വിശാഖപട്ടണം അക്ഷരാര്‍ഥത്തില്‍ വിപ്ലവനഗരിയായി. പോര്‍ട്ട് ട്രസ്റ്റ് സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള കലാവാണി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക്, സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ രാവിലെ എത്തുമ്പോള്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവരുടെ ചെറുസംഘങ്ങള്‍ അഭിവാദ്യമേകിയത് ആവേശകരമായ അനുഭവമായി. പോര്‍ട്ട് തൊഴിലാളികള്‍ അവരുടെ പണിശാലവേഷത്തിലായിരുന്നു. മത്സ്യത്തൊഴിലാളികള്‍ വള്ളവും വലയുമായി നിന്നു. അങ്കണവാടിക്കാരും വിദ്യാര്‍ഥികളും മഹിളകളും കര്‍ഷകരുമെല്ലാം ചെറുസംഘങ്ങളായി മുദ്രാവാക്യം മുഴക്കി അഭിവാദ്യമേകി.
എസ്എഫ്ഐയുടെ നേതാവായിരിക്കെ ഞാന്‍ ആന്ധ്രയിലും വിശാഖപട്ടണത്തും വന്നിട്ടുണ്ട്. നിസാമിന്റെ വാഴ്ചയ്ക്കെതിരായ ധീരോദാത്തപോരാട്ടം, ഭൂമി അധികാരത്തിനുവേണ്ടിയുള്ള തെലങ്കാനസമരം- അതിന്റെയെല്ലാം ചുടുനിണം വീണ മണ്ണിലാണ് ഇപ്പോള്‍ പാര്‍ടി കോണ്‍ഗ്രസ്്. പി സുന്ദരയ്യ, എം ബസവപുന്നയ്യ എന്നീ സമുന്നതനേതാക്കളുടെ സ്മരണതുടിക്കുന്നു. 749 പ്രതിനിധികള്‍ പങ്കെടുക്കുന്ന പാര്‍ടി കോണ്‍ഗ്രസില്‍ മൂന്നു നിരീക്ഷകരും 175 പ്രതിനിധികളുമാണ് കേരളത്തില്‍നിന്ന് പങ്കെടുക്കുന്നത്. രാജ്യത്തെ എല്ലാ ഇടതുപക്ഷപ്രസ്ഥാനങ്ങളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും ഒരേവേദിയില്‍ അണിനിരത്തുകയെന്ന വിശാലമായ കാഴ്ചപ്പാടാണ് പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനസമ്മേളനം അവതരിപ്പിച്ചത്. ഒരു കമ്യൂണിസ്റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം ഒരു പാര്‍ടി കോണ്‍ഗ്രസ് മൂന്നുവര്‍ഷത്തിനുള്ളില്‍ നടക്കുന്ന ഒരു പതിവ് നടപടിക്രമമായി പരിമിതപ്പെടുന്നതല്ല. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പാര്‍ടിയാകെ പങ്കെടുക്കുന്ന ഗൗരവമായ ഈ സമ്മേളനം രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ സുപ്രധാന പങ്കുവഹിക്കുന്നതാണ്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ വാഴ്ച ഇന്ത്യയെ വര്‍ഗീയതയുടെയും നവ ഉദാരവല്‍ക്കരണത്തിന്റെയും ആപല്‍ക്കരമായ ഘട്ടത്തില്‍ എത്തിച്ചിരിക്കുകയാണ്. ഈ വിപത്ത് തടയാന്‍ ജനവിശ്വാസം നഷ്ടപ്പെടുകയും ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും ചെയ്ത കോണ്‍ഗ്രസിനെക്കൊണ്ട് കഴിയില്ല. കോണ്‍ഗ്രസിന്റെ അഴിമതിവാഴ്ചയും അതിന്റെ ഭരണനയവും തുറന്നുകാട്ടണം. ബിജെപി- ആര്‍എസ്എസ് ഭരണവിപത്തിനെ തടയുകയും വേണം. ഇതിന് ഇടതുപക്ഷഐക്യം മുമ്പൊരുകാലത്തും ഉണ്ടാകാത്തവിധം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതുപോലെ മതനിരപേക്ഷപ്രസ്ഥാനങ്ങളെ ഈ ചേരിയില്‍ അണിനിരത്തേണ്ടതുമുണ്ട്. ഈ കടമ നിറവേറ്റുന്നതിനുള്ള അതീവഗൗരവമായ ചര്‍ച്ചയും തീരുമാനങ്ങളുമാണ് അഞ്ചു ദിവസങ്ങളിലായി നടക്കുക.
