സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > ലളിതസുന്ദരമായ കലാരൂപങ്ങളാല്‍ അണിയിച്ചൊരുക്കിയ പാര്‍ടി കോണ്‍ഗ്രസിന്റെ കവാടവും വേദിയും മുഖ്യ ആകര്‍ഷണമാണ്. മനോഹരമായ കവാടം തയ്യാറാക്കിയത്&ാറമവെ; ശേഖര്‍ കപൂര്‍ അടക്കമുള്ള അന്താരാഷ്ട്ര പ്രശസ്തി നേടിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന പി എം വി രമണ. 20 വര്‍ഷംമുമ്പുവരെ ഈ പട്ടണത്തില്‍ സമരവും ജാഥയും നടത്തിയ പഴയ എസ്എഫ്ഐക്കാരന്‍ ഇന്ന് ബോളിവുഡിലെയും ഹോളിവുഡിലെയും തിരക്കേറിയ അനിമേറ്ററാണ്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് തന്റെ പാര്‍ടിക്കുവേണ്ടി ഇതെല്ലാം സജ്ജീകരിച്ചത്.
‘വിശാഖപട്ടണത്ത് പഠിക്കുമ്പോള്‍ ഞാന്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. അന്ന് സിഐടിയുവിന്റെയും ഡിവൈഎഫ്ഐയുടെയുമൊക്കെ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ സംഘാടകസമിതിയുടെ ഭാഗമായി ഞാനും സഖാക്കളുമൊക്കെയാണ് വേദി തയ്യാറാക്കിയതും പ്രചാരണപ്രവര്‍ത്തനം നടത്തിയിരുന്നതും. ഓട്ടോറിക്ഷയില്‍ ചായവും ബ്രഷുമൊക്കെയായി ഒരു കറക്കമാണ്. സഹായിക്കാന്‍ ഒന്നോ രണ്ടോ സഖാക്കളും. നഗരത്തിലെ പ്രചാരണവും വേദിയുടെയും കവാടത്തിന്റെയും നിര്‍മാണവുമൊക്കെ എന്റെ ചുമതലയാണ്.‘
1996ല്‍ സിന്‍ക്രിയേറ്റീവ് ആര്‍ട്ട് എന്ന മുംബൈയിലെ സ്ഥാപനത്തില്‍ അനിമേഷന്‍ പഠിച്ച രമണയിലെ കലാകാരനെ കണ്ടെത്തിയത് ശേഖര്‍ കപൂറാണ്. എലിസബത്ത് എന്ന സിനിമയ്ക്കുവേണ്ടി ചെയ്ത പ്രീവിഷ്വലൈസേഷന്‍ ശേഖര്‍ജിക്ക് നന്നേ ബോധിച്ചു. പിന്നെ ശേഖര്‍ കപൂറിന്റെ എല്ലാ സിനിമയിലും പ്രീവിഷ്വലൈസേഷന്റെ ചുമതല രമണയ്ക്കാണ്. എ ആര്‍ റഹ്മാനൊപ്പവും സഹകരിക്കാറുണ്ട്. ദേശീയ അവാര്‍ഡ് കിട്ടിയ മലയാളി സംവിധായകന്‍ രാജേഷ് ടച്ച്റിവര്‍ മലയാളമടക്കമുള്ള വിവിധ ഭാഷകളില്‍ സംവിധാനംചെയ്യുന്ന പുതിയ സിനിമയുടെ പ്രവര്‍ത്തനത്തിലാണ് രാജേഷിന്റെ സഹപാഠികൂടിയായ രമണ.
പാര്‍ടി കോണ്‍ഗ്രസിന്റെ വേദി ഒരുക്കിയതില്‍ അഭിമാനമുണ്ടെന്ന് രമണ പറഞ്ഞു. രാഘവുലു ആവശ്യപ്പെട്ടപ്പോള്‍ പിന്നെ മുംബൈയില്‍ നില്‍ക്കാന്‍ തോന്നിയില്ല. 500 സഖാക്കളുടെ സഹായത്തോടെ മൂന്നു ദിവസംകൊണ്ടാണ് ഇത്രയും ചെയ്തത്. ചുവപ്പിന്റെ ഭിന്നരാശികള്‍ ഉപയോഗിച്ചാണ് ഇവിടെ വര്‍ക്ക് ചെയ്തത്. കവാടത്തിന് മണ്ണിന്റെ ചുവപ്പ്. കൊടിമരം നാട്ടിയത് ചുരുട്ടിയ മുഷ്ടിയില്‍ അവസാനിക്കുന്ന തിരമാലകളുടെ ഇന്‍സ്റ്റലേഷനുമേല്‍. വേദിയില്‍ വിശാഖപട്ടണത്തെ നല്ല മലയില്‍ ചുവന്ന സൂര്യനുദിക്കുന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയത്. ഇതിനെല്ലാം എത്ര പണം ചെലവായെന്ന് ചോദിച്ചാല്‍ രമണ പറയും ഒന്നും ചെലവായില്ലെന്ന്. പഴയ തുണിയും കടലാസും വയ്ക്കോലും പഴയ കാളവണ്ടിച്ചക്രങ്ങളും റാന്തലും മറ്റു പാഴ്വസ്തുക്കളും മാത്രം. കേരളത്തിലെ പാര്‍ടി സമ്മേളനങ്ങള്‍ക്ക് വേദിയൊരുക്കാന്‍ ആഗ്രഹമുണ്ട്. വിളിച്ചാല്‍ മതി പറന്നെത്തും- രമണ പറഞ്ഞു.
No comments:
Post a Comment