സമര്‍ മുഖര്‍ജി നഗര്‍ > പ്രകാശ് കാരാട്ട് സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറി പദവിയിലിരുന്ന ഒരു ദശകക്കാലം പാര്‍ടി നേരിട്ട വെല്ലുവിളികളെ അതിജീവിച്ച കാലഘട്ടമായിരുന്നു. ഇടതുപക്ഷത്തിന്റെ നിര്‍ണായക പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലയളവില്‍ സെക്രട്ടറിസ്ഥാനമേറ്റ പ്രകാശിന് മന്‍മോഹന്‍ സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നയങ്ങളെയും സാമ്രാജ്യത്വവിധേയ നിലപാടുകളെയും ചെറുക്കുകയെന്ന ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വന്നു. സ്വാഭാവികമായും വലത്- സാമ്രാജ്യത്വ ശക്തികളുടെ രൂക്ഷമായ ആക്രമണത്തിന് പാര്‍ടി വിധേയമായി. തീവ്ര ഇടതുശക്തികള്‍മുതല്‍ തീവ്ര വലതുശക്തികള്‍വരെ പാര്‍ടിക്കെതിരെ കൈകോര്‍ത്തു. ബംഗാളിലെ തിരിച്ചടികള്‍ പാര്‍ലമെന്ററിരംഗത്ത് പാര്‍ടിയെ ദുര്‍ബലപ്പെടുത്തിയെങ്കിലും പ്രത്യയശാസ്ത്രനിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ഭാവിപോരാട്ടങ്ങള്‍ക്ക് സിപിഐ എമ്മിനെ സജ്ജമാക്കിയാണ് കാരാട്ട് ജനറല്‍ സെക്രട്ടറിസ്ഥാനം കൈമാറുന്നത്.
ഡല്‍ഹിയില്‍ ചേര്‍ന്ന 18-ാം പാര്‍ടി കോണ്‍ഗ്രസിലാണ് സുര്‍ജിത്തിന്റെ പിന്‍ഗാമിയായി കാരാട്ട് ജനറല്‍ സെക്രട്ടറിസ്ഥാനമേല്‍ക്കുന്നത്. നേര്‍ത്ത ചിരിനിറഞ്ഞ മുഖവുമായി ദേശീയരാഷ്ട്രീയത്തില്‍ പ്രകാശം ചൊരിയുന്ന കാരാട്ട് വളരെ ചുരുങ്ങിയ കാലയളവില്‍തന്നെ ദേശീയരാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമായി. സാമ്രാജ്യത്വത്തിനും നവ ഉദാരവല്‍ക്കരണത്തിനും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ ജനകീയ ഐക്യനിര കെട്ടിപ്പടുത്ത് ശക്തമായ പോരാട്ടങ്ങള്‍ക്ക് കാരാട്ട് നായകത്വം വഹിച്ചു.
വര്‍ത്തമാനകാല ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ശബ്ദമായി കാരാട്ട് മാറി. പലവിധമായ കപടപ്രചാരണങ്ങളിലൂടെ തീവ്ര വലതുശക്തികള്‍ ദേശീയരാഷ്ട്രീയത്തില്‍ സമീപകാലത്ത് മുന്‍കൈ നേടിയെങ്കിലും മതേതരത്വത്തിന്റെ ആശയാടിത്തറ ഇളക്കമില്ലാതെ നിലനിര്‍ത്താന്‍ കാരാട്ടിന്റെ നേതൃത്വത്തിനായി. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് കാരാട്ട് ദേശീയനേതൃത്വത്തിലേക്ക് ഉയര്‍ന്നത്. ഇ എം എസിന്റെയും എ കെ ജിയുടെയും ശിഷ്യനാണ് അറുപത്തേഴുകാരനായ ഈ പാലക്കാട്ടുകാരന്‍. 1970ല്‍ പാര്‍ടി അംഗം.
1992ലെ ചെന്നൈ പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോ അംഗമായി. 1972ല്‍ എസ്എഫ്ഐ അംഗമായ കാരാട്ട് 1974ല്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും തുടര്‍ന്ന് പ്രസിഡന്റുമായി. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ എസ്എഫ്ഐയെ നയിച്ചു. അഞ്ചുവര്‍ഷം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. 1982 മുതല്‍ 1985 വരെ പാര്‍ടിയുടെ ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1985ലാണ് കേന്ദ്രകമ്മിറ്റി അംഗമായത്. പാര്‍ടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടാണ് ഭാര്യ. മക്കളില്ല. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയാണ് സ്വദേശം. ഒറ്റപ്പാലത്തെ ചുണ്ടുള്ളി പത്മനാഭന്‍നായരുടെയും എലപ്പുള്ളിയിലെ രാധാനായരുടെയും മകന്‍. ജനിച്ചത് ബര്‍മയില്‍. മദിരാശിയിലും ഡല്‍ഹിയിലും ബ്രിട്ടനിലുമായിരുന്നു പഠനം.
