Tuesday, January 21, 2014

ആത്മഹത്യയോ കൊലപാതകമോ

സുനന്ദ പുഷ്കര്‍ മദ്യപിച്ചിരുന്നില്ലെന്നും വിഷാദരോഗത്തിനുള്ള ഗുളികകള്‍ അമിതമായി ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുനന്ദയുടെ ശരീരത്തിലെ പന്ത്രണ്ടിലേറെ മുറിപ്പാടുകള്‍ പിടിവലിയെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യയോ കൊലപാതകോ ആകാമെന്ന് റിപ്പോര്‍ട്ടിലുണ്ട്. പകല്‍ ഒന്നിനും നാലിനുമിടയിലാണ് മരണം സംഭവിച്ചിട്ടുള്ളത്. മരണം കൊലപാതകമാകാമെന്ന സൂചനകളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്നത്. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച വ്യക്തതയുണ്ടാകും.

വിഷാദരോഗത്തിനുള്ള മരുന്ന് അമിതമായി ഉള്ളിലെത്തിയതോടെ മാരകവിഷമായി മാറുകയായിരുന്നു. ആദ്യം അബോധാവസ്ഥയിലേക്ക് പോയി. പിന്നീട് കോമ ഘട്ടത്തിലെത്തി. തുടര്‍ന്ന് മരണവും സംഭവിച്ചു. സമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ചില മുറിവുകള്‍ അടിച്ചതിനെ തുടര്‍ന്നാണ്. പിടിവലിക്ക് ശേഷമാണ് ഗുളികകള്‍ ഉള്ളില്‍ ചെന്നിരിക്കുന്നത്. സുനന്ദയുടെ ശരീരത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല- റിപ്പോര്‍ട്ട് പറയുന്നു.

സബ് സിഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ കണ്ടെത്തലുകളും ശശി തരൂരിന് എതിരാണ്. കിടപ്പുമുറി ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് തരൂരിന്റെ ആദ്യമൊഴി. എന്നാല്‍ മുറി ഉള്ളില്‍നിന്ന് പൂട്ടിയിട്ടില്ലെന്നാണ് എസ്ഡിഎം അലോക്ശര്‍മ്മയുടെ കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പരിശോധിച്ചശേഷം എസ്ഡിഎം അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കും. പോസ്റ്റ്മോര്‍ട്ടം നടത്തിയ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പൊലീസിന്റെ സാന്നിധ്യത്തിലാണ് റിപ്പോര്‍ട്ട് മജിസ്ട്രേറ്റിന് കൈമാറിയത്.

മദ്യവും വിഷാദരോഗത്തിനുള്ള മരുന്നും കൂടിയ അളവില്‍ ഉള്ളില്‍ ചെന്നതായി ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. മരണം സ്വഭാവികമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് കേസന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് തുടക്കമിട്ടിരുന്നു. അസ്വഭാവികത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. സുനന്ദയ്ക്ക് പല മാരകരോഗങ്ങളും ഉണ്ടായിരുന്നുവെന്നും മരണത്തിന് മുമ്പുള്ള രണ്ടുദിവസം ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. തീര്‍ത്തും അവശനിലയിലായിരുന്നു. വിഷാദരോഗത്തിനുള്ള മരുന്ന് കൂടിയ അളവില്‍ കഴിക്കുക വഴി ഹൃദയസ്തംഭനം സംഭവിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഈ വാദങ്ങളെയെല്ലാം പൊളിക്കുകയാണ്. എസ്ഡിഎം അലോക് ശര്‍മ്മ കഴിഞ്ഞ ദിവസം തരൂരിന്റെ മൊഴിയെടുത്തിരുന്നു. തരൂരിനെ വീണ്ടും ചോദ്യംചെയ്യുമെന്നും സൂചനകളുണ്ട്. സുനന്ദയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിന് തരൂര്‍ തിങ്കളാഴ്ച ഹരിദ്വാറിലേക്ക് പോയി. വില്‍പ്പത്രം തയ്യാറാക്കാന്‍ സുനന്ദ പലവട്ടം ആവശ്യപ്പെട്ടിരുന്നുവെന്ന് ദുബായിലുള്ള സുഹൃത്തും അഭിഭാഷകനുമായ രോഹിത് കൊച്ചാര്‍ പറഞ്ഞു.

എം പ്രശാന്ത്

സുനന്ദയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ല

സുനന്ദ പുഷ്കറിന്റെ മൃതദേഹത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ സംഘം വെളിപ്പെടുത്തി. മരുന്നുകളുടെ അമിത ഉപയോഗത്തിന്റെ ചില തെളിവുകള്‍ കിട്ടി. വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നിന്റെ സാന്നിധ്യം ശരീരത്തിലുണ്ട്. ഹോട്ടല്‍ മുറിയില്‍നിന്ന് മരുന്നുകള്‍ കണ്ടെത്തി. മദ്യവും വേദനസംഹാരിയും ഒന്നിച്ച് കഴിക്കുന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്ന് നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, മരുന്ന് കഴിച്ചിരുന്നെങ്കിലും സുനന്ദ മദ്യം ഉപയോഗിച്ചിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. സുനന്ദ അമിതമായി മദ്യം ഉപയോഗിച്ചിരുന്നുവെന്ന ചില മാധ്യമങ്ങളുടെ പ്രചാരണത്തിനും ഇതോടെ മുനയൊടിഞ്ഞു. രക്തസ്രാവങ്ങളുടെയും ആന്തരികാവയങ്ങളുടെയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. അന്തിമറിപ്പോര്‍ട്ട് തിങ്കളാഴ്ച സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിന് സമര്‍പ്പിക്കും.

deshabhimani

No comments:

Post a Comment