1921 ജൂലൈ ഒന്നിനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ (സിപിസി) പിറവി. 28 വർഷത്തിനുള്ളിൽ 1949ൽ ജനകീയ ജനാധിപത്യ വിപ്ലവം അവിടെ വിജയശ്രീലാളിതമായി. റഷ്യയിൽ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർടിയെന്ന ബോൾഷെവിക് പാർടിയുടെ മുൻഗാമി രൂപീകരിക്കപ്പെട്ടത് 1898ലെന്ന് കണക്കാക്കുമ്പോൾ 19 വർഷത്തിനുള്ളിൽ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം വിജയിച്ചെന്നും ഓർക്കാം.
ഫ്രഞ്ച് സാമ്രാജ്യത്വ നിയന്ത്രണത്തിലായിരുന്ന ഷാങ്ഹായി നഗരത്തിലെ ഒരു സ്ഥലത്തുവച്ചാണ് സിപിസി സ്ഥാപകസമ്മേളനം സംഘടിപ്പിച്ചത്. 57 പാർടി അംഗങ്ങളെ പ്രതിനിധാനംചെയ്‌ത് 12 പ്രതിനിധികളായിരുന്നു. ഫ്രഞ്ച് പൊലീസ് തടസ്സപ്പെടുത്തിയതിനെ തുടർന്ന് സഖാക്കൾ ഒരു നൗകയിൽ, ഷിജിയാങ് പ്രവിശ്യയിലെ ദക്ഷിണ തടാകത്തിൽ സഞ്ചരിച്ചുകൊണ്ടാണ് സമ്മേളന നടപടികൾ പൂർത്തീകരിച്ചത്. ഇന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയിലെ അംഗസംഖ്യ ഒമ്പത് കോടിയിൽ അധികമാണ്. സാഹസികമായി സമാരംഭിച്ച ചൈനയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അസംഖ്യം വളവുതിരിവുകളും മുന്നേറ്റങ്ങളും പിന്നോട്ടടികളും അതിജീവിച്ചാണ് ഇന്നത്തെ നിലയിലേക്ക് വളർന്നത്. മനുഷ്യരാശിയുടെ ചരിത്രത്തിൽ ജനകീയ ചൈനയ്ക്ക് ഇന്നുള്ള സ്ഥാനം അനന്യമാണ്. ഈ അടുത്ത നാളുകളിൽ നടന്ന ജി 7 ഉച്ചകോടി ചർച്ച ചെയ്ത വിഷയത്തിലൊന്ന് ചൈനയുടെ ‘ബെൽറ്റ് റോഡ് പദ്ധതിയെ നേരിടാ’നുള്ള ബദൽമാർഗങ്ങളായിരുന്നു. ലോക സമ്പദ്ഘടനയെ ചലിപ്പിക്കുന്ന എൻജിനാണ് ചൈനയെന്നും സാമ്പത്തികവിദഗ്‌ധർ പറയാറുണ്ട്. കോവിഡ് –-19 ആദ്യം കണ്ടെത്തിയ രാജ്യമെന്നനിലയിൽ ഡോണൾഡ് ട്രംപിനെപ്പോലെ ചിലർ ഉപരിവിപ്ലവമായി ചൈനയെ വിമർശിക്കാറുണ്ടെന്നും നമുക്കറിയാം. ഈ പശ്ചാത്തലത്തിൽ സിപിസിയുടെയും ആധുനികചൈനയുടെയും ചരിത്രം എന്താണെന്ന്, ഈ ശതാബ്ദി ആചരണവേളയിൽ ഹ്രസ്വമായി അവലോകനം ചെയ്യുന്നത് പ്രസക്തമാണ്.
സിപിസിയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത 12 പേരിൽ മൗ സെ ദൊങ്ങും ഉണ്ടായിരുന്നു. എങ്കിലും അതിന്റെ പ്രവിശ്യാതല നേതൃത്വത്തിലും ചൈനീസ് സമൂഹത്തെപ്പറ്റിയുള്ള ചില സൂക്ഷ്മ പഠനങ്ങളിലുമായിരുന്നു ആദ്യഘട്ടത്തിൽ മൗ കൂടുതൽ ശ്രദ്ധിച്ചത്. 1923ൽ നടന്ന മൂന്നാം സിപിസി കോൺഗ്രസിലാണ് മൗ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 12 വർഷത്തിനുശേഷം ചുവപ്പുസേനയുടെ കമാൻഡർ ഇൻ ചീഫായി മൗ ചുമതല ഏറ്റെടുത്തതോടെ ചൈനീസ് വിപ്ലവത്തിന്റെ മുഖ്യ നേതൃശക്തിയായി മൗ മാറി. 1924ൽ കാന്റണിൽ കുമിന്താങ് അതിന്റെ ഒന്നാം ദേശീയ കോൺഗ്രസ് ചേർന്നു. കമ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെ ഐക്യമുന്നണി നയം പിന്തുടർന്നുകൊണ്ട് കുമിന്താങ് സമ്മേളനത്തിലും കുമിന്താങ് പാർടിയിലും കമ്യൂണിസ്റ്റുകാരും പങ്കെടുത്തു. സൺയത് സെന്നിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങിലെ ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരും സഹകരിച്ച്, സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും കുമിന്താങ്ങിലെ വലതുപക്ഷത്തിനും എതിരായ സമരം ശക്തിപ്പെടുത്തിയ ഘട്ടമായിരുന്നു അത്. ഇതിന്റെ ഭാഗമായി സിപിസിയും കുമിന്താങ്ങും ചേർന്ന് ക്വാങ്ടങ് സംസ്ഥാനത്ത് ഒരു വിപ്ലവ സർക്കാരും സൈനിക പരിശീലനകേന്ദ്രവും സ്ഥാപിച്ചു. പ്രതിലോമ ശക്തികൾക്കെതിരെ ‘യാത്രായുദ്ധം’ നടത്താനും അതോടൊപ്പം തൊഴിലാളികൾ, കൃഷിക്കാർ, യുവാക്കൾ, മഹിളകൾ തുടങ്ങിയവരെ സംഘടിപ്പിക്കാനും ഈ ഘട്ടത്തിൽ സിപിസി പ്രത്യേകം താൽപ്പര്യമെടുത്തു. 1925 മാർച്ചിൽ സൺയത് സെന്നിന്റെ മരണവും ചിയാങ് കൈഷേക്കിന്റെ നേതൃത്വാരോഹണവും സിപിസിയും കുമിന്താങ്ങും തമ്മിലുള്ള സഹകരണത്തിന് ആഘാതമായി. ചിയാങ് വലതുപക്ഷത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരെ വേട്ടയാടാൻ തുടങ്ങി.
ചൈനീസ് കമ്യൂണിസ്റ്റ് പാർടി സംഘടനയുടെ ആവിർഭാവത്തിന് ‘1919ലെ മെയ് നാല്’ പ്രസ്ഥാനം പശ്ചാത്തലം ഒരുക്കിയെങ്കിൽ 1925ലെ ‘മെയ് 30 പ്രസ്ഥാനം’ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് വൻ ഉത്തേജനം നൽകി. ആദ്യത്തേത് പീക്കിങ്ങിൽ (ഇപ്പോൾ ബീജിങ്) ഉത്ഭവിച്ച് രാജ്യത്താകെ പടർന്നെങ്കിൽ രണ്ടാമത്തേത് ഷാങ്ഹായിൽ പൊട്ടിപ്പുറപ്പെട്ട് രാജ്യത്തെയാകെ ഇളക്കിമറിച്ചു. സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ വിദ്യാർഥികളും തൊഴിലാളികളും കൃഷിക്കാരും കച്ചവടക്കാരും ത്യാഗപൂർവം സമരഭൂമിയിൽ കൈകോർത്തു. ബ്രിട്ടീഷ് –- അമേരിക്കൻ –- ജാപ്പനീസ് പൊലീസ് സംഘങ്ങൾ വെടിയുണ്ടയുതിർത്ത് പ്രക്ഷോഭകരെ കൊന്നുവീഴ്ത്തി. തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് സമര നേതൃത്വത്തിലെത്തി. സമരം മറ്റു പ്രവിശ്യകളിലേക്ക് വ്യാപിച്ചു.
ക്വാങ്ടങ്ങിലെ ദേശീയ വിപ്ലവസേന വളരെ വേഗം സംസ്ഥാനത്തെ ഏകീകരിച്ചു. പെക്കിങ് കേന്ദ്രമാക്കി സാമ്രാജ്യത്വസേവ ചെയ്തിരുന്ന നാടുവാഴിത്ത ഭരണത്തെ നിഷ്‌കാസനം ചെയ്യാനായി 1926 ജൂലൈയിൽ ‘വടക്കൻ യുദ്ധയാത്ര’ ആരംഭിച്ചു. വിപ്ലവസേനയിലേക്ക് പതിനായിരക്കണക്കിന് പോരാളികൾ അണിചേരാൻ തുടങ്ങി. ഈ മുന്നേറ്റാന്തരീക്ഷം ട്രേഡ് യൂണിയനെയും കർഷകസംഘത്തെയും ഉത്തേജിപ്പിച്ചു. ടിയു അംഗസംഖ്യ 28 ലക്ഷമായി. കർഷകസംഘം അംഗത്വം 95 ലക്ഷം. മെയ് 30 പ്രസ്ഥാനത്തിനുമുമ്പ് സിപിസിയിൽ 900 അംഗങ്ങളായിരുന്നെങ്കിൽ സമരമുന്നേറ്റങ്ങളുടെ സ്വാധീനത്തിൽ അത് 57,900 ആയി ഉയർന്നു.
