സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > സിപിഐ എമ്മിന് അധികാരം ലഭിച്ചാല്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും ഭരണതലത്തിലെ അഴിമതി തടയാനാകുമെന്നും ഹിമാചല്‍പ്രദേശിലെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഷിംല നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കഴിയുന്നുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ ടികെന്ദര്‍ സിങ് പന്‍വര്‍ പറഞ്ഞു. രണ്ടുലക്ഷം മാത്രം ജനസംഖ്യയുള്ള ഷിംലയിലെ മുനിസിപ്പല്‍ ഭരണത്തെ ഞെക്കിക്കൊല്ലാനാണ് മുമ്പത്തെ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. ഇതേനയമാണ് നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും തുടരുന്നത്. മാലിന്യനിര്‍മാര്‍ജനം, ജലവിതരണം, പൊതുജനാരോഗ്യം എന്നിവയുടെ കാര്യത്തില്‍ രാജ്യത്തെ മികച്ച നഗരസഭയ്ക്കുള്ള മൂന്നു പുരസ്കാരത്തിന് ഈ നഗരത്തെ അര്‍ഹമാക്കിയ സിപിഐ എമ്മില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കാന്‍ ഇനി എതിരാളികള്‍ക്കാകില്ല. ഷിംല നഗരസഭാ കൗണ്‍സിലിലെ സിപിഐ എം ഭരണം ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതായി കഴിഞ്ഞു- സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായെത്തിയ ടികെന്ദര്‍ പറഞ്ഞു.
ഇരുപത്തഞ്ച് അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് നേരിട്ടാണ് 2012 ജൂണില്‍ തെരഞ്ഞെടുപ്പ് നടന്നത്. മേയറായി സിപിഐ എം നേതാവ് സഞ്ജയ് ചൗഹാനും ഡെപ്യൂട്ടി മേയറായി ടികെന്ദറും വിജയിച്ചു. ഈ രണ്ട് സ്ഥാനത്തേക്കും നേരിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍നിരാശയാണ് സമ്മാനിച്ചത്. 12 സീറ്റ് കിട്ടിയിട്ടും അവര്‍ക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. കോണ്‍ഗ്രസിന് കിട്ടിയത് 11 സീറ്റ്. ചുമതലയേറ്റതുമുതല്‍ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗികതലത്തിലുള്ള അഴിമതി തടയാനുള്ള ശ്രമങ്ങള്‍ ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിക്കാതെ ബുദ്ധിമുട്ടിച്ചിട്ടും അധികാരവികേന്ദ്രീകരണത്തിന്റെ ചുവടുപിടിച്ച് വാര്‍ഡുതല സമിതികള്‍ക്ക് കൂടുതല്‍ സാമ്പത്തികാധികാരം നല്‍കാന്‍ കഴിഞ്ഞു. നികുതിവരുമാനത്തിന്റെ പത്ത് ശതമാനം വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങി. ഇന്ത്യയില്‍ ഒരു നഗരസഭയും ഇങ്ങനെ ചെയ്യുന്നില്ല.
അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഭാഗമായി റോഡുകളും പാലങ്ങളും പണിതു. പാവപ്പെട്ടവര്‍ക്ക് വീടുകള്‍ സൗജന്യമായി നിര്‍മിച്ചുനല്‍കി. കുന്നിന്‍പ്രദേശമായതിനാല്‍ 20 ശതമാനം വീടുകളിലേക്കുമാത്രമേ റോഡുകളുള്ളൂ. റോഡുനിര്‍മാണത്തില്‍ ലക്ഷ്യംകാണാനുള്ള തീവ്രശ്രമത്തിലാണ്. ജനകീയപങ്കാളിത്തത്തോടെയുള്ള മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ വന്‍ വിജയമായി. "സീറോ ഗാര്‍ബേജ് സിറ്റി' എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ഷിംല. വീടുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ മുനിസിപ്പല്‍ തൊഴിലാളികള്‍ മാലിന്യം ശേഖരിക്കും. ജലവിതരണം കാര്യക്ഷമമാക്കാനും ജലക്ഷാമം പരിഹരിക്കാനും ഒരളവുവരെ കഴിഞ്ഞു. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍നിന്ന് ഗ്രീന്‍ ടാക്സ് എന്ന പേരില്‍ നികുതി പിരിച്ചാണ് ടൂറിസ്റ്റ് കേന്ദ്രമായ ഷിംലയുടെ പരിസ്ഥിതി സംരക്ഷിക്കാനുള്ള പണം കണ്ടെത്തുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി ജനങ്ങളില്‍നിന്ന് പരാതി സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിന് വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെതന്നെ പ്രതികരിക്കും. ഭരണകാര്യങ്ങളുടെ തിരക്കിലായതിനാല്‍ മേയര്‍ സഞ്ജയ് ചൗഹാന് സമ്മേളനത്തിന് വരാന്‍ പറ്റിയിട്ടില്ല- ടികെന്ദര്‍ പറഞ്ഞു.
http://deshabhimani.com/news-national-all-latest_news-458753.html#sthash.z4hkBMEw.dpuf
No comments:
Post a Comment