Friday, January 17, 2014

എഎപി നേതാവിന്റെ ജാതി പ്രചാരണം വിവാദമാകുന്നു

 ആം ആദ്്മി പാര്‍ടിനേതാവ് കുമാര്‍ വിശ്വാസിന്റെ ജാതിപറഞ്ഞുള്ള പ്രചാരണം വിവാദമാകുന്നു. അമേഠി മണ്ഡലത്തില്‍ നടത്തിയ പൊതുയോഗങ്ങളിലെല്ലാം താന്‍ ബ്രാഹ്മണനാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞതാണ് വിവാദമാകുന്നത്. ബ്രാഹ്മണര്‍ വന്‍ സാമ്രാജ്യങ്ങളെ താഴെയിറക്കിയ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ട്. മഗധയില്‍ ഭരണം നടത്തിയ നന്ദ സാമ്രാജ്യത്തെ താഴെയിറക്കിയത് ബ്രാഹ്മണനും പണ്ഡിറ്റുമായ ചാണക്യനാണ്. താനും ബ്രാഹ്മണനാണ്. വന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് വഴിയൊരുക്കിയ ചാണക്യന്റെ പിന്തുടര്‍ച്ചക്കാരനാണ് താന്‍- എന്നിങ്ങനെയാണ് കുമാറിന്റെ പ്രചരണം.

കെജ്രിവാള്‍ ഏകാധിപതിയെന്ന് ആം ആദ്മി നേതാവ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിച്ചില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് ആം ആദ്മി എംഎല്‍എ വിനോദ്കുമാര്‍ ബിന്നി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ബിന്നി ആരോപിച്ചു. ബിന്നി ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അച്ചടക്കനടപടി സ്വീകരിക്കുമെന്നും എഎപി വക്താവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഡല്‍ഹിയില്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം എഎപിക്കുള്ളില്‍ ചേരിപ്പോര് മുറുകുകയാണ്. വെള്ളത്തിന്റെയും വൈദ്യുതിയുടെയും കാര്യത്തിലടക്കം വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍നിന്ന് എഎപി സര്‍ക്കാര്‍ പിന്നോക്കം പോയെന്ന് ബിന്നി പറഞ്ഞു. എല്ലാവര്‍ക്കും 700 ലിറ്റര്‍ കുടിവെള്ളം പ്രതിമാസം സൗജന്യമായി നല്‍കുമെന്നായിരുന്നു പ്രകടനപത്രികയില്‍ പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ 700 ലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍ മുഴുവന്‍ പണവും കൊടുക്കണമെന്ന തരത്തില്‍ തീരുമാനം മാറ്റി. വൈദ്യുതിയും 400 യൂണിറ്റുവരെ മാത്രമാണ് സൗജന്യം. അതില്‍ കൂടുതല്‍ ഒരു യൂണിറ്റെങ്കിലും വന്നാല്‍ നിരക്ക് പൂര്‍ണമായി നല്‍കണം. ഒരു പാര്‍ടിയുടെയും പിന്തുണ സ്വീകരിക്കില്ലെന്നു പറഞ്ഞാണ് വോട്ടര്‍മാരെ സമീപിച്ചത്. എന്നാല്‍, ഫലം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ചു.

കെജ്രിവാള്‍ ഏകാധിപതിയാണ്. എന്തെങ്കിലും എതിര്‍ത്തുപറഞ്ഞാല്‍ ഉടന്‍ ശബ്ദമുയര്‍ത്തും. കെജ്രിവാളും ഒപ്പമുള്ള രണ്ടോ മൂന്നോ പേരും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ചര്‍ച്ചയെല്ലാം അടച്ചിട്ട മുറിയിലാണ്. കോണ്‍ഗ്രസുമായി ധാരണയിലെത്തിയശേഷമാണ് അവരുടെ പിന്തുണ സ്വീകരിച്ചിട്ടുള്ളത്. ലളിതജീവിതം ഉറപ്പുനല്‍കി അധികാരത്തില്‍ വന്നവര്‍ ആഡംബരങ്ങള്‍ക്കു പിന്നാലെയാണ്. മുന്തിയ കാറുകളും ഫാന്‍സി നമ്പറുകളുമൊക്കെ പലരും സ്വന്തമാക്കി കഴിഞ്ഞു- ബിന്നി ആരോപിച്ചു.

ബിന്നിക്കെതിരായ അച്ചടക്കനടപടിയുടെ കാര്യത്തില്‍ എഎപി രാഷ്ട്രീയകാര്യ സമിതി തീരുമാനമെടുക്കുമെന്ന് യോഗേന്ദ്രയാദവ് അറിയിച്ചു. പാര്‍ടി യോഗങ്ങളില്‍ പറയാത്ത കാര്യങ്ങളാണ് ബിന്നി പുറത്ത് ആരോപിക്കുന്നത്. ബിന്നിയുടെ നീക്കങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ബിജെപിയുടെ ശബ്ദത്തിലാണ് ബിന്നിയുടെ സംസാരം- അദ്ദേഹം പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment