ആറ് മാസത്തിനകം സംസ്ഥാനം സാര്‍വത്രികമായി വൈദ്യുതീകരിക്കുമെന്ന മന്ത്രി ആര്യാടന്റെ പ്രഖ്യാപനം തട്ടിപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പ് കണ്ടുള്ള ഈ പ്രഖ്യാപനത്തില്‍ ഒന്നുപോലും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് വൈദ്യുതി മേഖലയില്‍നിന്നുള്ളവര്‍ പറയുന്നു. അപേക്ഷിക്കുന്ന ആര്‍ക്കും ഉടന്‍ കണക്ഷന്‍ നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി എല്‍ഡിഎഫ് ഭരണകാലത്ത് കേരളത്തെ മാറ്റിയതാണ്.
നിയമസഭാ മണ്ഡലങ്ങളില്‍ 85 എണ്ണം സമ്പൂര്‍ണമായി വൈദ്യുതീകരിക്കാനും പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളെ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച ജില്ലകളായി മാറ്റാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെതന്നെ ആദ്യ ജില്ലയെന്ന ബഹുമതിയാണ് പാലക്കാടിനു ലഭിച്ചത്. എന്നാല്‍ ഈ നേട്ടമെല്ലാം ഇല്ലാതാക്കിയ മന്ത്രി ആര്യാടന്‍ കോഴിക്കോട്, മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ മാര്‍ച്ചോടെ സാര്‍വത്രിക വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്നും അപേക്ഷിക്കുന്നവര്‍ക്കെല്ലാം ആറ് മാസത്തിനകം കണക്ഷന്‍ ലഭ്യമാക്കുമെന്നുമാണ് അവകാശപ്പെട്ടിട്ടുള്ളത്.
നിലവില്‍ പാടെ തകര്‍ന്ന വൈദ്യുതിബോര്‍ഡിന് ഇപ്പോഴത്തെ പ്രഖ്യാപനം ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് മുന്‍ വൈദ്യുതിമന്ത്രി എ കെ ബാലന്‍ പറഞ്ഞു. ബോര്‍ഡിനെ ഈ സര്‍ക്കാര്‍ പാപ്പരാക്കി. ഇക്കുറി റെക്കോര്‍ഡ് വെള്ളമാണ് ലഭിച്ചത്. തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുകയും സര്‍ക്കാര്‍ പുറത്ത് വൈദ്യുതി വില്‍ക്കുകയും ചെയ്തു. എന്നിട്ടും ജനങ്ങള്‍ക്ക് നിരക്ക് താങ്ങാനാകാത്ത സ്ഥിതിയാണ്. പവര്‍കട്ടും ലോഡ്ഷെഡിങ്ങും വേണ്ടിവരുന്നു. ഈ അവസ്ഥയില്‍ എങ്ങിനെയാണ് ഇപ്പോഴത്തെ പ്രഖ്യാപനം നടപ്പാക്കാനാവുക എന്നും അദ്ദേഹം ചോദിച്ചു. എല്‍എന്‍ജി ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും നടപ്പാക്കാനാവില്ല.
എല്‍എന്‍ജിയുടെ വിലവര്‍ധനയാണ് പ്രധാന തടസ്സം. നിലവില്‍ ഒരു യൂണിറ്റ് എല്‍എന്‍ജിക്ക് 24 ഡോളര്‍വരെയാണ് വില. ഉല്‍പ്പാദനച്ചെലവ് താപവൈദ്യുതി നിലയത്തിന്റെ ഇരട്ടിവരും. എല്‍എന്‍ജി ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതിയുടെ വിലയില്‍ ചാഞ്ചാട്ടം ഉണ്ടാകുമെന്നതിനാല്‍ പുറത്തുനിന്നുള്ളവര്‍ ഇത് വാങ്ങാനും ഇടയില്ല.
ഷഫീഖ് അമരാവതി deshabhimani
No comments:
Post a Comment