Sunday, April 19, 2015

യെച്ചൂരി സെക്രട്ടറി; 16 അംഗ പിബി

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > സിപിഐ എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടു. 91 അംഗ കേന്ദ്രക്കമ്മിറ്റിയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. 16 അംഗങ്ങളാണ് പുതിയ പൊളിറ്റ് ബ്യൂറോയില്‍. പി സുന്ദരയ്യയ്ക്കുശേഷം ആന്ധ്രയില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ നേതാവാണ് അറുപത്തിരണ്ടുകാരനായ യെച്ചൂരി. പ്രകാശ് കാരാട്ടാണ് യെച്ചൂരിയുടെ പേര് നിര്‍ദേശിച്ചത്. എസ് രാമചന്ദ്രന്‍പിള്ള പിന്താങ്ങി.

പിബിയില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. സുഭാഷിണി അലി, മുഹമ്മദ് സലിം, ഹന്നന്‍ മുള്ള, ജി രാമകൃഷ്ണ എന്നിവരാണ് പതിനഞ്ചംഗ പൊളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങള്‍. പുതിയ കേന്ദ്രക്കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് പുതുതായി എ കെ ബാലന്‍, എളമരം കരിം എന്നിവരുണ്ട്. കേരളത്തില്‍ നിന്നുള്ളവരില്‍ പാലൊളി മുഹമ്മദുകുട്ടി, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ ഒഴിവായി. വി എസ് പ്രത്യേക ക്ഷണിതാവായി തുടരും. ബുദ്ധദേബ് ഭട്ടാചാര്യ, നിരുപം സെന്‍, മല്ലുസ്വരാജ്യം, മുഹമ്മദ് അമീന്‍ എന്നിവരാണ് മറ്റ് പ്രത്യേകം ക്ഷണിതാക്കള്‍. ഇവര്‍ക്കുപുറമെ ഡല്‍ഹിയില്‍ പാര്‍ട്ടി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ മുരളീധരന്‍, വിനു കൃഷ്ണന്‍ എന്നിവരും പുതിയ സിസിയില്‍ സ്ഥിരം ക്ഷണിതാക്കളായുണ്ട്. രാജേന്ദ്ര മെഗി, സഞ്ജയ് പരാട്ടെ, അരുണ്‍കുമാര്‍, എന്നിവരാണ് മറ്റ് സ്ഥിരം ക്ഷണിതാക്കള്‍.

കേന്ദ്രക്കമ്മിറ്റിയില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. എ കെ ബാലന്‍, എളമരം കരിം , ശ്രീപദ് ഭട്ടാചാര്യ, രാമചന്ദ്ര ഡോം, മിനതി ഘോഷ്, അഞ്ജു കര്‍, ഗൗതം ദാസ്, അവധേഷ് കുമാര്‍, അലി കിഷോര്‍ പട്നായ്ക്ക്, സീതാരാമുലു, സുരേന്ദര്‍ സിങ്ങ്, ഓംകാര്‍ ഷാദ്, വിജയ് മിശ്ര, എസ് ദേബ്റോയ്, ജഗ്മതി സംഗ്വാന്‍, മഹേന്ദ്ര സിങ്ങ്, ഹിരാലാല്‍ യാദവ് എന്നിവരാണ് പുതുമുഖങ്ങള്‍.ഇവരില്‍ മൂന്നു പേര്‍ വനിതകളാണ്.

ജനറല്‍ സെക്രട്ടറിയെയും പൊളിറ്റ്ബ്യൂറോയെയും ഏകകണ്ഠമായാണ് പുതിയ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുത്തത്. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, ബിമന്‍ബസു, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബി വി രാഘവുലു, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ എം എ ബേബി, എ കെ പത്മനാഭന്‍, സൂര്യകാന്ത മിശ്ര എന്നിവരാണ് പിബി യിലെ മറ്റംഗങ്ങള്‍. ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍, കെ വരദരാജന്‍ എന്നിവര്‍ പുതിയ പിബിയിലില്ല. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയില്‍ 89 അംഗങ്ങളാണുണ്ടായിരുന്നത്.

http://deshabhimani.com/news-national-all-latest_news-458758.html#sthash.znsqTzFb.dpuf

No comments:

Post a Comment