Thursday, July 1, 2021

ലോകത്തിന്റെ നെറുകയിൽ കമ്യൂണിസ്‌റ്റ്‌ ചൈന

ലോകം ഉറ്റുനോക്കുന്ന വൻശക്തികളിലൊന്നായി അതിവേഗം മാറുകയാണ്‌ അയൽരാജ്യമായ ചൈന. മൊത്തം ആഭ്യന്തര ഉൽപ്പാദന തോത്‌ അനുസരിച്ച്‌ അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണിന്ന്‌ ചൈന. 14 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി ചൈന വളർന്നിരിക്കുന്നു. ലോക ജിഡിപിയുടെ 17.1 ശതമാനം വരുമിത്‌.  ഏഷ്യയിലൂടെ, മധ്യപൗരസ്‌ത്യദേശത്തിലൂടെ ആഫ്രിക്കയിലേക്ക്‌ നീങ്ങുന്ന ചൈനയുടെ ബെൽറ്റ്‌ ആൻഡ്‌ റോഡ്‌ പദ്ധതി വൻശക്തിയായി ചൈന മാറുകയാണെന്നതിന്റെ പ്രഖ്യാപനംകൂടിയാണ്‌.  സൈനികരംഗത്ത്‌ വെല്ലാൻ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും നാവികസേനാരംഗത്ത്‌ ഉൾപ്പെടെ ചൈന ഇതിനകം അമേരിക്കയെ മറികടന്നിട്ടുണ്ട്‌.

ലോകത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായിട്ടും ദാരിദ്ര്യം തുടച്ചുനീക്കാൻ  കഴിഞ്ഞുവെന്നത്‌ ചൈന പിന്തുടരുന്ന സോഷ്യലിസ്‌റ്റ്‌ പാതയുടെ വിജയം തന്നെയാണ്‌. ‘സോഷ്യലിസം എന്നാൽ ദാരിദ്ര്യമാണെന്ന’ വലതുപക്ഷ പ്രചാരണത്തിന്റെ മുന ഒടിച്ചിരിക്കുകയാണ്‌ ചൈന. സാങ്കേതിക വിദ്യയിലായാലും ശാസ്‌ത്ര ഗവേഷണങ്ങളിലായാലും അതിവേഗ റെയിൽപാത നിർമാണത്തിലായാലും ബഹിരാകാശ പര്യവേക്ഷണത്തിലായാലും ലോകം അത്ഭുതത്തോടെയാണ്‌ ചൈനയുടെ മുന്നേറ്റത്തെ നോക്കി കാണുന്നത്‌. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും വൻനേട്ടമാണ്‌ അവർ കൈവരിച്ചിട്ടുള്ളത്‌. കോവിഡ്‌ ആദ്യം ബാധിച്ച ചൈന ദിവസങ്ങൾക്കകം തന്നെ വ്യാപനം തടഞ്ഞുനിർത്തിയത്‌ ആരോഗ്യമേഖലയിൽ ചൈന നടത്തിയ വൻ പൊതുനിക്ഷേപത്തിന്റെ ഫലമായാണെന്ന്‌ ലോകം അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്‌.

ചൈനയുടെ ഈ വളർച്ച സാധ്യമാക്കിയത്‌ അവിടെ ഭരണം നടത്തുന്ന ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നയങ്ങളുടെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണെന്ന്‌ നിസ്സംശയം പറയാം. ചൈനയെ സോഷ്യലിസ്‌റ്റ്‌ നിർമാണത്തിലേക്ക്‌  നയിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ ഇന്ന്‌ നൂറുവയസ്സായിരിക്കുന്നു. സേവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെ വലതുപക്ഷ മുതലാളിത്ത ശക്തികൾ കമ്യൂണിസത്തിന്റെ അന്ത്യം പ്രവചിച്ചുവെങ്കിലും ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി അധികാരത്തിൽ   തുടരുകയാണ്‌.  ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയപാർടിയാണ്‌ ഇന്നിത്‌. 1921 ജൂലൈ ഒന്നിന്‌ ലി ദഷവോ, ചെൻ ദുക്‌സിയു, മൗ സെ ദൊങ്‌ തുടങ്ങി 12 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽവച്ച്‌ രൂപംകൊണ്ട പാർടിയിന്ന്‌  ഒമ്പതരക്കോടി അംഗങ്ങളുള്ള പാർടിയായി വളർന്നിരിക്കുന്നു. ഇതിൽ 27 ശതമാനം പേർ സ്‌ത്രീകളാണ്‌. 34 ശതമാനം പേരും 40 വയസ്സിൽ താഴെയുള്ളവരാണ്‌. ചൈനയുടെ പ്രത്യേക സാഹചര്യത്തിൽ മാർക്‌സിസം–-ലെനിനിസവും മാവോ ചിന്തയും പ്രയോഗത്തിൽ വരുത്തി മുന്നേറുകയാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടി.

