Sunday, April 19, 2015

ഒന്നുമില്ലായ്മയില്‍നിന്നുള്ള മഹാപ്രയാണം

സമര്‍ മുഖര്‍ജി നഗര്‍ > അറുപതുകളുടെ അവസാനം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുകേട്ട വസന്തത്തിന്റെ ഇടിമുഴക്കം തെലുങ്കുനാട്ടില്‍ സിപിഐ എമ്മിന് വലിയ ക്ഷതമാണ് ഏല്‍പ്പിച്ചത്. ജില്ലാ കമ്മിറ്റികള്‍ പലതും കൂട്ടമായി അതിവിപ്ലവത്തിന്റെ തീവ്രാവേശത്തില്‍ അണിചേര്‍ന്നു. വിശാഖപട്ടണം നഗരത്തില്‍ പാര്‍ടിക്ക് പൂര്‍ണസമയ പ്രവര്‍ത്തകരായി ഒരാള്‍പോലുമില്ലാത്ത അവസ്ഥ. എല്ലാം ഒന്നില്‍നിന്ന് തുടങ്ങേണ്ട സ്ഥിതി. തീവ്രാവേശത്തിന്റെ വഴിതെറ്റിലേക്ക് വീഴാതെ പാര്‍ടിക്കൊപ്പം നിലയുറപ്പിച്ച ചുരുക്കം സഖാക്കള്‍ ആത്മവിശ്വാസത്തോടെതന്നെ പാര്‍ടിയുടെ പുനഃസംഘാടനമെന്ന മഹാദൗത്യം ഏറ്റെടുത്തു. പൂര്‍ണസമയ പ്രവര്‍ത്തകനായി ഒരാള്‍പോലുമില്ലാതിരുന്ന വിശാഖപട്ടണം നഗരമാണ് ഇന്നിപ്പോള്‍ പാര്‍ടിയുടെ സമുന്നത സമ്മേളനത്തിന് വേദിയാകുന്നത്.

ഇടത് ഐക്യത്തിന് കരുത്തുപകരുകയെന്ന പാര്‍ടി കോണ്‍ഗ്രസ് തീരുമാനം ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയും സമ്മേളനത്തിന്റെ മുഖ്യസംഘാടകനുമായ പി മധു ദേശാഭിമാനിയോട് പറഞ്ഞു. ആന്ധ്രയില്‍ ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിപിഐ എമ്മും ഇടതുപാര്‍ടികളുമാണ്. നാലുമാസമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും പ്രതിഷേധമുയര്‍ത്തി സിപിഐ എമ്മുണ്ട്. മിക്കപ്പോഴും മുഖ്യമന്ത്രി എത്തുന്നതിന് തലേന്നുതന്നെ മുന്‍കരുതല്‍ നടപടി എന്നനിലയില്‍ പാര്‍ടിപ്രവര്‍ത്തകരെ അറസ്റ്റുചെയ്യുന്നു. പാര്‍ടി കോണ്‍ഗ്രസ് നടക്കുന്നതിനിടയില്‍ വിശാഖപട്ടണത്തുപോലും പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. കര്‍ഷക ആത്മഹത്യ, ആദിവാസിപ്രശ്നങ്ങള്‍ തുടങ്ങിയ ജനകീയവിഷയങ്ങള്‍ ഉയര്‍ത്തി അടിത്തറ വിപുലപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് പാര്‍ടി. ട്രേഡ് യൂണിയന്‍ രംഗത്തും പ്രവര്‍ത്തനങ്ങള്‍ സജീവമായി.

സംസ്ഥാനം വിഭജിച്ചതോടെ പാര്‍ടി കമ്മിറ്റികള്‍ രണ്ടായി. ആന്ധ്രയില്‍ പാര്‍ടിക്കും പോഷകസംഘടനകള്‍ക്കും സംസ്ഥാനതലത്തില്‍ ഓഫീസുകളായിട്ടില്ല. ഈ പ്രതിസന്ധികളെയൊക്കെ അതിജീവിച്ചാണ് പാര്‍ടി കോണ്‍ഗ്രസിന്റെ വിജയകരമായ നടത്തിപ്പ്. വിജയവാഡ ഉള്‍പ്പെടെയുള്ള വടക്കന്‍ ആന്ധ്രയിലെ ജില്ലകള്‍ ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളാണ്. ആദിവാസി ജനവിഭാഗങ്ങളില്‍നിന്ന് അരക്കോടിയോളം രൂപ സമ്മേളന നടത്തിപ്പുഫണ്ടിലേക്ക് സമാഹരിക്കാനായി. ശ്രീകാകുളം, വിജയവാഡ, വിജയനഗരം, കിഴക്ക്-വടക്ക് ഗോദാവരി ജില്ലകള്‍ തുടങ്ങി ആദിവാസികള്‍ കൂടുതലായുള്ള മേഖലകളില്‍ പാര്‍ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെട്ടിട്ടുണ്ട്. ആദിവാസിപ്രശ്നങ്ങള്‍ ഉയര്‍ത്തി അടുത്തയിടെ പ്രത്യേക ജാഥ പാര്‍ടി സംഘടിപ്പിച്ചു. ആദിവാസിമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിക്കുകയാണ്. ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി പാര്‍ടിയോട് അടുപ്പിക്കുകയാണ് ലക്ഷ്യം. ഏറ്റവും അവഗണിക്കപ്പെട്ട ജനവിഭാഗമാണ് അവര്‍. ഇപ്പോള്‍ പാര്‍ടി മുന്‍കൈയെടുത്ത് ആദിവാസികള്‍ പണിയെടുക്കുന്ന തൊഴില്‍മേഖലകളില്‍ യൂണിയനുകളും മറ്റും രൂപീകരിച്ചുതുടങ്ങി. അര്‍ഹതപ്പെട്ട കൂലി ചോദിച്ചുവാങ്ങിക്കാന്‍ ഇതുവഴി ആദിവാസികളെ പ്രാപ്തരാക്കുന്നു. സാംസ്കാരികമേഖലയിലും ഇടപെടല്‍ സജീവമായിട്ടുണ്ട്. സംഘപരിവാറിന്റെ തീവ്രഹൈന്ദവ ആശയങ്ങള്‍ക്കെതിരായ പ്രചാരണങ്ങളാണ് മുഖ്യം. പ്രജാനാട്യമണ്ഡല്‍ ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കുന്നു. നാടന്‍കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നാടന്‍ കലാകാരന്മാര്‍ വലിയ ദുരിതത്തില്‍ കഴിയുന്നവരാണ്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സിപിഐ എം മാത്രമാണ് അവര്‍ക്കൊപ്പമുള്ളത്. അരലക്ഷത്തോളം നാടന്‍ കലാകാരന്മാര്‍ വടക്കന്‍ ആന്ധ്രയില്‍മാത്രം പാര്‍ടിയുമായി സഹകരിക്കുന്നുണ്ട്. പാര്‍ടി സമ്മേളനവേദിയിലും അവര്‍ സജീവമാണ്- മധു പറഞ്ഞു.

http://deshabhimani.com/news-national-all-latest_news-458754.html#sthash.VeFFLlJz.dpuf

No comments:

Post a Comment