Sunday, January 12, 2014

രക്തസാക്ഷിത്വത്തിലൂടെ ഐത്സാസ് പാകിസ്ഥാന്റെ വീരപുത്രന്‍

ചാവേറാക്രമണത്തില്‍നിന്ന് നൂറുകണക്കിനു സഹപാഠികളെ രക്ഷിക്കാന്‍ ജീവന്‍ ബലിനല്‍കിയ പതിമൂന്നുകാരന് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിക്കണമെന്ന് പാകിസ്ഥാനില്‍ ആവശ്യമുയര്‍ന്നു. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ ഐത്സാസ് ഹസ്സനാണ് സുധീരമായ ജീവത്യാഗത്തിലൂടെ മഹാനായത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദിച്ചതിന് താലിബാന്‍ ആക്രമണത്തിന് ഇരയായ മലാല യൂസഫ്സായിക്കു പിന്നാലെ പാകിസ്ഥാനിലെ ഭീകരവിരുദ്ധ പോരാട്ടത്തിന് കരുത്താവുകയാണ് ഐത്സാസ്. ഹാങ്ങു ജില്ലയിലെ ഇബ്രാഹിംസായിയിലെ ഏക സര്‍ക്കാര്‍ സ്കൂളില്‍ ആക്രമണത്തിനെത്തിയ ചാവേറിനെയാണ് ഐത്സാസ് തടഞ്ഞത്. ഗേറ്റില്‍നിന്ന് 500 അടി അകലെവച്ച് ചാവേറിനെ തിരിച്ചറിഞ്ഞ ഐത്സാസ് ഇയാളെ കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ചു. ചാവേര്‍ പിന്തിരിയാതെ വന്നതോടെ ഐത്സാസ് ഇയാളെ കടന്നുപിടിച്ചു. സ്കൂളിലേക്ക് കയറാനുള്ള എല്ലാശ്രമവും പരാജയപ്പെട്ടതോടെ ഐത്സാസിന്റെ കരവലയത്തിനുള്ളില്‍ത്തന്നെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളിലേക്ക് ചാവേര്‍ കടന്നിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിച്ചേനെ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കറെ ജാങ്വി ഏറ്റെടുത്തു.

ഐത്സാസിന്റെ ധീരതയ്ക്ക് പുരസ്കാരം നല്‍കണമെന്ന് ശുപര്‍ശചെയ്ത് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യാ പൊലീസ് മേധാവി നസിര്‍ ദുറാനി സര്‍ക്കാരിന് കത്തെഴുതി. അസാധാരണമായ ധീരതയാല്‍ നൂറുകണക്കിനു വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിക്കാന്‍ ഐത്സാസിന് കഴിഞ്ഞെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. പരമോന്നത സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഇ ഹൈദര്‍ തങ്ങളുടെ വീരപുത്രന് സമ്മാനിക്കണമെന്ന ഗ്രാമവാസികളുടെ ആവശ്യത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. മകന്റെ രക്തസാക്ഷിത്വത്തില്‍ അഭിമാനിക്കുന്നുവെന്ന് യുഎഇയില്‍ ജോലിചെയ്യുന്ന പിതാവ് മുജാഹിദ് അലി പറഞ്ഞു. "ഞാന്‍ നാട്ടിലേക്ക് വരുന്നത് മകന്റെ മരണത്തില്‍ ദുഃഖിക്കാനല്ല. അവന്റെ ജീവിതം ആഘോഷിക്കാനാണ്. അവന്‍ അവന്റെ അമ്മയെ കരയിച്ചേക്കാം. എന്നാല്‍, സ്വന്തം മക്കളെയോര്‍ത്ത് നൂറുകണക്കിന് അമ്മമാര്‍ കരയുന്നത് ഒഴിവാക്കാന്‍ അവന് സാധിച്ചു. എന്റെ രണ്ടാമത്തെ മകനെയും പാകിസ്ഥാനുവേണ്ടി ത്യജിക്കാന്‍ ഞാന്‍ തയ്യാര്‍. ഒരുപാട് രക്തസാക്ഷികള്‍ ലോകത്തുണ്ട്. അവരില്‍ ഒരാളുടെ പിതാവായതില്‍ ഞാന്‍ അഭിമാനിക്കുന്നു"- അലി പറഞ്ഞു. "എന്റെ സഹോദരന് ഇത്രയും മഹത്തായ മരണമുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. സഹജീവികള്‍ക്കായി അവന്‍ സ്വന്തം ജീവന്‍ സമര്‍പ്പിച്ചു"- സഹോദരന്‍ മുജ്താബ പറഞ്ഞു.

deshabhimani

Picture Courtesy: BBC

No comments:

Post a Comment