നാലു കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. 1. രാഷ്ട്രീയ അടവുനയത്തിന്റെ അവലോകനം 2. പുതിയ രാഷ്ട്രീയ അടവുനയം 3. ഉദാരവല്‍ക്കരണനയം ആരംഭിച്ചത് മുതലിങ്ങോട്ട് വിവിധ വര്‍ഗങ്ങളിലും സമൂഹത്തിലുമുണ്ടായ പ്രത്യാഘാതവും അതിനോടുള്ള സിപിഐ എം നിലപാടുകളും സംബന്ധിച്ച അവലോകനം 4. പാര്‍ടിയുടെയും ബഹുജനമുന്നണിയുടെയും പ്രവര്‍ത്തനം. ഇതാണ് പാര്‍ടി കോണ്‍ഗ്രസിന്റെ മുഖ്യ അജന്‍ഡ. എന്നാല്‍, ഇത് മറച്ചുവച്ച് പാര്‍ടി സമ്മേളനമെന്നാല്‍ ജനറല്‍ സെക്രട്ടറി ആര് എന്നതിനെ കേന്ദ്രീകരിച്ചാണ് മാധ്യമങ്ങളില്‍ ഒരുപങ്ക് പ്രചാരണം നടത്തുന്നത്. ഇത് അസംബന്ധമാണ്. ഇടതുപക്ഷത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്ന മുദ്രാവാക്യം പാര്‍ടി കോണ്‍ഗ്രസ് ഉയര്‍ത്തുമ്പോള്‍, ഇതുമായി ബന്ധപ്പെടുത്തി കേരള ആര്‍എസ്പിയെ വെള്ളപൂശുന്ന ശൈലി ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍നിന്ന് ആര്‍എസ്പി പൊടുന്നനവെ പിന്മാറി യുഡിഎഫ്പാളയത്തിലെത്തിയത് വഞ്ചനാപരമാണ്. ആര്‍എസ്പിയുടെ പിന്മാറ്റം എല്‍ഡിഎഫ് വിജയത്തെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്ന് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. അതിനപ്പുറമുള്ള വിലയിരുത്തലൊന്നും ഈ കാര്യത്തിലുണ്ടായിരുന്നില്ല.
ഇടതുപക്ഷഐക്യത്തിന്റെ പ്രാധാന്യമാണ് ആര്‍എസ്പിയുടെ സമുന്നതനേതാവ് അബനി റോയി പാര്‍ടി കോണ്‍ഗ്രസിനെ അഭിവാദ്യംചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഊന്നിയത്. അബനി റോയിയുടെ നിലപാട് അംഗീകരിച്ച്, അഴിമതിയില്‍ മുങ്ങിത്താഴ്ന്ന യുഡിഎഫ് സര്‍ക്കാരില്‍നിന്ന് പുറത്തുവരാന്‍ കേരള ആര്‍എസ്പി തയ്യാറാകുമോ എന്നതാണ് നാട് നോക്കുന്നത്. പക്ഷേ എംപി, ഡെപ്യൂട്ടി സ്പീക്കര്‍, മന്ത്രി തുടങ്ങിയ സ്ഥാനങ്ങളുടെ വാലില്‍ തൂങ്ങി പ്രബുദ്ധരാഷ്ട്രീയം വിഴുങ്ങുകയാണ് അസീസിന്റെ നേതൃത്വത്തിലുള്ള കേരള ആര്‍എസ്പി. തങ്ങള്‍ എല്‍ഡിഎഫിലുണ്ടായിരുന്ന കാലത്ത് കെ എം മാണിയെ മുഖ്യമന്ത്രിയാക്കുന്നതിന് സിപിഐ എം തീരുമാനം എടുത്തിരുന്നുവെന്ന് അസീസ് യുഡിഎഫ് യോഗത്തില്‍ പറഞ്ഞിരുന്നുവെന്ന യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ അഭിപ്രായം ഇതിനിടെ മാധ്യമങ്ങളില്‍ വന്നതായി കാണുന്നു. മാണിയെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള ഒരു തീരുമാനവും ഈ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ സിപിഐ എമ്മിന്റെ ഒരു ഘടകവും കൈക്കൊണ്ടിട്ടില്ല. വസ്തുത ഇതാണെന്നിരിക്കെ അസീസിനെ ഉദ്ധരിച്ച് തങ്കച്ചന്‍ നടത്തിയ അഭിപ്രായം അസത്യമാണ്. നവഉദാരവല്‍ക്കരണത്തെയുംമുതലാളിത്തത്തെയും ഹിന്ദുത്വഭരണ വര്‍ഗീയതയെയും തോല്‍പ്പിച്ച് രാജ്യത്തെ രക്ഷിക്കാന്‍ ഇടതുപക്ഷ മതനിരപേക്ഷ ബദലിനേ കഴിയൂ. ഈ സന്ദേശം അടിവരയിടുന്ന 21-ാം പാര്‍ടി കോണ്‍ഗ്രസ് പുതിയ ഇന്ത്യക്കും പുതിയ കേരളത്തിനും വഴിയൊരുക്കുന്നതാണ്
കോടിയേരി ബാലകൃഷ്ണന്‍
No comments:
Post a Comment