Tuesday, September 25, 2012

ചിറ്റൂരില്‍ പൊലീസ് ഭീകരത തുടരുന്നു


ചിറ്റൂര്‍ മേനോന്‍പാറയില്‍ പൊലീസ് ഭീകരത തുടരുന്നു. ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ച് കയറുകയും പ്രാര്‍ഥിക്കാനെത്തിയ വിശ്വാസികളെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്നത് സംസ്ഥാനത്ത് സമാനതയില്ലാത്ത പൊലീസ് നടപടിയാണ്. ഞായറാഴ്ച വൈകിട്ട് ഒരു പ്രകോപനവുമില്ലാതെയാണ് മേനോന്‍പാറ ഹോളിക്രോസ് പള്ളിയിലേക്ക് പൊലീസ് അതിക്രമിച്ച് കയറി വിശ്വാസികളെ ക്രൂരമായി മര്‍ദിച്ചത്. ""ഈ സമയത്ത് പള്ളിയിലെന്താടാ കാര്യം"" എന്ന് ചോദിച്ചായിരുന്നു ദേവാലയത്തിനകത്ത് കയറിയുള്ള പൊലീസ് ആക്രമണം. പുരോഹിതന്‍മാരോട് അനുവാദം ചോദിക്കാതെയാണ് പൊലീസ് പള്ളിയുടെ അടച്ചിട്ട ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചത്. മേനോന്‍പാറ ടൗണില്‍ ഭീകരത സൃഷ്ടിച്ച ശേഷമാണ് ചിറ്റൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിലേക്ക് കടന്നത്.

ഞായറാഴ്ച രാവിലെ ആര്‍എസ്എസ് ആക്രമണത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. മേനോന്‍പാറ സ്വദേശികളായ വിഘ്നേഷ് (18), ദേവദാസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഴിക്കോടന്‍ ദിനത്തില്‍ മേനോന്‍പാറയില്‍ സിപിഐ എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിഘ്നേഷിനെയും ദേവദാസിനെയും 30 ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്നെത്തിയ പൊലീസുകാര്‍ ആര്‍എസ്എസുകാരെ അറസ്റ്റുചെയ്യാന്‍ ശ്രമിക്കാതെ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ തിരിയുകയായിരുന്നു. സിപിഐ എം വടകരപ്പതി ലോക്കല്‍ സെക്രട്ടറി വി സുദേവനെ പൊലീസുകാര്‍ കൈയേറ്റം ചെയ്യുകയും അകാരണമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിവീശുകയും ചെയ്തു.

ചിതറിയോടിയ സിപിഐ എം പ്രവര്‍ത്തകരെ തിരയുന്നുവെന്ന പേരിലാണ് പള്ളിയിലേക്ക് പൊലീസ് അതിക്രമിച്ചു കയറിയത്. അതിനിടെ, റോഡിനിരുവശവും നിര്‍ത്തിയിട്ടിരുന്ന സിപിഐ എം പ്രവര്‍ത്തകരുടെ ബൈക്കുകള്‍ പൊലീസ് തല്ലിത്തകര്‍ത്തു. പൊലീസ് ഭീകരത സൃഷ്ടിച്ചതോടെ പള്ളിയില്‍ കൂട്ടമണിയടിച്ചു. ഇതോടെ, വിശ്വാസികള്‍ പള്ളിപ്പരിസരത്ത് തടിച്ചുകൂടി. പിന്നീടാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. പ്രതിഷേധത്തിന് ഒരുങ്ങുകയായിരുന്ന ക്രൈസ്തവ വിശ്വാസികളെ കോഴിപ്പാറ ചന്തപേട്ടയില്‍ വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചു. വഴിപോക്കര്‍ക്കും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സിപിഐ എം അറിയിച്ചു.

സമഗ്ര അന്വേഷണം വേണം: സിപിഐ എം

പാലക്കാട്: ചിറ്റൂര്‍ മേനോന്‍പാറയില്‍ ഹോളിക്രോസ് പള്ളിയില്‍ പൊലീസ് അതിക്രമിച്ച് കയറുകയും വിശ്വാസികളെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മേനോന്‍പാറയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം സംരക്ഷിക്കേണ്ട പൊലീസ് അത് തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് പള്ളിയില്‍ കയറി പൊലീസ് ആക്രമണം നടത്തിയത്. തമിഴ്നാട്-കേരള അതിര്‍ത്തി പ്രദേശമായ വടകരപ്പതിയില്‍ കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിനെയും ആര്‍എസ്എസിനെയും സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. പൊലീസ് ഭീകരതയ്ക്കെതിരെ ക്രൈസ്തവ വിശ്വാസികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് സിപിഐ എം എല്ലാവിധ പിന്തുണയും നല്‍കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

കര്‍ശന നടപടി സ്വീകരിക്കണം: പി കെ ബിജു എംപി

ചിറ്റൂര്‍: വടകരപ്പതി ഹോളിക്രോസ് ക്രൈസ്തവ പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെ പൊലീസ് തല്ലിച്ചതച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനവുമാണെന്ന് പി കെ ബിജു എംപി പ്രസ്താവനയില്‍ പറഞ്ഞു. നരനായാട്ടിന് നേതൃത്വം നല്‍കിയ ചിറ്റൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണം. കേരള -തമിഴ്നാട് അതിര്‍ത്തിയായ മേനോന്‍പാറയിലെ സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ക്കെതിരായി ജനകീയ പ്രതിഷേധം ശക്തിപ്പെട്ടതാണ് അവരുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന പൊലീസുദ്യോഗസ്ഥരെ ഈ അതിക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിരമായി നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭന്ത്യരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് എംപി ഫാക്സ് സന്ദേശം അയച്ചു.

deshabhimani 250912

No comments:

Post a Comment