Monday, April 20, 2015

മുതലാളിത്തത്തിന് ഏകബദല്‍ സോഷ്യലിസം: യെച്ചൂരി

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > മുതലാളിത്തത്തിന്റെ ചൂഷണങ്ങളില്‍നിന്ന് മനുഷ്യന് സ്വയം മോചിതനാകാനുള്ള ഏകവഴി സോഷ്യലിസമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുതലാളിത്തം പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയില്‍ കൂപ്പുകുത്തുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ജനങ്ങള്‍ക്കുമേലുള്ള ചൂഷണം ശക്തമാക്കുകയാണ്. അതിനെ മറികടക്കാനുള്ള ഏകവഴി സോഷ്യലിസത്തിന്റേതാണെന്ന് പാര്‍ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം നടത്തിയ പ്രസംഗത്തില്‍ യെച്ചൂരി പറഞ്ഞു.

വര്‍ഗീയശക്തികളാല്‍ നയിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ അതിതീവ്രമായാണ് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നത്. നവലിബറല്‍ നയങ്ങള്‍, വര്‍ഗീയത, ജനാധിപത്യസംവിധാനങ്ങളെയും പാര്‍ലമെന്ററി സംവിധാനത്തെയും തകര്‍ക്കുന്ന ശക്തികള്‍ എന്നീ ത്രിമൂര്‍ത്തികള്‍ ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. ഈ ത്രിമൂര്‍ത്തികളുടെ ഭീഷണി ഇന്ത്യയുടെ എല്ലാ മേഖലയെയും തകര്‍ക്കാനൊരുങ്ങുകയാണ്. ചരിത്രത്തെ ഐതിഹ്യംകൊണ്ടും തത്വചിന്തയെക്കൊണ്ടും പകരംവയ്ക്കാനാണ് ശ്രമിക്കുന്നത്. ഇത് ചെറുക്കാന്‍ നമ്മള്‍ സ്വയം സജ്ജമാകണം. അതിനായി ജനങ്ങളെ സമരസജ്ജരാക്കണം.

പാര്‍ടിയിലെ ഐക്യവും സമരത്തിലെ ഐക്യവും ഊട്ടിയുറപ്പിക്കണം. മോഡി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ഒരു ത്രിശൂലമായി ഇന്ത്യയുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങുംമുമ്പ് അതിനെ തടയണം. വെല്ലുവിളികള്‍ നേരിടാനുള്ള ദൗത്യമാണ് ഈ പാര്‍ടി കോണ്‍ഗ്രസ് ഏറ്റെടുത്തത്. പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയ എല്ലാ രേഖകളിലും ദേശീയവും അന്തര്‍ദേശീയവുമായ വെല്ലുവിളികള്‍ ഏതെല്ലാമെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. നമ്മുടെ രാഷ്ട്രീയവും സംഘടനാപരവുമായ ശേഷി വര്‍ധിപ്പിക്കണം.

അതിന്റെ തുടര്‍ച്ചയായി ഇടതുപക്ഷപാര്‍ടികളുടെ ഐക്യവും ശക്തമാക്കണം. വര്‍ഗബന്ധങ്ങളില്‍ മാറ്റം വരുത്തുംവിധം ജനകീയമുന്നേറ്റം ശക്തമാക്കുകയും വര്‍ഗസമരത്തെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്താലെ ജനകീയ ജനാധിപത്യവിപ്ലവമെന്ന ലക്ഷ്യത്തിലെത്താനാകൂ. സാമ്പത്തികചൂഷണത്തിനും സാമൂഹിക അടിച്ചമര്‍ത്തലിനുമെതിരെയുള്ള സമരം ഒരുമിച്ചുനടത്തണം- യെച്ചൂരി പറഞ്ഞു.

 http://deshabhimani.com/news-national-all-latest_news-458979.html#sthash.tpekkUQW.dpuf

വര്‍ഗീയതയെ പിടിച്ചുകെട്ടും: യെച്ചൂരി

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > വര്‍ഗീയശക്തികള്‍ അഴിച്ചുവിട്ട ചൂഷണത്തിന്റെ യാഗാശ്വത്തെ ഇന്ത്യയിലെ തൊഴിലാളികളും കര്‍ഷകരും പിടിച്ചുകെട്ടുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തങ്ങളുടെ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കുമാകില്ലെന്നാണ് നരേന്ദ്രമോഡിയുടെ അവകാശവാദം. എന്നാല്‍, സാമ്പത്തികചൂഷണത്തിനും സാമൂഹിക അടിച്ചമര്‍ത്തലിനും ഒരുപോലെ വിധേയമാകുന്ന ഇന്ത്യന്‍ ജനത സര്‍ക്കാരിനെ പിടിച്ചുകെട്ടും- സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിന് സമാപനംകുറിച്ച് വിശാഖപട്ടണത്തെ ബസവപുന്നയ്യ നഗറി (ആര്‍കെ ബീച്ച്)ല്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു യെച്ചൂരി.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ വംശഹത്യക്ക് കൂട്ടുനിന്നതിന്റെ പേരില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നരേന്ദ്രമോഡിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയായതോടെ വിദേശരാജ്യങ്ങള്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കുന്ന മോഡി വല്ലപ്പോഴും മാത്രമാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. മന്‍മോഹന്‍സിങ്ങിനെ മൗനമോഹന്‍സിങ് എന്ന് ആക്ഷേപിച്ച മോഡി ഇന്ന് വിദേശത്തുനിന്ന് രാഷ്ട്രീയപ്രസംഗംപോലും നടത്തുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. പാവങ്ങള്‍ക്കുമേല്‍ നികുതികൊണ്ട് കടന്നാക്രമണം നടത്തുന്ന നരേന്ദ്രമോഡി കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി ഇളവുകള്‍ നല്‍കുകയാണ്.

ഇന്ത്യയിലെ വ്യവസായങ്ങള്‍ പൂട്ടിയാലും കുഴപ്പമില്ല, ഫ്രാന്‍സിലെ റഫേല്‍ എന്ന കമ്പനിക്ക് 8000 കോടിയുടെ ഓര്‍ഡര്‍ നല്‍കുമെന്ന വാശിയിലാണ് മോഡി. ദരിദ്രര്‍ക്കുമേല്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം ശക്തിപ്പെടുത്താനും ഒരുങ്ങുകയാണ് ബിജെപി സര്‍ക്കാര്‍- യെച്ചൂരി പറഞ്ഞു.

 http://deshabhimani.com/news-national-all-latest_news-459018.html#sthash.264IpTYs.dpuf

No comments:

Post a Comment