എണ്ണമറ്റ സമരങ്ങളിലുടെയും പോരാട്ടങ്ങളിലൂടെയും ആശയസംവാദത്തിലൂടെയുമാണ്‌  ചൈനയിലെ കമ്യൂണിസ്‌റ്റ്‌ പാർടി വളർന്നുപന്തലിച്ചത്‌. കൊളോണിയൽ മേധാവികൾക്കെതിരെയും ഫ്യൂഡൽ മാടമ്പിമാർക്കെതിരെയും  പൊരുതിനിന്ന്‌, കർഷകരും തൊഴിലാളികളും ഉൾപ്പെടുന്ന ആബാലവൃദ്ധം ജനങ്ങളുടെ പിന്തുണ ആർജിച്ചാണ്‌ കമ്യുണിസ്‌റ്റ്‌ പാർടി വളർന്നത്‌. 1917 ലെ റഷ്യൻ വിപ്ലവത്തിന്റെയും 1919 ലെ സാമ്രാജ്യത്വവിരുദ്ധ മെയ്‌ നാല്‌ പ്രസ്ഥാനത്തിന്റെയും  സ്വാധീനത്തിലാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ രൂപം നൽകുന്നത്‌. വലതുപക്ഷ കുമിന്താങ്ങുകളുമായി സഹകരിച്ചും എതിർത്തും മുന്നോട്ടുനീങ്ങിയ കമ്യൂണിസ്‌റ്റ്‌ പാർടി ജാപ് അധിനിവേശത്തെയും ധീരോദാത്തമായി പ്രതിരോധിച്ചു. ഒരു വേള കമ്യൂണിസ്‌റ്റ്‌ പാർടിയെ വളഞ്ഞിട്ട്‌ നശിപ്പിക്കാൻ ശ്രമമുണ്ടായപ്പോഴാണ്‌ പ്രസിദ്ധമായ ലോങ്  മാർച്ച്‌ നടന്നത്‌. 370 ദിവസം സഞ്ചരിച്ചാണ്‌ മാവോയും ചൂട്ടെയും ചൗ എൻ ലായ്‌യും മറ്റും കമ്യൂണിസ്‌റ്റ്‌ പാർടിയെ കാത്തുസുക്ഷിച്ചത്‌. ആറു ലക്ഷം കമ്യൂണിസ്‌റ്റ്‌ കേഡർമാരെ നഷ്‌ടപ്പെടുത്തിയായാലും ജാപ് സാമ്രാജ്യത്വത്തെ പരാജയപ്പെടുത്താനും റെഡ്‌ ആർമിക്കായി. 1949 ഒക്ടോബർ ഒന്നിന്‌  ചൈനീസ്‌ വിപ്ലവം വിജയിക്കുകയും കമ്യൂണിസ്‌റ്റ്‌ പാർടി അധികാരത്തിൽ വരികയും ചെയ്‌തു.