1927 മാർച്ച് 24ന് വടക്കൻ യുദ്ധയാത്രാസൈന്യം നാങ്കിങ് കീഴ്പ്പെടുത്തി. ബ്രിട്ടൻ, യുഎസ്എ, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നിവരുടെ നാവിക സൈന്യങ്ങൾ കടൽത്തീര പട്ടണങ്ങൾ ബോംബിട്ട് തകർത്തു. അവരോട് കൂട്ടുചേർന്ന് വഞ്ചകനായ ചിയാങ് കൈഷേക്ക് പ്രതിവിപ്ലവ നീക്കം നടത്തി. ഷാങ്ഹായ് കീഴടക്കി കമ്യൂണിസ്റ്റുകാരെയും തൊഴിലാളികളെയും കൂട്ടത്തോടെ കൊന്നൊടുക്കി.
ജനകീയ ചൈന റിപ്പബ്ലിക്
1927 ജൂലൈ 15ന് വുഹാനിൽ കുമിന്താങ് കമ്യൂണിസ്റ്റുകാരുമായുള്ള കൂട്ടുകെട്ട് ഔപചാരികമായി വിച്ഛേദിച്ചു. സിപിസിയുടെ ചരിത്രത്തിന്റെ ആദ്യഘട്ടമായി കണക്കാക്കുന്ന, ഒന്നാം വിപ്ലവ ആഭ്യന്തരയുദ്ധം (1921 –-1927) പരാജയത്തിൽ കലാശിച്ചു. ഇതിൽനിന്ന് ശരിയായ പാഠങ്ങൾ പഠിച്ചുകൊണ്ടാണ് രണ്ടാം വിപ്ലവ ആഭ്യന്തരയുദ്ധവും (1927–-1936) ജാപ്പ് ആക്രമണത്തിനെതിരായ ചെറുത്തുനിൽപ്പുയുദ്ധവും. (1937–- 45) മൂന്നാം വിപ്ലവ ആഭ്യന്തര യുദ്ധവും ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ സ്ഥാപനവും (1945–-1949) അതിസങ്കീർണമായ സാഹചര്യത്തിലാണ് സിപിസി വിജയകരമായി പൂർത്തീകരിച്ചത്. വിവരണാതീതമായ ത്യാഗവും പോരാട്ടധീരതയും കൈമുതലാക്കിയ ലക്ഷക്കണക്കിന് കമ്യൂണിസ്റ്റ് പോരാളികളുടെ രക്തസാക്ഷിത്വത്തിന്റെ ബാക്കിപത്രമാണ് 1949 ഓക്ടോബർ ഒന്നിന് മൗ സെ ദൊങ് പ്രഖ്യാപിച്ച ജനകീയ ചൈന റിപ്പബ്ലിക്കിന്റെ ഉദയം.
മഹത്തായ ഈ ചരിത്രത്തിലെ അവിസ്മരണീയമായ ഭാഗമാണ് ലോങ് മാർച്ച്. 370 ദിവസം നീണ്ടുനിന്ന 9000 കിലോമീറ്ററുകളിലേറെ സഞ്ചരിച്ച ഒന്നിലേറെ മാർച്ച് ഇതിന്റെ ഭാഗമായി നടന്നു. കുമിന്താങ് സേനയുടെ മാരകാക്രമണങ്ങൾ മറികടക്കാൻ സുരക്ഷിത താവളത്തിലേക്കുള്ള ഒഴിഞ്ഞുമാറലായിരുന്നു ഐതിഹാസികമായി പരിണമിച്ച വിപ്ലവസേനയുടെ ലോങ് മാർച്ച്. ജാപ്പ് അധിനിവേശ യുദ്ധത്തിന്റെ കാലഘട്ടത്തിൽ സിപിസി മുന്നോട്ടുവച്ച കുമിന്താങ്ങുമായി ചേർന്ന് ജാപ്പ് വിരുദ്ധ ഐക്യമുന്നണിയെന്ന ആശയം ചിയാങ് കൈഷേക്ക് തള്ളിക്കളഞ്ഞു. തെറ്റായ ആ നിലപാടുകാരനായ ചിയാങ് കൈഷേക്കിനെ, കുമിന്താങ് ഭടന്മാർ തന്നെ അറസ്റ്റുചെയ്ത നാടകീയ സംഭവവും കമ്യൂണിസ്റ്റുകാർ ഇടപെട്ട് ചിയാങ്ങിനെ മോചിതനാക്കിയ കൗതുകകരമായ അനുഭവവും മറ്റും ഇവിടെ വിവരിക്കുന്നില്ല. ‘ചൈനയ്ക്കുമേൽ ചുവപ്പ്താരം’ എന്ന എഡ്ഗാർസേനായുടെ പ്രശസ്തമായ ഗ്രന്ഥത്തിൽ ഇതെല്ലാം പ്രതിപാദിച്ചിട്ടുണ്ട്.
