Monday, January 13, 2014

സ്വകാര്യകമ്പനികളുടെ പാല്‍ വാങ്ങാന്‍ മില്‍മ വീണ്ടും നീക്കം

വേനല്‍ക്കാലത്തെ പാല്‍ക്ഷാമം നേരിടാന്‍ അമിതവില നല്‍കി സഹകരണസ്ഥാപനമായ മില്‍മ അന്യസംസ്ഥാന സ്വകാര്യകമ്പനികളില്‍നിന്ന് പാല്‍ സംഭരിക്കുന്നു. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്കു ന്യായവില നല്‍കാന്‍ പിശുക്ക് കാട്ടുമ്പോഴാണ് വന്‍വില നല്‍കി സ്വകാര്യ സംരംഭകരില്‍നിന്ന് മില്‍മയുടെ പാല്‍ ശേഖരണം. സഹകരണമേഖലയില്‍നിന്നു മാത്രമേ പാലും പാല്‍പ്പൊടിയും വാങ്ങാവൂ എന്ന മില്‍മയുടെ നയത്തിന് വിരുദ്ധമാണ് ഈ നീക്കം. സ്വകാര്യകമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അവസരമൊരുക്കുന്ന ഇടപാട് പാല്‍വില വര്‍ധനയ്ക്കും ഇടയാക്കും. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് മറ്റൊരു ആഘാതമാകും ഇത്.

ആഭ്യന്തരസംഭരണത്തിന് പുറമെ മില്‍മ ഇപ്പോള്‍ തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലെ സഹകരണസ്ഥാപനങ്ങളില്‍നിന്നാണ് പാല്‍ സംഭരിക്കുന്നത്. ഇവയെ ഒഴിവാക്കി തമിഴ്നാട്ടിലെ സ്വകാര്യകമ്പനികളില്‍നിന്ന് പ്രതിദിനം ഒന്നരലക്ഷം ലിറ്റര്‍ പാല്‍ ശേഖരിക്കുന്നതിനു മില്‍മ ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ ഏഴിന് കേരള മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ ടെന്‍ഡര്‍ ക്ഷണിച്ചതനുസരിച്ച് ഒമ്പതു കമ്പനികള്‍ പാല്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചു. മല്‍സരാധിഷ്ടിത ടെന്‍ഡറില്‍ എറ്റവും കുറഞ്ഞ വിലയായി ലിറ്ററിന് 29.90പൈസയാണ് രേഖപ്പെടുത്തിയത്. ആശ്വാസ്യമല്ലാത്ത കച്ചവടക്കരാര്‍ ലംഘനത്തിന്റെ പേരില്‍ നേരത്തെ മില്‍മ ഒഴിവാക്കിയ മൂന്നുകമ്പനികളും ഇപ്പോഴത്തെ പട്ടികയില്‍ കടന്നുകൂടി. കേരളത്തിലെ ക്ഷീരകര്‍ഷകരില്‍നിന്ന് ലിറ്ററിന് 26.97പൈസയും തമിഴ്നാട് കോ-ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന് (ആവിന്‍) 25.80 രൂപയും കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് }(നന്ദിനി) 26.97രൂപയും നല്‍കിയാണ് പാല്‍ മില്‍മ വാങ്ങുന്നത്.

3.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര പദാര്‍ഥവുമടങ്ങിയ (എസ്എന്‍എഫ്) പാല്‍ ആണ് മില്‍മ വാങ്ങിക്കൊണ്ടിരിക്കുന്നത്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് പാല്‍ വാങ്ങുമ്പോള്‍ത്തന്നെ ഗുണമേന്മ പരിശോധിച്ച് മില്‍മയുടെ ടാങ്കറില്‍ കേരളത്തില്‍ എത്തിക്കുന്നതാണ് രീതി. ഇതിനു വ്യത്യസ്തമായി സ്വകാര്യകമ്പനിക്കാര്‍ പാല്‍ അവരുടെ ടാങ്കറിലാണ് എത്തിക്കുന്നത്. ഗുണനിലവാരനിര്‍ണയം പോലും ഇല്ലാതെ പാല്‍ എടുക്കാന്‍ മില്‍മ നിര്‍ബന്ധിതമാകുമെന്ന് ആശങ്ക ഉയര്‍ന്നു. 2011ല്‍ പാല്‍ ക്ഷാമം നേരിട്ടപ്പോള്‍ സ്വകാര്യകമ്പനിക്കാരില്‍നിന്ന് പാല്‍ വാങ്ങാന്‍ തുടങ്ങിയെങ്കിലും പിന്നീട് മില്‍മനയത്തിന് വിരുദ്ധമായതിനാല്‍ അതു നിര്‍ത്തിവച്ചു. 2012ലും ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും വ്യാപക എതിര്‍പ്പിനെതുടര്‍ന്ന് ആ നീക്കവും ഉപേക്ഷിച്ചു. അതിനു പിന്നാലെയാണ് പുതിയ നീക്കം.

deshabhimani

No comments:

Post a Comment