത്തുടര്‍ന്ന് 1995ലാണ് ആലിയുടെ കാലുകള്‍ മുറിച്ചുമാറ്റിയത്. ഇപ്പോള്‍ അരയ്ക്കുതാഴെ ട്യൂബ്കെട്ടി അതില്‍ നിരങ്ങിയാണ് സഞ്ചാരം. ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിന് നാട്ടുകാരുടെ സഹായത്തോടെ ജീവിതം.
ഭാര്യ ആമിനയുടെ പേരില്‍ പെന്‍ഷന്‍ അനുവദിക്കണമെന്നും സ്വയംതൊഴില്‍ സംരംഭത്തിന് സഹായം വേണമെന്നും വീട്ടിലേക്ക് വഴി ശരിയാക്കണമെന്നുമാണ് 2011ലെ ജനസമ്പര്‍ക്കത്തില്‍ ആലി മുഖ്യമന്ത്രിയോട് നേരിട്ട് അപേക്ഷിച്ചത്. പെന്‍ഷന്‍ അനുവദിച്ചുവെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പണം എത്തിയില്ല. മലപ്പുറം കലക്ടര്‍ക്ക് പരാതി നല്‍കിയപ്പോള്‍ അടുത്തുള്ള അങ്കണവാടിയില്‍ പരാതിപ്പെടാനായിരുന്നു നിര്‍ദേശം. പരിഹാരമുണ്ടായില്ല. 2013 നവംബര്‍ നാലിന് മലപ്പുറം എംഎസ്പി മൈതാനത്തെ രണ്ടാം ഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് ഏറെ കഷ്ടപ്പെട്ടാണ് ആലിയെത്തിയത്. പെന്‍ഷനും വീട്ടിലേക്കുള്ള വഴിയുംതേടി എടവണ്ണ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയാണ് ആലി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ഒരു ഫയലും എത്തിയിട്ടില്ലെന്നും പെന്‍ഷന്‍ സാമൂഹ്യക്ഷേമ വകുപ്പാണ് തരേണ്ടതെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി. ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇനി എവിടെ പോകണമെന്ന് ആലി വേദനയോടെ ചോദിക്കുന്നു.
(പി രാമകൃഷ്ണന്‍)
No comments:
Post a Comment