Sunday, January 19, 2014

ആണ്ടലാട്ടിന് ആദരാഞ്ജലി

കമ്യൂണിസ്റ്റ്-നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും ജനങ്ങളിലെത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച പ്രശസ്ത ഗ്രന്ഥകാരന്‍ ആണ്ടലാട്ട് എന്ന ഷണ്‍മുഖന്‍ ആണ്ടലാട്ട് (78) അന്തരിച്ചു. ശനിയാഴ്ച പകല്‍ 10.30ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗത്തെത്തുടര്‍ന്ന് 13നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്ന വഴികളും കമ്യൂണിസ്റ്റ് നേതാക്കളുടെ ചരിത്രവും സാമൂഹ്യനവോത്ഥാനപ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെയും ആദ്യകാലവും പുതുതലമുറയ്ക്കുമുന്നില്‍ അദ്ദേഹം വസ്തുനിഷ്ഠമായി അവതരിപ്പിച്ചു. എറണാകുളം കാലടി മഞ്ഞപ്ര തവളപ്പാറ മൂഞ്ഞേലി കണ്ടമംഗലത്ത് കുടുംബാംഗം ഫിലോമിന (റിട്ട. അധ്യാപിക)യാണ് ഭാര്യ. മകന്‍: ഷഫിന്‍ (ഗള്‍ഫ്), മരുമകള്‍: ശരണ്യ. എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയില്‍ ജനിച്ച ആണ്ടലാട്ട് തിരുവനന്തപുരത്തായിരുന്നു താമസം. ആദ്യകാല പ്രവര്‍ത്തനകേന്ദ്രം കാലടിയായിരുന്നു. സിപിഐ എം കാലടി ഏരിയ കമ്മിറ്റി ഓഫീസായ ഇം എം എസ് മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം രാത്രിയോടെ തിരുവനന്തപുരം വിളപ്പില്‍ശാലയിലെ വസതിയായ "ആണ്ടലാട്ടി"ലെത്തിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററില്‍ പൊതുദര്‍ശനത്തിനുശേഷം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷമാണ് ആണ്ടലാട്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലും തൊഴിലാളിപ്രസ്ഥാനത്തിലും സജീവമായത്.

കാലടിയില്‍ വിവിധ ട്രേഡ്യൂണിയനുകള്‍ കെട്ടിപ്പടുക്കുന്നതിന് നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. 1978 മുതല്‍ ചിന്ത പബ്ലിഷേഴ്സിന്റെ എഡിറ്റോറിയല്‍വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 1992 മുതല്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രം ലൈബ്രറിയുടെ ചുമതല വഹിച്ചു. 1957 മുതല്‍ ആണ്ടലാട്ട് എന്ന പേരില്‍ എഴുതുന്നു. 1957 ഏപ്രില്‍ അഞ്ചിന്റെ പൊരുള്‍, മറയിടാതെ നിറമിടാതെ, മതവും സദാചാരബോധവും, കെ പി ജി ജീവിതവും പ്രവര്‍ത്തനവും, കാവ്യവും ദര്‍ശനവും, കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന്റെ പിറവി, രേഖയില്ലാത്ത ചരിത്രം, ജീവിതദര്‍ശനം സൗന്ദര്യബോധം, പുരോഗമന സാഹിത്യവും കമ്യൂണിസ്റ്റുകാരും, പി കൃഷ്ണപിള്ള- എ കെ ജി- കെ ദാമോദരന്‍ (മഹത്ച്ചരിതമാല 27), സഖാക്കളെ മുന്നോട്ട് (രണ്ട് ഭാഗം), വേഗം പോരാ, രണഭൂമിയില്‍നിന്ന്, സഖാവ്, സഖാവിന്റെ കത്തുകള്‍, അടിമത്തത്തിനെതിരെ, പ്രൊഫ. എം എസ് ദേവദാസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സ്വാതന്ത്ര്യസമരഗീതങ്ങള്‍, നവയുഗ പിറവി (എഡിറ്റ് ചെയ്തത്) എന്നിവയാണ് പ്രധാന കൃതികള്‍.

