Tuesday, January 21, 2014

കേസ് അട്ടിമറിക്കുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജിന്റെ നേതൃത്വത്തില്‍ നടന്ന കടകംപള്ളി- കളമശേരി ഭൂമികുംഭകോണത്തെപ്പറ്റിയുള്ള അന്വേഷണം അട്ടിമറിക്കുന്നത് സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ചു നടന്ന ഭൂമിതട്ടിപ്പിന്റെയും ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍നിന്ന് തുടര്‍ച്ചയായുണ്ടായ പരമാര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിച്ചതോടെ മുഖ്യമന്ത്രി പ്രകോപിതനായി.

ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. തട്ടിപ്പിനെ ന്യായീകരിക്കാനും ശ്രമിച്ചു. കളമശേരിയിലെ പ്രശ്നം രണ്ടുകുടുംബങ്ങള്‍ തമ്മിലുള്ള പകപോക്കല്‍ മാത്രമാണ്. കടകംപള്ളിയിലെ 44.5 എക്കര്‍ ചിലര്‍ തട്ടിയെടുക്കാന്‍ നീക്കംനടത്തുന്നുവെന്നത് ആരോപണം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പ്രതിപക്ഷബഹളത്തിനും ശക്തമായ പ്രതിഷേധത്തിനും ഇടയാക്കി. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പ്രസംഗങ്ങള്‍ പരിശോധിച്ച് അവഹേളനാപരമായ പരാമര്‍ശങ്ങള്‍ രേഖകളില്‍നിന്നും നീക്കം ചെയ്യുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് സലീംരാജ് തട്ടിപ്പുനടത്തിയതെന്നും ഇക്കാര്യം സഭയില്‍ പറയുമ്പോള്‍ ഉമ്മന്‍ചാണ്ടി പ്രകോപിതനായി ഉറഞ്ഞുതുള്ളുകയാണെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷം സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്നിറങ്ങിപ്പോയി. മുഖ്യമന്ത്രിയും സലീംരാജുമായുള്ള അവിശുദ്ധബന്ധമാണ് ഭൂമികുംഭകോണത്തിനുപിന്നിലെന്ന് കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങളുണ്ടായി. ഇതിനൊന്നും മറുപടി പറയാതെ സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമിതട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരിലല്ല റവന്യൂസെക്രട്ടറി അവധിയില്‍പോയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭൂമി കുംഭകോണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച സലീംരാജിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെണെന്ന് ഇറങ്ങിപ്പോക്കിനുമുമ്പ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വന്തക്കാരനായതുകൊണ്ടാണ് സലീംരാജിനെ ഡിജിപി ഭയക്കുന്നത്. സലീംരാജിന്റെ ഫോണ്‍രേഖകള്‍ പുറത്തുവരുന്നതിനെ സര്‍ക്കാര്‍ ഭയപ്പെടുകയാണ്. നിയമസഭയിലെങ്കിലും മുഖ്യമന്ത്രി സത്യാവസ്ഥ തുറന്നുപറയണമെന്നും വി എസ് പറഞ്ഞു. സി ദിവാകരന്‍, മാത്യൂ ടി തോമസ്, എ എ അസീസ്, തോമസ് ചാണ്ടി എന്നിവരും സംസാരിച്ചു.

deshabhimani

No comments:

Post a Comment