Sunday, January 12, 2014

ആര്‍എസ്എസിന്റെ ആദര്‍ശസ്തംഭം

ശോഭയോടെ അനുയായിവൃന്ദസമേതനായി യദ്യൂരപ്പ താമരപ്പൂചൂടി. മല്ലേശ്വരത്തെ കാവിക്കൊടി പാറുന്ന കെട്ടിടത്തില്‍ ഗുരുവിന് അംഗത്വം കൊടുത്തത് ശിഷ്യന്‍ പ്രഹ്ലാദ് ജോഷി. യദ്യൂരപ്പയുടെ കണ്‍വെട്ടത്ത് നില്‍ക്കാന്‍ ഭയന്നിരുന്ന പ്രഹ്ലാദന് ജന്മസായൂജ്യം. ഗുരുവിന് വനവാസാനന്തര സന്തോഷവും. ദക്ഷിണേന്ത്യയിലെ കാവിപ്പൊട്ടിന്റെ കഷ്ടകാലം മാറിയെന്ന് ബിജെപി. അഴിമതിയായാലും അതിക്രമമായാലും വോട്ടുണ്ടെങ്കില്‍ ആര്‍ക്കും വരാമെന്ന മോഡിയന്‍ സിദ്ധാന്തം അങ്ങനെ കര്‍ണാടകത്തില്‍ പൂത്തുലഞ്ഞു. ഒരുകൊല്ലം മുമ്പാണ് പിണങ്ങിപ്പോയത്. ഗത്യന്തരമില്ലാതെ പിണക്കേണ്ടിവന്നുവെന്നതാണ് ശരി. പെട്രോള്‍ പമ്പുവഴിയും ശവപ്പെട്ടിയിലാക്കിയും അഴിമതിപ്പണം കൊണ്ടുപോകാമെന്ന് പഠിച്ച കാവിപ്പാര്‍ടിക്ക്, ഖനനത്തിലൂടെയും ഭൂമി ഇടപാടിലൂടെയും പണം വരുന്നതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാന്‍ ഒരു യദ്യൂരപ്പയേ ഉണ്ടായിരുന്നുള്ളൂ.

ഒരുലക്ഷം രൂപാ കൈക്കൂലി വാങ്ങി പുറത്തുപോകേണ്ടി വന്ന ബംഗാരു ലക്ഷ്മണിന്റെ പാര്‍ടിയെ "കൈ നനയാതെ കോടികള്‍ പിടിക്കാന്‍"പഠിപ്പിച്ച മഹാഗുരു. ചെറുകിട ക്വട്ടേഷന്‍ പണിയും ചടുകുടുകളിയും അമ്പലപ്പുറത്തെ പരികര്‍മിസ്ഥാനവുമായി ഒതുങ്ങിക്കൂടിയ ബിജെപിയെ തെക്കേ ഇന്ത്യയില്‍ ഭരണക്കൊടി പിടിപ്പിച്ചത് ബൂക്കനകെരെ സിദ്ധലിംഗപ്പ യദ്യൂരപ്പയാണ്. പ്രായം എഴുപതായെങ്കിലും മുപ്പത്തഞ്ചിന്റെ ചുറുചുറുക്ക്. മാണ്ഡ്യയില്‍ നിന്നുദിച്ചുയര്‍ന്ന കാവിതാരം ആദ്യം സര്‍ക്കാര്‍ ഗുമസ്തനായി. പിന്നെ ശിക്കാരിപുരയില്‍ അരിമില്ലിലെ കണക്കപ്പിള്ള. മില്ലില്‍ അരിക്കുപുറമെ ആര്‍എസ്എസിനോടും കമ്പം കയറി. ശാഖാ കാര്യവാഹായി സ്വയം സേവനം തുടരവെ മില്ലുടമയുടെ മകള്‍ മൈത്രീദേവി ഭാര്യയായി-അതോടെ ഗൃഹസ്ഥാശ്രമവും ജനസംഘവും. എല്ലാറ്റിനും മുകളില്‍ ലിംഗായത്ത് നേതാവിന്റെ ശുഭ്രവസ്ത്രാലംകൃത ശരീരമായി യദ്യൂരപ്പ പ്രകാശം പരത്തി. ജീവിതത്തില്‍ രണ്ടുവട്ടം ജയില്‍വാസം-അടിയന്തരാവസ്ഥയില്‍ കരുതല്‍ തടങ്കലിലും ഭരണാനന്തരം അഴിമതിക്കേസില്‍ റിമാന്‍ഡിലും. ആര്‍എസ്എസിനു ചേര്‍ന്ന ലളിതജീവിതമാണ്. മുഖ്യമന്ത്രിയായിരിക്കെ ബംഗളൂരുവില്‍ മകന് നാല്‍പ്പതു ലക്ഷത്തിന് ഒരേക്കര്‍ സ്ഥലം പതിച്ചുകൊടുത്തു. അത് ഖനനകമ്പനിക്ക് മറിച്ചു വിറ്റത് ഇരുപതുകോടിക്കെന്ന് "ശത്രു"ക്കള്‍ പറഞ്ഞു. താന്‍ നിരപരാധിയെന്ന് യദ്യൂരപ്പ. തന്റെ സ്വത്തുവിവരം അപ്പോള്‍ത്തന്നെ പ്രഖ്യാപിച്ചു-ആകെ പതിനൊന്നുകോടി. അതില്‍തന്നെ രണ്ടരക്കിലോ സ്വര്‍ണവും എഴുപത്താറ് കിലോ വെള്ളിയും മാത്രം. 2008ല്‍ മത്സരിക്കുമ്പോള്‍ 1.8 കോടിയുടെ സ്വത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയായ കാലത്ത് സ്വത്തില്‍ വന്ന വര്‍ധന വെറും അഞ്ഞൂറ് ശതമാനം. രണ്ട് എംപിമാരുണ്ടായിരുന്ന ബിജെപി ഭരണത്തിലെത്തിയതുപോലെ സാധാരണ സംഭവം. ലോകായുക്ത ഒരു ശല്യംതന്നെയാണ്. അല്ലറ ചില്ലറ ഖനികള്‍ പാവങ്ങള്‍ക്ക് കൊടുക്കാനും സ്വത്തു കച്ചവടം നടത്താനും സമ്മതിക്കില്ല. യദ്യൂരപ്പയെ പിടിച്ചത് അങ്ങനെയൊരു ശല്യമാണ്. മുഖ്യമന്ത്രിപദവും പോയി; ജയിലിലുമായി. അന്ന് യദ്യൂരപ്പ അനുയായികളെയുംകൊണ്ട് കലഹം കൂട്ടി. കാവിപ്പാര്‍ടി രണ്ടു തട്ടിലായി. കേന്ദ്രത്തേക്കാള്‍ വളര്‍ന്ന യദ്യൂരപ്പ അണികളിലൊരു പങ്കിനെയും ഊരിയെടുത്ത് സ്വന്തം പാര്‍ടിയുണ്ടാക്കി. അങ്ങനെ ദക്ഷിണേന്ത്യയിലെ കാവിപ്പൊട്ട് കാണാപ്പൊട്ടായി. മണ്ണും ചാരി നിന്ന കോണ്‍ഗ്രസ് ഭരണകക്ഷിയായി. "ധാര്‍മികശക്തി ചോരാതെ നോക്കാന്‍" യദ്യൂരപ്പയെ കൈവിട്ട ബിജെപിക്ക് കര്‍ണാടക നിയമസഭയില്‍ കിട്ടിയത് മൂന്നാം സ്ഥാനം. "ബിജെപിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി"യതിന്റെ പേരില്‍ കൈവിട്ട നേതാവിനെ, കൈകൂപ്പി തിരികെക്കൊണ്ടുവരുമ്പോള്‍, അഴിമതിക്കഥകളും പോര്‍വിളികളും മറവിയിലേക്ക് പോകുന്നു. അഴിമതിയുടെ ഭാണ്ഡം ഇന്നവര്‍ക്ക് "പുത്തനുണര്‍വ്".

