Sunday, April 19, 2015

സ്ത്രീകളെപ്പോലും വേട്ടയാടുന്ന പൊലീസ് ക്രൂരത

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > തൊഴില്‍ സംരക്ഷിക്കാന്‍ സമരം നടത്തുന്ന സ്ത്രീകളെപ്പോലും വേട്ടയാടിയ ആന്ധ്രപ്രദേശ് പൊലീസ് 20 തൊഴിലാളികളെ വെടിവച്ചുകൊന്നതില്‍ അത്ഭുതപ്പെടാനില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ എസ് പുണ്യവതി പറഞ്ഞു. ശേഷാചലത്ത് രക്തചന്ദന കൊള്ളക്കാരെന്ന് മുദ്രകുത്തി തമിഴ്നാട്ടുകാരായ തൊഴിലാളികളെ കൊന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു പുണ്യവതി. ഭരിക്കുന്നത് കോണ്‍ഗ്രസായാലും തെലുങ്കുദേശമായാലും പൊലീസിനെ മര്‍ദനോപാധിയാക്കുന്ന രീതിയില്‍ മാറ്റമൊന്നുമില്ല. ശേഷാചലത്ത് കൊല്ലപ്പെട്ടത് ജീവിക്കാന്‍വേണ്ടി അതിര്‍ത്തി കടന്നെത്തിയവരാണ്. അവര്‍ക്ക് കള്ളക്കടത്തിനെക്കുറിച്ചോ മുറിക്കുന്ന മരം എന്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നോ ഒരുപക്ഷേ അറിഞ്ഞിരിക്കണമെന്നില്ല.ഇനി കള്ളക്കടത്തുകാരാണെന്ന പൊലീസ് വാദം അംഗീകരിച്ചാല്‍പ്പോലും നിയമപരമായ നടപടി എടുക്കാനല്ലാതെ കൊല്ലാന്‍ പൊലീസിന് ആരാണ് അധികാരം കൊടുത്തത്.

ജനകീയമുന്നേറ്റങ്ങളെ അടിച്ചൊതുക്കുന്നതില്‍ ആന്ധ്രയിലെ പൊലീസിന്റെ ചരിത്രം കുപ്രസിദ്ധമാണെന്ന് 20 വര്‍ഷംമുമ്പ് വിജയനഗരം ജില്ലയിലെ തോട്ടപ്പള്ളിയില്‍ നാഗാവലി നദിയില്‍ റിസര്‍വോയര്‍ പണിയുന്നതിനെതിരെ സമരം നടത്തിയതിന് കൊലക്കുറ്റം ചുമത്തപ്പെട്ട പുണ്യവതി പറഞ്ഞു. അന്ന് ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം നടത്തിയതിന് താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. ചെങ്കൊടിയല്ലാതെ മറ്റൊരായുധവും കൈയിലില്ലാത്ത തങ്ങള്‍ സായുധരായ പൊലീസ് ഓഫീസര്‍മാരെയും വനിതാ പൊലീസുകാരെയും കൊല്ലാന്‍ ശ്രമിച്ചെന്ന കള്ളക്കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല.

ചന്ദ്രബാബുനായിഡു സര്‍ക്കാരിന്റെ കാലത്താണ് വൈദ്യുതിനിരക്ക് വര്‍ധനയ്ക്കെതിരെ സമരം നടത്തിയപ്പോള്‍ മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ ഹൈദരാബാദില്‍ വെടിവച്ചുകൊന്നത്. കോണ്‍ഗ്രസ് നേതാവ് കിരണ്‍റെഡ്ഡി ഭരിക്കുമ്പോള്‍ വേതനവര്‍ധനയ്ക്കായി സമരം നടത്തിയ അങ്കണവാടി ജീവനക്കാരെയും ഹെല്‍പ്പര്‍മാരെയും കൈകാര്യം ചെയ്തത് അതിക്രൂരമായ രീതിയിലായിരുന്നു. ഭരണം മാറിയശേഷം വീണ്ടും അങ്കണവാടി ജീവനക്കാരും ഹെല്‍പ്പര്‍മാരും സമരം നടത്തി. അന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, ജീവനക്കാരെ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും വച്ച് അറസ്റ്റുചെയ്ത് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചു. എല്ലാ ഗ്രാമങ്ങളിലും വീടുകളില്‍ കയറി ഭര്‍ത്താക്കന്മാരെയും സഹോദരങ്ങളെയും അമ്മമാരെയും മക്കളെപ്പോലും കസ്റ്റഡിയിലെടുത്തു. എന്നിട്ടും സമരം തടയാന്‍ കഴിഞ്ഞില്ല. ആന്ധ്രപ്രദേശില്‍ പുതിയ തലസ്ഥാനം ഉണ്ടാക്കുന്നതിന്റെ പേരില്‍ വിദേശനിക്ഷേപകര്‍ക്ക് നാടിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്ന നായിഡു സര്‍ക്കാര്‍ പാവപ്പെട്ട തൊഴിലാളികളുടെ അര്‍ഹമായ വേതനം തടഞ്ഞുവയ്ക്കുകയാണ്- പുണ്യവതി പറഞ്ഞു.

http://deshabhimani.com/news-national-all-latest_news-458756.html#sthash.4Ch18VZw.dpuf

No comments:

Post a Comment