Sunday, January 19, 2014

വിമാനത്തിലും വാക്കേറ്റം; ശശി തരൂരിനെ നാളെ ചോദ്യം ചെയ്യും

കേന്ദ്രമന്ത്രി ശശി തരൂരിനെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഡല്‍ഹി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ചോദ്യംചെയ്യും. ഞായറാഴ്ച ചോദ്യം ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്്. എന്നാല്‍ ചിതാഭസ്മം ഏറ്റുവാങ്ങാനുള്ളതിനാല്‍ ഞായറാഴ്ച ഹാജരാകാന്‍ സാധ്യമല്ലെന്ന് ശശി തരൂര്‍ അറിയിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ച ശേഷം ശശി തരൂരില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. എന്നാല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിപ്പിച്ചതിനാല്‍ കൂടതല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ല.ഇവരുടെ വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷം പൂര്‍ത്തിയാകാത്തതിനാലാണ് സബ് ഡിവഷണല്‍ മജിസ്ട്രേറ്റ് ചോദ്യം ചെയ്യുന്നത്. സുനന്ദയുടെ മരണത്തെക്കുറിച്ച് പോലീസും അന്വേഷണം നടത്തുന്നുണ്ട്.

സുനന്ദയുടെത് അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ കഴുത്തിലും ശരീരത്തിലും മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകമേ ലഭിക്കുകയുള്ളൂ. തരൂരും സുനന്ദയും തമ്മില്‍ മരണത്തിന് തൊട്ടുമുമ്പുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മയും പുറത്തുവന്നു. കേരളത്തില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ ഇരുവരും വഴക്കിട്ടതായും ആ സമയം ഒരു കേന്ദ്ര മന്ത്രി കൂടി വിമാനത്തിലുണ്ടായിരുന്നതായും പറയുന്നു. വിമാനത്തില്‍ നിന്നിറങ്ങിയ സുനന്ദ കരഞ്ഞുകൊണ്ട് ഓടിപോയ ദൃശ്യങ്ങള്‍ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ചു. പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി ബന്ധപ്പെട്ടാണ് ഇരുവരും വിമാനത്തില്‍ ഉച്ചത്തില്‍ കലഹിച്ചത്. കേന്ദ്രമന്ത്രി മനീഷ് തിവാരിയുടെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റം . മനീഷ് തിവാരി മുംബൈയില്‍ നിന്നാണ് വിമാനത്തില്‍ കയറിയത്. എന്നാല്‍ തര്‍ക്കങ്ങളില്‍ മനീഷ് തിവാരി ഇടപെട്ടിരുന്നില്ല.

വിവാദങ്ങളുണ്ടായപ്പോള്‍ തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ഇരുവരും ഫെയ്സ്ബുക്കില്‍ സംയുക്തമായി കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആ ദിവസമാണ് തരൂരും സുനന്ദയും വിമാനത്തില്‍ വച്ച് വാക്കേറ്റമുണ്ടായത്. മെഹര്‍ തരാരിനെ ചൊല്ലിയാണ് ഇരുവരും തര്‍ക്കിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. വിമാനത്താവളത്തില്‍നിന്ന് തരൂരിന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് പോകാന്‍ സുനന്ദ വിസമ്മതിച്ചതിനാലാണ് ഹോട്ടല്‍ ലീല പാലസിലേക്ക് പോയത്. കടുത്ത മാനസിക സംഘര്‍ഷവും അമിതമായ മരുന്നുപയോഗവുമാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് പറയുന്നു. എന്നാല്‍ ശശി തരൂരിനെ ചോദ്യം ചെയ്യാന്‍ വൈകുന്നത്. കൂടുതല്‍ അഭ്യൂഹങ്ങള്‍ക്കിടയാക്കുന്നുണ്ട്.

