Wednesday, April 15, 2015

ഇടത് ജനാധിപത്യബദല്‍ അനിവാര്യം: കാരാട്ട്

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > സിപിഐ എമ്മിനെ ശക്തിപ്പെടുത്തി വിശാല ഇടതുപക്ഷഐക്യം കെട്ടിപ്പടുക്കാനും അതുവഴി ഇടതുപക്ഷ- ജനാധിപത്യ ബദലിനുവേണ്ടി പൊരുതാനും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആഹ്വാനംചെയ്തു. വലതുപക്ഷ കടന്നാക്രമണം ചെറുക്കാന്‍ ഇടതുപക്ഷഐക്യം വിപുലമാക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണെന്ന് വിശാഖപട്ടണത്തെ സമര്‍ മുഖര്‍ജി നഗറില്‍ (പോര്‍ട്ട് കലാവാണി ഓഡിറ്റോറിയം) സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനംചെയ്ത് കാരാട്ട് പറഞ്ഞു.

എല്ലാ ഇടതുപക്ഷപാര്‍ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും വിശാലമായ ഇടതുപക്ഷവേദിയില്‍ അണിനിരത്തണം. ഇടതുപക്ഷപാര്‍ടികളുടെ നേതൃത്വത്തിലുള്ള ബഹുജനസംഘടനകളുടെ ഏകോപനത്തിന് നടപടിയുണ്ടാകണം. ശക്തമായ ഇടതുപക്ഷഐക്യം സാധ്യമായാലേ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കാനുതകുംവിധം മറ്റു ജനാധിപത്യപാര്‍ടികളെ അണിനിരത്താനാകൂ. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി എന്നിവയ്ക്കുവേണ്ടിയും ഇടതുപക്ഷ- ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനും ജനങ്ങളെ അണിനിരത്താന്‍ സജ്ജമാക്കുംവിധം സിപിഐ എമ്മിന് ഒരു പുതിയ ദിശ നല്‍കുന്നതില്‍ 21-ാം പാര്‍ടി കോണ്‍ഗ്രസ് നാഴികക്കല്ലാകുമെന്ന് കാരാട്ട് പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തില്‍ സിപിഐ എമ്മും ഇടതുപക്ഷവും സ്വതന്ത്രമായി ശക്തിപ്പെടേണ്ടതും ഐക്യം വിപുലമാക്കേണ്ടതും അങ്ങേയറ്റം നിര്‍ണായകമായ കാര്യമാണ്.വലതുപക്ഷ കടന്നാക്രമണം ചെറുക്കാനായി തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മറ്റ് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെയും നിരന്തരസമരങ്ങള്‍ എങ്ങനെ സംഘടിപ്പിക്കണമെന്നതിലായിരിക്കും പാര്‍ടി കോണ്‍ഗ്രസ് പ്രധാനമായും ഊന്നുക. പ്രാദേശികസമരങ്ങള്‍ ഏറ്റെടുത്ത് നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള വിശാലസമരങ്ങളുമായി കണ്ണിചേര്‍ക്കണം. സാമൂഹികപ്രശ്നങ്ങളില്‍ പാര്‍ടി സജീവമായി ഇടപെടുകയും സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങളുടെ അവകാശത്തിനായി പോരാടുകയും ചെയ്യും.

ആര്‍എസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിയുടെ ഭരണത്തില്‍ രൂക്ഷമായ വലതുപക്ഷ കടന്നാക്രമണത്തിനാണ് രാജ്യത്തെ സാമ്പത്തിക- രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക മേഖലകളാകെ സാക്ഷ്യംവഹിക്കുന്നത്. വന്‍കിട ബൂര്‍ഷ്വാസികളുടെയും കോര്‍പറേറ്റുകളുടെയും ഹിന്ദുത്വശക്തികളുടെയും പിന്തുണയോടെയാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും സംയുക്തസംരംഭമായ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. മുമ്പത്തെ ഒരു സര്‍ക്കാരും ചെയ്യാത്തതരത്തിലാണ് രാജ്യത്തിന്റെ വിഭവസമ്പത്ത് വന്‍കിട കോര്‍പറേറ്റുകള്‍ക്കും വിദേശമൂലധനത്തിനും ഈ സര്‍ക്കാര്‍ കൈമാറുന്നത്. ധാതു-കല്‍ക്കരി സമ്പത്തും ഇന്‍ഷുറന്‍സ്, റെയില്‍വേ മേഖലകളും രാജ്യത്തെയും വിദേശത്തെയും കുത്തകകള്‍ക്ക് തുറന്നുകൊടുത്തു. കോര്‍പറേറ്റ് നികുതി അഞ്ചുശതമാനം കുറച്ച കേന്ദ്ര ബജറ്റ് സ്വത്തുനികുതിയും എടുത്തുകളഞ്ഞു. ഗൗതം അദാനിയുടെ സ്വത്ത് 2013നും 2014നുമിടയ്ക്ക് 25,000 കോടി രൂപയാണ്് വര്‍ധിച്ചത്. മോഡിയുടെ "നല്ല നാളുകള്‍' ആര്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന് ഇതില്‍നിന്ന് വ്യക്തം.

വന്‍കിട ബിസിനസുകാര്‍ക്കും ധനാഢ്യന്മാര്‍ക്കും അനുകൂലമായ നയങ്ങള്‍ തുടരുമ്പോള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. കര്‍ഷകര്‍ രാജ്യത്തെങ്ങും വിളകള്‍ക്ക് വില കിട്ടാത്തതുമൂലം പ്രതിസന്ധിയിലാണ്. കൃഷിക്കും ജലസേചനത്തിനുമുള്ള പൊതുനിക്ഷേപം കുറയ്ക്കുമ്പോള്‍ കൃഷിച്ചെലവ് വര്‍ധിക്കുന്നു. അസമയത്ത് പെയ്ത കാലവര്‍ഷം ദുരിതം ഇരട്ടിയാക്കി. ഇത് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്കും ഗ്രാമങ്ങളിലെ ദരിദ്രര്‍ക്കുമുള്ള തൊഴിലവസരങ്ങള്‍ കുറഞ്ഞു. കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍നിന്ന് സാധാരണക്കാര്‍ക്ക് ഒരു ആശ്വാസവും ലഭിക്കുന്നില്ല. തൊഴില്‍നിയമങ്ങളില്‍ നിര്‍ദേശിച്ച ഭേദഗതികളിലൂടെ തൊഴിലാളികളുടെ അവകാശം കവര്‍ന്നെടുക്കുകയാണ്. പുതിയ ഖന, ധാതു നിയമത്തിന്റെപേരില്‍ ആദിവാസികളെ കുടിയിറക്കുകയാണ് സര്‍ക്കാര്‍. ഇത്തരം കടന്നാക്രമണങ്ങളെ ഇടതുപക്ഷ- ജനാധിപത്യശക്തികള്‍ കൂട്ടായി ചെറുക്കേണ്ടതുണ്ട്.

ഉപജീവനവും അവകാശവും കവരുന്നതിനെതിരെ വിവിധ വിഭാഗം തൊഴിലാളികള്‍ സമരരംഗത്താണ്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ രാജ്യവ്യാപകമായ മുന്നേറ്റം ഉയര്‍ന്നു. തൊഴില്‍ നിയമഭേദഗതിയെ എല്ലാ ട്രേഡ് യൂണിയനുകളും ഒരുമിച്ചെതിര്‍ക്കുന്നു. കല്‍ക്കരിബില്ലിനെതിരെ ഖനിത്തൊഴിലാളികള്‍ രണ്ടുദിവസം പണിമുടക്കി. എഫ്ഡിഐ വര്‍ധനയ്ക്കെതിരെ ഇന്‍ഷുറന്‍സ് തൊഴിലാളികളും പണിമുടക്കി. ആശ, അങ്കണവാടി തുടങ്ങിയ പദ്ധതികളിലെ തൊഴിലാളികളും സമരരംഗത്താണ്. വരുംനാളുകളില്‍ അതിശക്തമായ സമരങ്ങളാണ് വരാനിരിക്കുന്നത്- കാരാട്ട് പറഞ്ഞു.

എന്‍ എസ് സജിത് on 14-April-2015

No comments:

Post a Comment