Thursday, January 9, 2014

ബഹുജനസമരം അനിവാര്യമായ ആവശ്യം

നിത്യോപയോഗ വസ്തുക്കളുടെ അടിക്കടിയുള്ള അസാധാരണമായ വിലക്കയറ്റംമൂലം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും ഇടത്തരക്കാരും നരകയാതന അനുഭവിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. വിലക്കയറ്റത്തിന് പരിഹാരമെന്നല്ല, താല്‍ക്കാലികമായ ആശ്വാസ നടപടികള്‍പോലും കൈക്കൊള്ളാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറല്ല. ഭക്ഷണപദാര്‍ഥങ്ങള്‍ വേവിച്ച് ഭക്ഷിക്കാനുള്ള പാചകവാതകംപോലും ലഭ്യമല്ലാതായാല്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കും. പാചകവാതകത്തിന് സിലിണ്ടര്‍ ഒന്നിന് ഇരുനൂറും മുന്നൂറും അഞ്ഞൂറും രൂപ ഒറ്റ ദിവസംകൊണ്ട് വര്‍ധിപ്പിച്ചാല്‍ ജനങ്ങളുടെമുന്നില്‍ മറ്റെന്താണ് പോംവഴി.

കണ്ണില്‍ ചോരയില്ലാത്ത മട്ടിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഒന്നും ചെയ്യാനില്ലെന്ന മട്ടിലാണ് യുപിഎ സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും പെരുമാറുന്നത്. ജനങ്ങളെ കൊള്ളയടിച്ച് മുടിക്കാന്‍ എണ്ണക്കമ്പനികളെ കയറൂരി വിട്ടു. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും അടിക്കടി തോന്നിയതുപോലെ വില വര്‍ധിപ്പിക്കുകയാണ്. പൊതുവിതരണ സമ്പ്രദായമാണെങ്കില്‍ പാടെ തകര്‍ത്തു. എല്ലാ സൗജന്യങ്ങളും നിര്‍ത്തലാക്കി ജനങ്ങളെ വിപണി സമ്പദ്വ്യവസ്ഥയ്ക്ക് കീഴ്പ്പെടുത്തി നരകയാതനയിലേക്ക് തള്ളിവിടുകയെന്ന ആഗോളവല്‍ക്കരണ നയം കൂടുതല്‍ വേഗത്തിലും ശക്തിയായും നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറയുന്നത്.

ഈ ക്രൂരതക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ ജീവനുള്ള മനുഷ്യര്‍ക്കാവില്ല. അതുകൊണ്ടാണ് ജനുവരി 15 മുതല്‍ 1400 കേന്ദ്രങ്ങളില്‍ നിരാഹാരവും വമ്പിച്ച ബഹുജനസമരവും കെട്ടഴിച്ചുവിടുമെന്ന് സിപിഐ എം സംസ്ഥാനനേതൃത്വം പ്രഖ്യാപിച്ചത്. സമരരൂപം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെ വിശദീകരിച്ചിട്ടുണ്ട്. ബഹുജന പങ്കാളിത്തംകൊണ്ട് സമരം ശ്രദ്ധേയമാകണം. വീട്ടമ്മമാരും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ ബഹുജനങ്ങളാകെ സമരകേന്ദ്രങ്ങളിലെത്തി മനസ്സില്‍ നീറിപ്പുകയുന്ന പ്രതിഷേധം പ്രകടിപ്പിച്ച് ഭരണാധികാരികളുടെ കണ്ണും കാതും തുറപ്പിക്കാന്‍ പര്യാപ്തമായ രീതിയില്‍ തികച്ചും സമാധാനപരമായിത്തന്നെ പ്രതികരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സമരം വന്‍ വിജയമാകട്ടെ എന്നാശംസിക്കുന്നു.

deshabhimani editorial

No comments:

Post a Comment