മെഹര്‍ താരാറുമായി ശശി തരുരിനുള്ള അതിരുവിട്ട ബന്ധമാണ് സുനന്ദയെ മനോ വിഷമത്തിലെത്തിച്ചത്. ഈ വിഷയത്തില്‍ താന്‍ ഏറെ ദു:ഖിതയാണെന്നും ശശി തരൂരിനൊപ്പം ഇനിയൊരിക്കലും തന്നെ കാണാനാകില്ലെന്ന വിവരവും അടുത്ത സൃഹുത്തുകളുമായി സുനന്ദ പങ്ക് വെച്ചിരുന്നു.

ഐ പിഎല്‍ രഹസ്യങ്ങള്‍ സുനന്ദക്കറിയാമായിരുന്നു: സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന് ഐപിഎല്‍ രഹസ്യങ്ങള്‍ അറിയാമായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിടാനിരുന്ന സാഹചര്യത്തിലാണ് സുനന്ദ മരിച്ചത്. വാതുവയ്പുമായി ബന്ധപ്പെട്ട പല രാഷ്ട്രീയ പ്രമുഖരെയും സംബന്ധിച്ച രഹസ്യങ്ങള്‍ സുനന്ദയ്ക്ക് അറിയാമായിരുന്നു.

അതിനാല്‍തന്നെ സുനന്ദയുടെ മരണം ദുരൂഹതയുള്ളതാണ്. ദുബായ് കേന്ദ്രമായുള്ള വാതുവയ്പ് സിന്‍ഡിക്കേറ്റിനെക്കുറിച്ച് സുനന്ദയ്ക്ക് അറിയാമായിരുന്നു. പല രാഷ്ട്രീയപ്രമുഖരും പങ്കാളികളായ കച്ചവടം സുനന്ദ വെളിപ്പെടുത്താനിരിക്കുകയായിരുന്നുവെന്നു ഒരു സുഹൃത്ത് പറഞ്ഞുവെന്നും സ്വാമി ട്വീറ്റ് ചെയ്തു.

സുനന്ദയുടെ മരണം: നളിനി സിംഗ് മൊഴി നല്‍കി

ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണം അന്വേഷിക്കുന്ന ഡല്‍ഹി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകയായ നളിനി സിംഗ് മൊഴി നല്‍കി. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും രണ്ടു ദിവസങ്ങളിലുമായും സുനന്ദ ഒരു സുഹൃത്തെന്ന നിലയില്‍ പങ്കുവെച്ച വിവരങ്ങളാണ് നളിനി സിംഗ് മൊഴി നല്‍കിയത്.

കേസില്‍ ഏറെ നിര്‍ണായകമായിരിക്കും ഈ മൊഴിയെന്ന് കരുതുന്നു. ശനിയാഴ്ച തന്നെ ഇത്തരം സൂചനകള്‍ നളിനി സിംഗ് നല്‍കിയിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്താമെന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാല്‍ സുനന്ദ ഏറെ വിഷമം അനുഭവിക്കുന്നതായി മനസിലായെന്ന് വെളിപ്പെടുത്തിയിരുന്നു. ശശി തരൂരും തന്റെ സുഹൃത്താണെങ്കിലും സുനന്ദയുടെ മരണശേഷം തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും നളിനി സിംഗ് പറഞ്ഞു.

 മറ്റൊരു മാധ്യമപ്രവര്‍ത്തകയായ ബര്‍ക്കാദത്തുമായും സുനന്ദ സംസാരിച്ചിരുന്നു . തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും കാണണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തിരക്ക് മൂലം പെട്ടെന്ന് സന്ദര്‍ശിക്കുവാന്‍ ബര്‍ക്കാദത്തിനായില്ല.

അതേ സമയം തന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡയ്ക്ക് കത്ത് നല്‍കി. സുനന്ദയുടെ മരണത്തെക്കുറിച്ച് വസ്തുനിഷ്ഠവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തണം. ഇതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറണം. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും തരൂര്‍ കത്തില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment