Sunday, January 19, 2014

എസ്ബിടി സ്റ്റാഫ് യൂണിയന്‍ ദേശീയ സമ്മേളനം തുടങ്ങി

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നവ ഉദാര സാമ്പത്തിക നയങ്ങള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ ആഹ്വാനംചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റ്റാഫ് യൂണിയന്‍ (ബിഇഎഫ്ഐ) 20-ാം ദേശീയ സമ്മേളനത്തിന് ഉജ്വല തുടക്കം. വൈദേശിക ആധിപത്യത്തിനെതിരെ നിരവധിയായ പടയോട്ടങ്ങള്‍ക്കും ചെറുത്തുനില്‍പ്പുകള്‍ക്കും വേദിയായ കോട്ടക്കുന്നിന്റെ താഴ്വരയില്‍ (ടൗണ്‍ഹാള്‍ അങ്കണം) നടന്ന പൊതുസമ്മേളനം സി രവീന്ദ്രനാഥ് എംഎല്‍എ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സെക്രട്ടറി വി ശ്രീകുമാര്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍, പി സദാശിവന്‍ പിള്ള, എസ്ബിടി സ്റ്റാഫ് യൂണിയന്‍ പ്രസിഡന്റ് കെ ടി ബാബു എന്നിവര്‍ സംസാരിച്ചു. എസ്ബിടി സ്റ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറി പി വി ജോസ് സ്വാഗതവും പി സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.

 സമ്മേളനത്തിന് തുടക്കംകുറിച്ച് ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് ജീവനക്കാര്‍ അണിനിരന്നു. നഗരം ചുറ്റി ടൗണ്‍ഹാള്‍ അങ്കണത്തെത്തിയ റാലിയെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വര്‍ഗ-ബഹുജന സംഘടനകളും സര്‍വീസ് സംഘടനകളും അഭിവാദ്യംചെയ്തു. ഞായറാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍ കെ എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. എഐബിഒസി സീനിയര്‍ വൈസ് പ്രസിഡന്റ് സി രാജ്കുമാര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് വൈശാഖന്‍ എന്നിവര്‍ സംസാരിക്കും. നാനൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വിദേശ കമ്പനികള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള നീക്കം, റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ പാലിക്കാതെ പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ സമ്മേളനം ചര്‍ച്ചചെയ്യും. തിങ്കളാഴ്ച വൈകിട്ട് നാലിന് ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.

ബെഫി സമ്മേളനം ചിത്രപ്രദര്‍ശനം

മലപ്പുറം: എസ്ബിടി സ്റ്റാഫ് യൂണിയന്‍ (ബെഫി) അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം ടൗണ്‍ഹാളിനുസമീപം ചിത്രപ്രദര്‍ശനം ആരംഭിച്ചു. എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ ഉദ്ഘാടനംചെയ്തു. അഴിമതിയുടെ ആഗോളവല്‍ക്കരണം, വിലക്കയറ്റം, തകരുന്ന പൊതുവിതരണ സമ്പ്രദായം, തകരുന്ന തൊഴില്‍മേഖല തുടങ്ങിയ പ്രശ്നങ്ങളെ ആധാരമാക്കിയ പോസ്റ്ററുകളാണ് ഒരുക്കിയിരിക്കുന്നത്. സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ പി സുബ്രഹ്മണ്യന്‍ സ്വാഗതവും എം വി ഗുപ്തന്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment