Monday, April 20, 2015

അനീതികളോട് പടപൊരുതി നേതൃനിരയിലേക്ക്

സമര്‍ മുഖര്‍ജി നഗര്‍ > നിസ്വവര്‍ഗത്തില്‍ ജനിച്ച് തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ഉന്നമനത്തിനായി പോരാടിയ ഈ നേതാക്കള്‍ ഇനി സിപിഐ എമ്മിന്റെ കേന്ദ്ര നേതൃനിരയിലേക്ക്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ എ കെ ബാലനും എളമരം കരീമും അനീതികളോട് പടപൊരുതിയാണ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ എത്തുന്നത്. ഇരുവരുടെയും സംഘടനാപാടവത്തിനുള്ള അംഗീകാരമാണ് കേന്ദ്രകമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് എ കെ ബാലന്‍ പൊതുരംഗത്തേക്ക് വന്നത്. ദരിദ്ര തൊഴിലാളികുടുംബത്തില്‍ പിറന്ന് കണ്ണീരുനിറഞ്ഞ വഴികളിലൂടെയാണ് തൊഴിലാളിവര്‍ഗ പാര്‍ടിയുടെ നേതാവായത്. 1951 ആഗസ്ത് മൂന്നിന് നാദാപുരം തൂണേരിയില്‍ കേളപ്പന്‍-കുഞ്ഞി ദമ്പതികളുടെ മകനായി ജനിച്ചു. കൂലിപ്പണി ചെയ്താണ് പഠനം നടത്തിയത്. കല്ലാച്ചി ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ലീഡറായി.

പിന്നീട് തലശേരി ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി. 1976-77 കാലത്ത് കലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിനിധിയായി ജയിച്ചു. കോഴിക്കോട് ലോ കോളേജില്‍നിന്ന് എല്‍എല്‍ബി പാസായ ബാലന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറായി നിയമനം ലഭിച്ചെങ്കിലും സംഘടനാരംഗത്ത് നില്‍ക്കാന്‍ തീരുമാനിച്ചു. 1968ല്‍ തലശേരിയില്‍ നടന്ന വിദ്യാര്‍ഥിസമരത്തില്‍ പങ്കെടുത്തതിന് കടുത്ത പൊലീസ് മര്‍ദനത്തിനിരയായി. തൊട്ടില്‍പ്പാലം തോട്ടാട് മിച്ചഭൂമിസമരത്തില്‍ പങ്കെടുത്തതിന് ഒരുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. മൂന്നുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാലന്‍ ഒരുതവണ ലോക്സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു. വൈദ്യുതിമന്ത്രിയായും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. പാലക്കാട് ജില്ലാ കൗണ്‍സിലിന്റെ ആദ്യ പ്രസിഡന്റുമായിരുന്നു.

1997ല്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിയിലേക്കും 2005ല്‍ സംസ്ഥാന സെക്രട്ടറിയറ്റിലേക്കും തെരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്എഫ്ഇ ചെയര്‍മാനുമായിരുന്നു. ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജമീലബാലനാണ് ഭാര്യ. മക്കള്‍: നവീന്‍ ബാലന്‍, നിഖില്‍ ബാലന്‍.തൊഴിലാളിപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ച് പൊതുരംഗത്ത് സജീവമായ എളമരം കരീം സിഐടിയുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണിപ്പോള്‍. ബേപ്പൂരില്‍നിന്ന് തുടര്‍ച്ചയായി രണ്ടാംതവണയും നിയമസഭാംഗമായ കരീം ശ്രദ്ധേയനായ നിയമസഭാ സാമാജികന്‍ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വ്യവസായമന്ത്രി എന്ന നിലയില്‍ നടത്തിയ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം കരുത്തനായ ഭരണാധികാരിയെന്നും തെളിയിച്ചു. 62 വയസ്സുകാരനായ കരീം 1974ലാണ് പാര്‍ടി അംഗമായത്.

കെഎസ്എഫ്, കെഎസ്വൈഎഫ് എന്നിവയിലും പ്രവര്‍ത്തിച്ചു. സിപിഐ എം മാവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഏരിയ കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2005 മുതല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായി. 2012ല്‍ തിരുവനന്തപുരം സമ്മേളനത്തിനുശേഷം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം.മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ കരാര്‍ത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായത്. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കരീം 1996ല്‍ കോഴിക്കോട് രണ്ടില്‍നിന്ന് ആദ്യമായി നിയമസഭാംഗമായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം, റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. മികച്ച പ്രഭാഷകനും വാഗ്മിയുമാണ്.വാഴക്കാട് പഞ്ചായത്തിലെ എളമരം സ്വദേശിയാണ്. ഭാര്യ: റഹ്മത്ത്. മക്കള്‍: പി കെ സുമി, നിമ്മി. മരുമകന്‍: അബ്ദുള്‍റൗഫ്.

 http://deshabhimani.com/news-national-all-latest_news-458995.html#sthash.9571QZjZ.dpuf

മുരളീധരനും വിജൂ കൃഷ്ണനും സ്ഥിരം ക്ഷണിതാക്കള്‍

സമര്‍ മുഖര്‍ജി നഗര്‍ > കേന്ദ്രകമ്മിറ്റി സ്ഥിരം ക്ഷണിതാവായി തെരഞ്ഞെടുത്ത മുരളീധരന്‍ ആലത്തൂര്‍ കാട്ടുശേരി സി വിശ്വനാഥന്റെയും മീനാക്ഷിക്കുട്ടിയുടെയും മകനാണ്. ബംഗളൂരു, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. അഹമ്മദാബാദില്‍ എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകനായി പാര്‍ടിയിലേക്ക്. എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കവെ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലേക്ക്. 1988 മുതല്‍ സിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി രൂപീകരിച്ച നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദി റൈറ്റ് ഓഫ് ഡിസേബിള്‍ഡ് എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയാണ്. ഭാര്യ സുജാതയും സിസി ഓഫീസി ല്‍ പ്രവര്‍ത്തിക്കുന്നു.

മകള്‍ മൃദുല 12-ാംക്ലാസ് വിദ്യാര്‍ഥിനി. കിസാന്‍സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ് കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവായി തെരഞ്ഞെടുത്ത വിജൂ കൃഷ്ണന്‍. 1974ല്‍ കരിവെള്ളൂരില്‍ പി കൃഷ്ണന്റെയും ശ്യാമളയുടെയും മകനായി ജനിച്ചു. അച്ഛന്‍ കൃഷ്ണന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് സോയില്‍ കണ്‍സര്‍വേഷന്‍ തെക്കന്‍ മേഖലാ ഡയറക്ടറായിരുന്നു. ബംഗളൂരുവിലെ സെന്റ് ജോസഫ്സ് കോളേജിലും ഡല്‍ഹി ജെഎന്‍യുവിലുമായി വിദ്യാഭ്യാസം. സെന്റ് ജോസഫ്സ് കോളേജില്‍തന്നെ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പുമേധാവിയായി. പിന്നീട് ജോലി രാജിവച്ച് പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകന്‍. ഭാര്യ: സമത. മകള്‍: റിയ.

 http://deshabhimani.com/news-national-all-latest_news-458992.html#sthash.xsXGQwTd.dpuf

