Monday, January 13, 2014

വിദ്യാഭ്യാസ മേഖലയുടെ ഫെഡറല്‍ സ്വഭാവം നഷ്ടപ്പെടും: എസ്എഫ്ഐ

തൃശൂര്‍: വിദ്യാഭ്യാസമേഖലയുടെ കോര്‍പറേറ്റ്വല്‍ക്കരണത്തിന് വഴി തുറക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതിയായ റൂസ(രാഷ്ട്രീയ ഉഛതര്‍ ശിക്ഷന്‍ അഭിയാന്‍)ക്കെതിരെ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ ദേശീയപ്രസിഡന്റ് ഡോ. വി ശിവദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസമേഖലയുടെ ഫെഡറല്‍ സ്വഭാവം തകര്‍ക്കുന്നതാണ് പുതിയ പരിഷ്കാരം. ഇവ നടപ്പാക്കിയാലേ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികസഹായങ്ങള്‍ അനുവദിക്കൂവെന്നാണ് കേന്ദ്രനിലപാട്. സര്‍വകലാശാലകള്‍ക്കു മാത്രമല്ല, സംസ്ഥാനങ്ങളുടെ പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനുമുള്ള അവകാശങ്ങളാണ് ഇതിലൂടെ കവര്‍ന്നെടുക്കുന്നത്. കേരളത്തില്‍ വ്യാപകമായി സ്വയംഭരണ കോളേജുകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് ഈ നയത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വിദ്യാഭ്യാസം പണമുളളവനുമാത്രമാക്കുന്ന നയത്തിന്റെകൂടി ഭാഗമാണിത്. യുജിസി വഴി സര്‍വകലാശാലകള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍വരെ ഇല്ലാതാവും. സംസ്ഥാനങ്ങളുടെ അഭിപ്രായംപോലും തേടാതെ ഏകപക്ഷീയമായി ഇത്തരം പരിഷ്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്.

റൂസയുടെ നടത്തിപ്പിന് നിയോഗിച്ച പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡില്‍ പത്ത് അംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ത്രിപുര സര്‍ക്കാര്‍ മാത്രമാണ് റൂസക്കെതിര പ്രതിഷേധം ഉയര്‍ത്തിയത്. കേരളം ഇതിനെ എതിര്‍ക്കാത്തത് പ്രതിഷേധാര്‍ഹമാണ്. റൂസ രേഖപ്രകാരം സര്‍വകലാശാലകളിലും ഇതരസ്ഥാപനങ്ങളിലും പിഎസ്സിവഴിയോ സര്‍ക്കാര്‍ ഏജന്‍സികളിലൂടെയോയുള്ള സ്ഥിരംനിയമനം വേണമെന്ന് പറയുന്നില്ല. ഇപ്പോള്‍ പല സര്‍വകലാശാലകളും അധ്യാപകേതര ജീവനക്കാരെ നിയമിക്കുന്നത് ഏജന്‍സികള്‍ മുഖേനയാണ്. ഭാവിയില്‍ അധ്യാപകനിയമനത്തിനും ഈ രീതി പിന്തുടരും. അധ്യാപകന് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നതിനുപകരം ഏജന്‍സികള്‍ക്കാകും പണം നല്‍കുക. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സര്‍ക്കാരിന്റെ ഭൂമിയും സ്വത്തുമുപയോഗിച്ച് സ്വകാര്യ സര്‍വകലാശാലകള്‍ കെട്ടിപ്പൊക്കുന്നതിനും റൂസ അനുമതി നല്‍കുന്നു. വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ കോര്‍പറേറ്റുകള്‍ക്ക് മൂലധനം തികയാതെവന്നാല്‍ സര്‍ക്കാര്‍ സഹായം നല്‍കും. ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെ ആസ്തിയിലോ നടത്തിപ്പിലോ പിന്നീട് സര്‍ക്കാരിന് ഒരു അവകാശവുമുണ്ടാകില്ലെന്നും റൂസ രേഖകളില്‍ പറയുന്നു.

deshabhimani

No comments:

Post a Comment