Sunday, January 19, 2014

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളപ്പരാതി സ്വയം മുറിവേല്‍പ്പിച്ച് ആശുപത്രിയിലായ ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

ചേലക്കര: ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് ആരോപിച്ച് ആശുപത്രിയില്‍ കിടന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ ചേലക്കര എസ്ഐ എം മഹേന്ദ്രസിംഹന്‍ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഗൂഢാലോചന നടത്തുകയും സിപിഐ എംþഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വീട് കയറി ആക്രമിക്കുകയും ചെയ്ത വടക്കാഞ്ചേരി മുന്‍സിഫ് കോടതിയിലെ ഗുമസ്തനും ആര്‍എസ്എസ് കാര്യവാഹകുമുള്‍പ്പെടുന്ന അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് പറഞ്ഞ് ചേലക്കര ഗവ.ആശുപത്രിയില്‍ പ്രവേശനം നേടിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പുലാക്കോട് പറക്കുന്നത്ത് രാജേഷ്(23), ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പ്രാദേശിക നേതാവ് ചേലക്കോട് മാങ്ങോട്ടില്‍ സതീഷ്(30) എന്നിവരാണ് അറസ്റ്റിലായത്.

ചേലക്കര പങ്ങാരപ്പിള്ളി കുട്ടാടന്‍ മേഖലയിലാണ് ആര്‍എസ്എസിന്റെ കപടമുഖം വെളിവാക്കുന്ന സംഭവം. കലാപം സൃഷ്ടിച്ച് മുതലെടുക്കാന്‍ വടക്കാഞ്ചേരി മുന്‍സിഫ് കോടതിയിലെ ഗുമസ്ഥന്‍ വിനേഷിന്റെയും ആര്‍എസ്എസ് എളനാട് കാര്യവാഹക് ഷാജിയുടെയും നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയത്. രാജേഷിന്റെ പുറത്ത് വെള്ളിയാഴ്ച രാത്രി മാരകായുധമുപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഡി വൈഎഫ്ഐ പ്രവര്‍ത്തകരായ പങ്ങാരപ്പിള്ളി കുട്ടാടന്‍ പൂരക്കപ്പറമ്പില്‍ നിഷാഭ്്,നിഷാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ സ്വയം മുറിവേല്‍പ്പിച്ചതാണെന്ന് കണ്ടെത്തിയത്. കള്ളമൊഴി നല്‍കി ആശുപത്രിയില്‍ കഴിയുകയായിരുന്ന രാജേഷിനെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് അറസ്റ്റ് ചെയ്തു. നിരപരാധികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വിട്ടയച്ചു.

കഴിഞ്ഞ ദിവസം പങ്ങാരപ്പിള്ളി കുട്ടാടന്‍ പ്രദേശത്ത് തൈപ്പൂയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഡിവൈഎഫ്ഐþസിപിഐ എം പ്രവര്‍ത്തകരെ അകാരണമായി ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയാണ് വാഹനങ്ങളിലെത്തിയ ആര്‍എസ്എസുകാര്‍ ഡിവൈഎഫ്ഐ കുട്ടാടന്‍ യൂണിറ്റംഗം തോട്ടത്തില്‍ അബു താഹിര്‍, നിഷാഭ്, നിഷാദ് എന്നിവരുടെ വീടുകള്‍ ആക്രമിച്ചത്. സംഭവത്തില്‍ അബുതാഹിറിനും(22) ഉപ്പ അബ്ദുള്‍ റഹ്മാന്‍(45),ഉമ്മ സല്‍മ(40)എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഈ കേസില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പരാതിക്കാരായ ഡിവൈഎഫ്ഐക്കാരെ കുടുക്കാന്‍ സ്വയം മുറിവേല്‍പ്പിച്ച് കള്ളക്കഥയുണ്ടാക്കിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടാക്രമിച്ച കേസിലെ മുഖ്യപ്രതികളാണ് അറസ്റ്റിലായ രണ്ടുപേരും.

deshabhimani

No comments:

Post a Comment