സമരപഥങ്ങളിലെ നിറസാന്നിധ്യം

സമര്‍ മുഖര്‍ജി നഗര്‍ > അമ്പതുവര്‍ഷത്തിലേറെ നീളുന്ന ഹനന്‍ മൊള്ളയുടെ രാഷ്ട്രീയജീവിതത്തിലൂടെ കണ്ണോടിച്ചാല്‍ ബംഗാളിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ചരിത്രംതന്നെയാണ് ചുരുള്‍ നിവരുക. മദ്രസയിലെ വിദ്യാഭ്യാസകാലത്തുതന്നെ ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായ ഹനന്‍, അറുപതുകളിലും എഴുപതുകളിലും ബംഗാളില്‍ ജനാധിപത്യസംരക്ഷണത്തിനായി സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന സമരപ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. ബംഗാളില്‍ ഹൗറ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ ബൗരിയയില്‍ 1946 ജനുവരി മൂന്നിന് അബ്ദുള്‍ലത്തീഫ് മൊള്ളയുടെയും ജമീല ഖാതൂണിന്റെയും മകനായി ജനം. ഹന് 11 മാസമുള്ളപ്പോള്‍ അമ്മ മരിച്ചു. അടുത്തബന്ധുവായ മുഹമ്മദ് ഇദ്രിസാണ് ഹന് പഠനസൗകര്യങ്ങളും മറ്റും ഒരുക്കിയത്. ബംഗാളിനെ ഇളക്കിമറിച്ച 1959ലെ ഭക്ഷ്യസമരവേളയില്‍ പതിനാലുകാരനായ ഹനും സജീവപങ്കാളിയായി. കൊല്‍ക്കത്തയിലായിരുന്നു കോളേജ് വിദ്യാഭ്യാസം. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം. 1968ല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി. തുടര്‍ന്ന് യുവജനപ്രസ്ഥാനത്തിലേക്ക്. 1980ല്‍ ഉലുബെരിയ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് ജയിച്ചു. തുടര്‍ന്നുള്ള എട്ട് തെരഞ്ഞെടുപ്പുകളില്‍ ഉലുബെരിയയുടെ പ്രതിനിധിയായി. 1980 നവംബറില്‍ ഡിവൈഎഫ്ഐ രൂപീകൃതമായപ്പോള്‍ ആദ്യ സെക്രട്ടറിയായി. 2013ലാണ് കിസാന്‍സഭാ ജനറല്‍ സെക്രട്ടറിയാകുന്നത്. 1986ല്‍ 12-ാം പാര്‍ടി കോണ്‍ഗ്രസിലാണ് കേന്ദ്രകമ്മിറ്റിയില്‍ എത്തുന്നത്. ഭാര്യ മൈമുനയും സംഘടനാപ്രവര്‍ത്തനത്തില്‍ ഹനനൊപ്പമുണ്ട്. ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗമാണ് മൈമുന. മകള്‍ ഉസ്മയും മകന്‍ നസീഫും എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകരായിരുന്നു.
 http://deshabhimani.com/news-national-all-latest_news-458988.html#sthash.N74SwXhw.dpuf

ധീരയായ അമ്മയുടെ മകള്‍

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > ഡൂണ്‍ സ്കൂളിലും അമേരിക്കയിലും പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി കാണ്‍പുരിലെ കൊടുംചൂടില്‍ വ്യവസായത്തൊഴിലാളികള്‍ക്കൊപ്പം ചെങ്കൊടിയും പിടിച്ച് വിയര്‍ത്തൊലിച്ച് നടന്നപ്പോള്‍ നെറ്റി ചുളിച്ചവരുണ്ട്. ഇന്ത്യയിലെയോ വിദേശത്തെയോ യൂണിവേഴ്സിറ്റികളില്‍ പ്രൊഫസറായോ മറ്റേതെങ്കിലും നല്ല ജോലിയോ നേടി കനത്ത ശമ്പളം വാങ്ങി ജീവിക്കേണ്ട ഈ പെണ്‍കുട്ടി ചേരികളിലും കോളനികളിലും ഓടിനടന്ന് ജനങ്ങളെ സംഘടിപ്പിക്കുന്നത് കണ്ട് പരിഹസിച്ചവരുണ്ട്. എന്നാല്‍, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ രാജസിംഹാസനത്തിനുനേരെപ്പോലും നിറയൊഴിക്കാന്‍ സ്വയം സജ്ജമായ ഒരമ്മയുടെ മകള്‍ക്ക് തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള വീറുണ്ടായിരുന്നു അന്നും ഇന്നും.