മാവോയുടെ നേതൃത്വത്തിലുള്ള ഭരണം ഭൂപരിഷ്‌കരണം നടപ്പിലാക്കുകയും വ്യവസായമേഖലയിൽ പൊതുമേഖലാവൽക്കരണം നടപ്പിലാക്കുകയും , സ്‌ത്രീകൾക്ക്‌ സമൂഹത്തിൽ തുല്യ അവകാശം ഉറപ്പാക്കുകയും ചെയ്‌തു. 1953 ൽ ആരംഭിച്ച പഞ്ചവത്സര പദ്ധതിയിലൂടെ സമഗ്രമായ അടിസ്ഥാന വികസനത്തിന്‌ തുടക്കം കുറിച്ചു. എന്നാൽ കമ്യൂണിസ്‌റ്റ്‌ പാർടിയെ ജനങ്ങളിൽനിന്നും അകറ്റിയ ‘മഹത്തായ കുതിച്ചുചാട്ടം’  ‘സാംസ്‌കാരിക വിപ്ലവം’ തുടങ്ങിയ തെറ്റായ പ്രവണതകളും ഇക്കാലത്ത്‌ തലപൊക്കി. വ്യക്തിപ്രഭാവം, ഇടതുപക്ഷ സാഹസികത തുടങ്ങിയ വ്യതിയാനങ്ങളും കമ്യൂണിസ്‌റ്റ്‌ പാർടിയെ സ്വാധീനിച്ചു. 1976 ൽ മാവോ അന്തരിച്ചതോടെ നാൽവർസംഘം അധികാരം പിടിക്കാനുള്ള ശ്രമവും നടത്തി. എന്നാൽ ഇതിനെയെല്ലാം അതിജീവിക്കാൻ ചൈനയിലെ കമ്യൂണിസ്‌റ്റ്‌ പാർടിക്കായി.

1978ൽ ചേർന്ന പാർടിയുടെ 11‐ാം കേന്ദ്രകമ്മിറ്റിയുടെ മൂന്നാമത്‌ പ്ലീനറി സമ്മേളനത്തിൽ വച്ച്‌ ദെങ് സിയാവോ പിങ്ങിന്റെ സാമ്പത്തിക നവീകരണ പ്രവർത്തനം ആരംഭിച്ചതോടെയാണ്‌ ചൈന മറ്റൊരു യുഗത്തിലേക്ക്‌ കടക്കുന്നത്‌. കമ്യൂണിസ്‌റ്റ്‌ പാർടി സോഷ്യലിസ്‌റ്റ്‌ ആധുനികവൽക്കരണം എന്ന്‌ വിശേഷിപ്പിച്ച ഈ പ്രക്രിയയാണ്‌ ചൈനയെ ഒരു കരുത്തുറ്റ ശക്തിയായി വളർത്തിയത്‌. ഈ പരിഷ്‌കരണത്തിന്റെ മറപറ്റി സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥയെ അട്ടിമറിക്കാനും അമേരിക്കൻ മോഡൽ നടപ്പിലാക്കാനും 1989 ൽ ടിയാനെൻമെൻ ചത്വരത്തിൽ നടന്ന വിദ്യാർഥികലാപം കരുവാക്കി ശ്രമമുണ്ടായെങ്കിലും അതിനെയും   അതിജീവിക്കാൻ കമ്യൂണിസ്‌റ്റ്‌ പാർടിക്കായി. ദെങ് തുടക്കം കുറിച്ച ചൈനീസ്‌ സവിശേഷതകളോടെയുള്ള സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥ ജിയാങ് സെമിന്റെയും ഹു ജിന്താവോവിന്റെയും കാലത്തും തുടർന്നു. 2012 ഷി ജിൻ പിങ് പാർടി സെക്രട്ടറിയായും പ്രസിഡന്റായും നിയമിതമായതോടെ ചൈനയെ ലോകത്തിലെ വൻശക്തിയായി ഉയർത്താനുള്ള ശ്രമങ്ങൾക്ക്‌ ആക്കം കൂടി. അതോടൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും അഴിമതി തുടച്ചുനീക്കാനും ശക്തമായ നീക്കങ്ങളാണ്‌ ഷി ജിൻ പിങ്ങിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌. എന്നും ജനങ്ങൾക്കൊപ്പം നിലകൊണ്ട്‌ അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കമ്യൂണിസ്‌റ്റ്‌ പാർടിക്കും ഗവൺമെന്റിനും ഇനിയും ഉയരങ്ങൾ കീഴടക്കാനാകുമെന്നതിൽ സംശയമില്ല.

ദേശാഭിമാനി മുഖപ്രസംഗം 010721

No comments:

Post a Comment