അച്ഛന്‍ സി പി നായര്‍ബര്‍മയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. പ്രകാശിന് ആറുമാസമായപ്പോള്‍ അമ്മ നാട്ടില്‍ കൊണ്ടുവന്നു. അഞ്ചുവയസ്സുവരെ പാലക്കാട്ട്. പിന്നീട് ബര്‍മയില്‍. ഒമ്പതാംവയസ്സില്‍ മദിരാശിയില്‍. മദ്രാസ് ക്രിസ്ത്യന്‍ കോളേജ് സ്കൂളിലും ക്രിസ്ത്യന്‍ കോളേജിലും പഠനം. ക്രിസ്ത്യന്‍ കോളേജില്‍ ബിഎയ്ക്ക് ധനതത്വശാസ്ത്രം പാസായശേഷം ഇംഗ്ലണ്ടിലെ എഡിന്‍ബറോയില്‍ സ്കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദ പഠനത്തിന് തിരിച്ചു. രാഷ്ട്രമീമാംസയായിരുന്നു വിഷയം. തീസിസ് "ഇന്ത്യന്‍ ഭാഷകളും രാഷ്ട്രീയവും'. ഇംഗ്ലണ്ടില്‍ പഠിക്കുന്ന കാലത്ത് ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചതിന് നല്ലനടപ്പിന് ശിക്ഷിച്ചു. പഠനം കഴിഞ്ഞ് മദിരാശിയില്‍ തിരിച്ചെത്തി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി. തമിഴ്നാട്ടില്‍ സിപിഐ എമ്മിന്റെ പ്രമുഖ നേതാവായിരുന്ന വി പി ചിണ്ടനാണ് ലോക്സഭയിലെ സിപിഐ എം നേതാവായ എ കെ ജിയെ സഹായിക്കാന്‍ ഡല്‍ഹിയിലേക്ക് നിയോഗിക്കുന്നത്.
http://deshabhimani.com/news-national-all-latest_news-458996.html#sthash.5hcegGNr.dpuf
കോര്‍പറേറ്റുവല്‍ക്കരണത്തിനും വര്‍ഗീയതയ്ക്കുമെതിരെ പ്രക്ഷോഭം: കാരാട്ട്
ബസവപുന്നയ്യ നഗര്‍ (വിശാഖപട്ടണം) > കോര്‍പറേറ്റുവല്‍ക്കരണത്തിനും വര്‍ഗീയതയ്ക്കുമെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സിപിഐ എം പിബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. 21-ാം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്നത് പിന്തിരിപ്പന്‍ വലതുപക്ഷ വര്‍ഗീയശക്തികളാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സര്‍വമേഖലയെയും തകര്‍ച്ചയിലേക്ക് നയിച്ചു. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാ ജനവിഭാഗവും നവലിബറല്‍ സാമ്പത്തികനയത്തിന്റെ ദുരിതം അനുഭവിക്കുകയാണ്.
തൊഴിലാളികളുടെ അവകാശങ്ങള്‍ പാടെ കവര്‍ന്നെടുക്കുന്നതാണ് പുതിയ തൊഴില്‍നിയമം. കാര്‍ഷികമേഖല തകര്‍ച്ച നേരിടുന്നു. കര്‍ഷക ആത്മഹത്യകള്‍ പെരുകി. ആന്ധ്രയിലും തെലങ്കാനയിലും ഉള്‍പ്പെടെ കര്‍ഷകര്‍ സ്വയം ജീവനൊടുക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. പാവപ്പെട്ടവന്റെ ഭൂമി കവര്‍ന്നെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യത്തിന്റെ ഐക്യം, മതേതരത്വം, ജനാധിപത്യം എന്നിവയ്ക്കുനേരെ വ്യാപക കടന്നാക്രമണമാണ് ഉണ്ടാകുന്നത്. മതേതരത്വവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിന് സിപിഐ എം ശക്തിപ്പെടണം. പാര്‍ടിയുടെ അടിത്തറ ശക്തിപ്പെടുത്തി ഇടത് ഐക്യം വിപുലപ്പെടുത്തണം.
ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ യഥാര്‍ഥ ബദലായി മാറാന്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമേ കഴിയൂ. ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ പാര്‍ടി കോണ്‍ഗ്രസിനുമുമ്പ് പ്രചരിപ്പിച്ചിരുന്നത്. അതിനുള്ള മറുപടിയാണ് ജനലക്ഷങ്ങള്‍ അണിനിരന്ന മഹാറാലി. പാര്‍ടി കോണ്‍ഗ്രസ് നടന്ന വിശാഖപട്ടണത്തിന്റെ നട്ടെല്ല് പൊതുമേഖലാ സ്ഥാപനങ്ങളാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ചുനിര്‍ത്തുന്നത് സിപിഐ എമ്മാണ്. തുടര്‍ച്ചയായ പ്രക്ഷോഭത്തിലൂടെ ആദിവാസിമേഖലയെ ഖനിമാഫിയകളില്‍നിന്ന് രക്ഷിക്കുന്നതും സിപിഐ എമ്മാണെന്ന് കാരാട്ട് പറഞ്ഞു.
http://deshabhimani.com/news-national-all-latest_news-459015.html#sthash.Ils8UMKI.dpuf
No comments:
Post a Comment