സുഭാഷിണി അലി. പാലക്കാട് ജില്ലയിലെ ആനക്കര വടക്കത്ത് തറവാട്ടില്‍നിന്ന് കോളനിവിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകള്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിപ്ലവപ്രസ്ഥാനത്തിന്റെ പരമോന്നത സമിതിയില്‍. ""1969ല്‍ കാണ്‍പുര്‍ സന്ദര്‍ശിച്ച ഇ എം എസ് ഒരിക്കല്‍ തന്റെ വീട്ടിലാണ് താമസിച്ചത്. ഐഎന്‍എയെ നയിച്ച നേതാജിയോടുള്ള കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമീപനത്തിന്റെ പേരില്‍ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും കടുത്ത എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ഇ എം എസ് അന്ന് എന്നെ വിളിച്ച് കുറെ സംസാരിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു. അദ്ദേഹംതന്നെയാണ് എനിക്ക് അംഗത്വഫോറം പൂരിപ്പിച്ചുതന്നത്.'' കാണ്‍പുരില്‍ കുറെക്കാലം പ്രവര്‍ത്തിച്ചു. സിനിമാസംവിധായകന്‍ മുസഫര്‍ അലിയുമായുള്ള വിവാഹത്തിനുശേഷം മുംബൈയില്‍ എത്തിയപ്പോഴാണ് മഹിളാ പ്രവര്‍ത്തനത്തില്‍ സജീവമായത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അന്ന് രൂപീകരിച്ചിട്ടില്ല.

അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ കേന്ദ്ര കമ്മിറ്റി അംഗമായി. പിന്നെ വീണ്ടും കാണ്‍പുരില്‍. 1989ല്‍ കാണ്‍പുരില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുത്തു. പിന്നീട് മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ സംഘടനയെ പ്രാപ്തമാക്കുന്നതിന് വൃന്ദ കാരാട്ട് അടക്കമുള്ള സഖാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പാര്‍ടിയുടെ പിബി അംഗമായി തെരഞ്ഞെടുത്തപ്പോള്‍ അത്ഭുതമാണ് തോന്നിയതെന്ന് സുഭാഷിണി പറഞ്ഞു. ഭാരിച്ച ഉത്തരവാദിത്തമാണിത്. അത് നിര്‍വഹിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്- അവര്‍ പറഞ്ഞു.

 http://deshabhimani.com/news-national-all-latest_news-458985.html#sthash.7B3lymKi.dpuf

വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെ നേതൃനിരയിലേക്ക്

സമര്‍ മുഖര്‍ജി നഗര്‍ > കൊല്‍ക്കത്തയില്‍ ദരിദ്ര മുസ്ലിം കുടുംബത്തില്‍ ജനിച്ച മുഹമ്മദ് സലിം എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. കൊല്‍ക്കത്തയിലെ തുറമുഖ തൊഴിലാളിയായിരുന്ന അസീസുള്‍ ഹഖിന്റെയും ലാഡ്ലി ഹഖിന്റെയും മകനായി 1957 ജൂണ്‍ അഞ്ചിന് ജനം. സെന്റ് ബര്‍ണബാസ് ഹൈസ്കൂള്‍, കൊല്‍ക്കത്ത മൗലാനാ ആസാദ് കോളേജ്, ജാദവ്പുര്‍ സര്‍വകലാശാല, കൊല്‍ക്കത്ത യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലോ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. മൗലാനാ ആസാദ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ കോളേജ്യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. പിന്നീട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയില്‍. തുടര്‍ന്ന് ഡിവൈഎഫ്ഐയില്‍ സജീവമായി. 1991ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

1990ല്‍ ബംഗാളില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. 2001 വരെ രാജ്യസഭാംഗം. പിന്നീട് 2004 വരെ ബംഗാള്‍ നിയമസഭാംഗം. സംസ്ഥാന മന്ത്രിയായും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ഒട്ടനവധി വികസനപദ്ധതികള്‍ക്ക് തുടക്കമിട്ടു. സ്വയംസഹായസംഘങ്ങളുടെ കാര്യത്തില്‍ വലിയ വര്‍ധനയുണ്ടായി. 2004ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുത്തു. 2014ല്‍ റായ്ഗഞ്ച് മണ്ഡലത്തില്‍നിന്ന് വീണ്ടും ലോക്സഭയിലേക്ക്. നിലവില്‍ സിപിഐ എം ലോക്സഭാ ഉപനേതാവാണ്. മികച്ച വാഗ്മിയായ സലിം ഉറുദു, ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി ഭാഷകള്‍ അനായാസമായി സംസാരിക്കും. ഡോ. റോസിന ഖാതൂനാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

 http://deshabhimani.com/news-national-all-latest_news-458983.html#sthash.Cgu3ioc0.dpuf

No comments:

Post a Comment