നാലാള്‍ നീളമുള്ള കൂറ്റന്‍ തുളസിമാല യദ്യൂരപ്പയുടെ കഴുത്തിലണിയിക്കാന്‍ കാവിശരീരങ്ങള്‍ മത്സരിച്ചു. യദ്യൂരപ്പ ദീപസ്തംഭമെന്നും മഹാശ്ചര്യമെന്നും സ്തുതിവചനങ്ങള്‍. മാതൃസംഘടനയിലേക്കുള്ള അവിസ്മരണീയ മടങ്ങിവരവെന്ന് ഹാരാര്‍പ്പിതന്‍. തെറ്റിപ്പോയി, ഇനി ഒരിക്കലും വേര്‍പിരിയില്ല, മാപ്പുതരണം, ആവര്‍ത്തിക്കില്ല എന്ന് നേതാവും ഗണങ്ങളും. കര്‍ണാടകത്തിലെ അഴിമതിവിരുദ്ധപോരാട്ടം ഇനി യദ്യൂരപ്പ നയിക്കും. പോരാടിക്കിട്ടുന്നതിന്റെ വിഹിതം മോഡിയെത്തേടിയെത്തും. ആര്‍എസ്എസിന് ആദര്‍ശമുണ്ടെന്ന് പറയുന്ന ധീരന്മാരുണ്ട്. ആര്‍എസ്എസിന്റെ ആദര്‍ശം യദ്യൂരപ്പയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡിക്കുവേണ്ടി വിയര്‍പ്പൊഴുക്കാന്‍ യദ്യൂരപ്പ കന്നടനാട്ടില്‍ ഓടിനടക്കുമ്പോള്‍, അഴിമതി വിരുദ്ധ ആദര്‍ശത്തിന്റെ പൊടിപടലങ്ങളാണുയരുക. ദാവണ്‍ഗരെയില്‍ ലയന സമ്മേളനത്തില്‍ മോഡിയെത്തി "അഴിമതി വിരോധത്തിന്റെ" കൊടി കൈമാറുക എന്ന ചടങ്ങേ ഇനി അവശേഷിക്കുന്നുള്ളൂ.

സൂക്ഷ്മന്‍ deshabhimani

No comments:

Post a Comment