Sunday, January 12, 2014

ബിജെപിക്ക് ഏഷ്യാനെറ്റിന്റെ 10 കോടി

ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖരന്‍ ബിജെപിക്ക് സംഭാവന നല്‍കിയത് പത്തുകോടി രൂപ. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പുവേളയിലാണ് ഏഷ്യാനെറ്റ് ടിവി ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഭീമമായ തുക ബിജെപിക്ക് കൈമാറിയത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ്, ടൊറന്റ് പവര്‍ ലിമിറ്റഡ് എന്നീ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ കഴിഞ്ഞാല്‍ ബിജെപിക്ക് കൂടുതല്‍ തുക സംഭാവന നല്‍കിയത് ഏഷ്യാനെറ്റാണ്.

രാജീവ് ചന്ദ്രശേഖരന്‍ 2006ല്‍ കര്‍ണാടകത്തില്‍നിന്ന് രാജ്യസഭയിലേക്ക് ജയിച്ചത് ബിജെപി വോട്ട് വിലയ്ക്ക് വാങ്ങിയാണ്. 54 വോട്ടോടെ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജ്യസഭയില്‍ എത്തിയത്. സാഹിത്യകാരന്‍ യു ആര്‍ അനന്തമൂര്‍ത്തിയെയാണ് തോല്‍പ്പിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ വിലയ്ക്ക് വാങ്ങി രാജ്യസഭയിലേക്ക് എത്താന്‍ വന്‍കോര്‍പ്പറേറ്റുകള്‍ നടത്തുന്ന ശ്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു അനന്തമൂര്‍ത്തിയുടെ സ്ഥാനാര്‍ത്ഥിത്വം. രാജീവ് ചന്ദ്രശേഖരന്‍ 2012ല്‍ എതിരില്ലാതെ രാജ്യസഭാംഗമായി. വിജയങ്ങളെല്ലാം സ്വതന്ത്ര പരിവേഷത്തിലാണെങ്കിലും ബിജെപിയോടാണ് രാജീവിന് അനുഭാവം.

വീക്ഷണരേഖ 2025 എന്ന പേരില്‍ പത്ത് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനപരിപാടി വിശദമാക്കുന്ന രേഖ തയ്യാറാക്കാന്‍ ബിജെപി ചുമതലപ്പെടുത്തിയതും രാജീവിനെ. നവംബറില്‍ റിപ്പോര്‍ട്ട് നല്‍കി. ഇത്തവണ ബിജെപി അധികാരത്തിലെത്തിയാല്‍ രാജീവിന് കേന്ദ്രമന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിലെയും കര്‍ണാടകത്തിലെയും രണ്ട് വാര്‍ത്താചാനലുകളുടെ ഉടമയെന്ന നിലയില്‍ രാജീവുമായുള്ള സൗഹൃദം ബിജെപിക്ക് നിര്‍ണായകമാണ്. 2009ലെ പൊതുതെരഞ്ഞെടുപ്പ് വേളയില്‍ രണ്ട് ഘട്ടങ്ങളായാണ് ഏഷ്യാനെറ്റ് ഉടമ ബിജെപിക്ക് പത്തുകോടി നല്‍കിയത്. കോര്‍പറേഷന്‍ ബാങ്കിന്റെ ബംഗളൂരു എംജി റോഡ് ശാഖ വഴി രണ്ടുഘട്ടമായി അഞ്ചുകോടി വീതം നല്‍കി. ആദ്യത്തെ അഞ്ചുകോടി ചെക്ക് മുഖാന്തരവും (ചെക്ക് നമ്പര്‍ 630451), രണ്ടാമത്തേത് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്‍ടിജിഎസ്) വഴിയുമാണ് ബിജെപി നേതൃത്വത്തിന് കൈമാറിയത്. 2009ല്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഭീമമായ തുക കൈമാറിയത്. കേന്ദ്ര മന്ത്രിപദവിയും രാജീവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ ബിജെപി വീണ്ടും പ്രതിപക്ഷത്തായി. അധികാരകേന്ദ്രങ്ങളുമായുള്ള അടുപ്പം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനും രണ്ടര കോടി രൂപ ഉടന്‍ നല്‍കി.

2009 മെയ് 16ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നുദിവസങ്ങള്‍ക്കകമാണ് കോണ്‍ഗ്രസിന് പണം കൊടുത്തത്. മെയ് 19ന് നടന്ന ഈ ഇടപാടും കോര്‍പറേഷന്‍ ബാങ്കിന്റെ ബംഗളൂരു എംജി റോഡ് ശാഖ വഴിയായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ സ്വതന്ത്ര പരിവേഷം എടുത്തണിഞ്ഞ രാജീവ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിയോട് കൂടുതല്‍ അടുക്കുകയാണ്. ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ തലവന്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖരന്‍. ആയുധക്കച്ചവടം, ഇന്‍വെസ്റ്റ്മെന്റ്, മീഡിയ, ഏവിയേഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യാപരിച്ചുകിടക്കുന്നതാണ് ജൂപ്പിറ്റര്‍ ക്യാപിറ്റല്‍. ബിപിഎല്‍ മൊബൈലിലൂടെ ബിസിനസ് രംഗത്തേക്ക് വന്ന രാജീവ് ഈ കമ്പനി വന്‍ലാഭത്തിന് വിദേശ ടെലികോം കമ്പനിയായ ഹച്ചിന്‍സണ്‍ ഗ്രൂപ്പിന് വിറ്റു. ഈ വില്‍പ്പനയിലൂടെ നേടിയ ലാഭത്തിന്റെ പിന്‍ബലത്തിലാണ് ജൂപ്പിറ്റര്‍ ഗ്രൂപ്പിന് തുടക്കമിട്ടതും ഏഷ്യാനെറ്റ് ഓഹരികള്‍ വാങ്ങി ഉടമയായതും.

(എം പ്രശാന്ത്) deshabhimani

No comments:

Post a Comment