ആണ്ടലാട്ട്: ചരിത്രത്തെ വിപ്ലവായുധമാക്കിയ കമ്യൂണിസ്റ്റ്- പിണറായി

തിരു: നാടിന്റെ പുരോഗമനമൂല്യങ്ങള്‍ സംരക്ഷിക്കാനും പുതുതലമുറയ്ക്ക് ദിശാബോധം നല്‍കാനും ചരിത്രത്തെ വിപ്ലവകരമായി ഉപയോഗിച്ച ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു ആണ്ടലാട്ട് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്ന വഴികളും നേരിട്ട പ്രതിസന്ധികളും കമ്യൂണിസ്റ്റ് നേതാക്കളുടെ ചരിത്രവും സാമൂഹ്യനവോത്ഥാനപ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെയും ആദ്യകാലവും പുതുതലമുറയ്ക്കുമുന്നില്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതിനും അതിനായി രേഖകള്‍ സമ്പാദിച്ച് സൂക്ഷിക്കുന്നതിനും അസാധാരണമായ സാമര്‍ഥ്യവും ക്ഷമാശീലവും ആണ്ടലാട്ടിനുണ്ടായിരുന്നു. ആ സേവനം അദ്ദേഹം ഇടതടവില്ലാതെ കൃത്യതയോടെ നിര്‍വഹിച്ചു. രണ്ടുപതിറ്റാണ്ടിലധികമായി എ കെ ജി പഠനഗവേഷണകേന്ദ്രത്തിലെ ലൈബ്രറിയുടെ ചുമതലയിലായിരുന്ന ആണ്ടലാട്ട് പ്രതിബദ്ധതയുള്ള കമ്യൂണിസ്റ്റായിരുന്നുവെന്ന് പരിചയമുള്ള ആര്‍ക്കും മനസ്സിലാകും. തികഞ്ഞ പാര്‍ടി ബോധവും വിപ്ലവക്കൂറും കൈമുതലാക്കിയ ആണ്ടലാട്ട് ചരിത്രത്തിന്റെ സൂക്ഷ്മാംശങ്ങളെ വശമാക്കാന്‍ അനിതരസാധാരണമായ സേവനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ചരിത്രവുമായി ബന്ധപ്പെട്ട പലവിവരവും ലഭിക്കുന്നതിനുള്ള വിജ്ഞാനകേന്ദ്രമായി അദ്ദേഹം മാറിയിരുന്നു. ആണ്ടലാട്ടിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും പിണറായി അറിയിച്ചു.

പുതുതലമുറയ്ക്ക് ചരിത്രബോധം പകര്‍ന്നു: എസ് ആര്‍ പി

തിരു: ആണ്ടലാട്ടിന്റെ വേര്‍പാടില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള അഗാധമായ അനുശോചനം രേഖപ്പെടുത്തി. നിശബ്ദനായി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെയും ബഹുജനമുന്നേറ്റങ്ങളുടെയും ചരിത്രം ചികഞ്ഞെടുക്കുകയും അത് പുതിയ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുകയുംചെയ്ത ചരിത്രാന്വേഷിയായിരുന്നു ആണ്ടലാട്ട്. അര്‍പ്പണബോധത്തോടെ നാടിന്റെ അറിയപ്പെടാത്ത ചരിത്രം അന്വേഷിച്ചുപോയ അദ്ദേഹം ആവേശകരമായ ഏടുകളാണ് തുറന്നുകാട്ടിയത്. തൊഴിലാളിവര്‍ഗത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പോരാട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും ആവേശകരമായ ചരിത്രമുഹൂര്‍ത്തങ്ങള്‍ ആണ്ടലാട്ട് സമൂഹത്തിനായി പകര്‍ന്നുനല്‍കി. അദ്ദേഹത്തിന്റെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് എസ് ആര്‍ പി പറഞ്ഞു.

deshabhimani


മറ്റു ചില ആണ്ടലാട്ട് ലേഖനങ്ങള്‍

No comments:

Post a Comment