സമര്‍ മുഖര്‍ജി നഗര്‍ > നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നടപ്പാക്കുന്ന കോര്‍പറേറ്റ് അനുകൂല സാമ്പത്തികനയങ്ങളുടെ പതിന്മടങ്ങാണ് രാജസ്ഥാനില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വാസുദേവ് പറഞ്ഞു. ഇതോടൊപ്പം വര്‍ഗീയ ധ്രുവീകരണവും ശക്തം. ഭില്‍വാഡ, ചിത്തോര്‍ഗഡ്, ഉദയ്പുര്‍, അജ്മീര്‍, ജയ്പുര്‍ എന്നിവിടങ്ങളിലെല്ലാം വര്‍ഗീയകലാപങ്ങള്‍ അരങ്ങേറി. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലും ഭീതിയിലുമാണ്. കര്‍ഷകര്‍ക്ക് ഒട്ടനവധി ആനുകൂല്യങ്ങള്‍, 12 ലക്ഷം തൊഴിലവസരങ്ങള്‍ തുടങ്ങിയ വാഗ്ദാനങ്ങളോടെയാണ് വസുന്ധര സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍, വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നുമാത്രമല്ല, കടുത്ത ജനദ്രോഹനടപടികളിലേക്ക് നീങ്ങുകയും ചെയ്തു.
തൊഴില്‍നിയമങ്ങള്‍ ഭേദഗതിചെയ്ത് തൊഴില്‍സുരക്ഷ ഇല്ലാതാക്കി. തൊഴിലാളികളെയും ജീവനക്കാരെയുമൊക്കെ ഉടമകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം. വിദ്യാഭ്യാസ- ആരോഗ്യ മേഖല പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തു. സംസ്ഥാനത്തെ പതിനേഴായിരം സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ അടച്ചുപൂട്ടി. ആയിരക്കണക്കിന് അധ്യാപകരാണ് വഴിയാധാരമായത്. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനേക്കാള്‍ കര്‍ഷകവിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ നിയമമാണ് വസുന്ധര സര്‍ക്കാര്‍ പാസാക്കിയത്. ഭൂമി ഏറ്റെടുക്കലിനെ എതിര്‍ക്കുന്നവര്‍ക്ക് മൂന്നുമുതല്‍ ആറുമാസംവരെ തടവും പതിനായിരംമുതല്‍ മൂന്നുലക്ഷം രൂപവരെ പിഴയും നിയമം വ്യവസ്ഥചെയ്യുന്നു. സംസ്ഥാനത്ത് ക്രമസമാധാനം അങ്ങേയറ്റം അലങ്കോലമായി. സ്ത്രീകള്‍ക്കെതിരായ അതിക്രമം അനുദിനം വര്‍ധിച്ചു. രാജസ്ഥാനില്‍നിന്നുള്ള മോഡി സര്‍ക്കാരിലെ ഒരു മന്ത്രിതന്നെ ബലാത്സംഗക്കേസില്‍ പ്രതിയാണ്. അഞ്ചോളം ഐഎഎസ് ഉദ്യോഗസ്ഥരും വിവിധ ലൈംഗികപീഡനക്കേസില്‍ പ്രതിസ്ഥാനത്താണ്.
സംസ്ഥാനത്ത് പൊതുവിതരണസംവിധാനം നിലച്ച നിലയിലാണ്. വൈദ്യുതിനിരക്കുകള്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. ഇത് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കി. ഇതിനെല്ലാം പുറമെയാണ് വര്‍ധിച്ചുവരുന്ന വര്‍ഗീയ ധ്രുവീകരണം. ജനുവരിയില്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ആധിപത്യം നേടിയത് വര്‍ഗീയകലാപങ്ങളിലൂടെ സൃഷ്ടിച്ച ധ്രുവീകരണം മുതലെടുത്താണ്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടുനിലയില്‍ പത്ത് ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു. സര്‍ക്കാര്‍നയങ്ങളോട് ജനങ്ങള്‍ക്കുള്ള അതൃപ്തി സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. കഴിഞ്ഞ നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഐ എമ്മിന് തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ടി ശക്തമായി തിരിച്ചുവന്നു. സിക്കര്‍, ഹനുമാന്‍ഗഡ്, അനൂപ്ഗഡ്, ഗംഗാനഗര്‍, ഗഡ്സാന തുടങ്ങി പാര്‍ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ മുന്നേറ്റം കാഴ്ചവയ്ക്കാനായി. ഗഡ്സാനയില്‍ മൂന്നു ജില്ലാ പരിഷത്ത് സീറ്റുകളില്‍ ജയിച്ചു. സിക്കറില്‍ നാലും ഹനുമാന്‍ഗഡില്‍ ഒരു സീറ്റും ലഭിച്ചു. 38 പഞ്ചായത്തുസമിതി സീറ്റുകളിലും വിജയം കണ്ടു. ദോഡ് പഞ്ചായത്തുസമിതിയില്‍ 11 സീറ്റോടെ പാര്‍ടി മുന്നില്‍ വന്നെങ്കിലും ഇവിടെ ബിജെപിയും കോണ്‍ഗ്രസും ഭരണം കിട്ടാന്‍ കൈകോര്‍ത്തു. ഹനുമാന്‍ഗഡില്‍ നാല്‍പ്പതിനായിരത്തിലേറെ വോട്ട് നേടി. മൂന്നു നിയമസഭാ സീറ്റുകളിലെങ്കിലും വോട്ടുനിലയില്‍ സിപിഐ എം മുന്നിലാണ്.
http://deshabhimani.com/news-national-all-latest_news-458757.html#sthash.gJUiYGyF.dpuf
No comments:
Post a Comment