ചൈന മാറ്റത്തിന്റെ പാതയിലൂടെ
വിപ്ലവാനന്തരം ചൈന ആദ്യദശകത്തിൽ മൗവിന്റെ നേതൃത്വത്തിൽ ആവേശകരമായ മുന്നേറ്റങ്ങൾ നേടി. ഭൂപരിഷ്‌കരണവും പഞ്ചവത്സര പദ്ധതിയും സാക്ഷരതാ പ്രസ്ഥാനവും ജനകീയ ആരോഗ്യ നയവും ജനകീയ കമ്യൂണുകളും വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചു. എന്നാൽ “മഹത്തായ കുതിച്ചുചാട്ടം’’ എന്ന് നാമകരണം ചെയ്ത് ഗ്രാമങ്ങളെ ഒറ്റയടിക്ക് മാറ്റിത്തീർക്കാമെന്ന മൗവിന്റെ വിപ്ലവ സ്വപ്നം നടപ്പാക്കിയതിലെ വൈകല്യങ്ങൾ വലിയ തിരിച്ചടിയായി . “പരാജിതരെന്നും, വലതുപക്ഷക്കാരെന്നും’’ മുദ്രയടിക്കപ്പെടുമെന്ന് ഭയന്ന് കമ്യൂണുകളുടെ ചുമതലക്കാർ കാർഷിക പുരോഗതി സംബന്ധിച്ച് പെരുപ്പിച്ച കണക്കുകൾ ഇക്കാലത്ത് നൽകി. ക്ഷാമത്തിനും മരണങ്ങൾക്കും അതു വഴിവച്ചു. യഥാർഥത്തിൽ വൻ വിളവെടുപ്പുണ്ടായി എന്ന് വ്യാജ കണക്ക് നൽകുകയും കൃഷിക്കാർക്ക് ഭക്ഷിക്കാൻ വേണ്ടതുപോലും ബാക്കിവയ്‌ക്കാതെ ധാന്യങ്ങൾ ഏറ്റെടുക്കുകയും ചെയ്തതുപോലുള്ള തെറ്റുകൾ ഉണ്ടായതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. ഒന്നര കോടി മരണം ഇക്കാലഘട്ടത്തിൽ (1958 –- 1962) ഉണ്ടായതായി ആരോപിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പാർടി ചെയർമാൻ സ്ഥാനത്തുമാത്രം മൗ തുടരുകയും രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാകുകയും ചെയ്തത്.
1966 ൽ ആരംഭിച്ച് ഒരു പതിറ്റാണ്ട് നീണ്ടുനിന്ന “സാംസ്കാരിക വിപ്ലവം’’ ലോകത്തിന് ഒരു പുതിയ അനുഭവമായിരുന്നു. വിപ്ലവാനന്തരം സാംസ്കാരികമായ പോരാട്ടം സമൂഹത്തിലും വിപ്ലവപ്രസ്ഥാനത്തിനുള്ളിലും അനുപേക്ഷണീയമാണ് എന്ന കാഴ്ചപ്പാടോടുകൂടിയാണ് ഇത് ആരംഭിച്ചത്. “നൂറു പൂക്കൾ വിരിയട്ടെ, നൂറ് ചിന്താഗതികൾ ഏറ്റുമുട്ടട്ടെ’’ എന്ന കാവ്യാത്മകമായ മുദ്രാവാക്യം ലോകത്തിന് നൽകിയ മൗവാണ് ഇത് നയിച്ചത് എന്നതുമൂലം വലിയ പ്രതീക്ഷയോടെയാണ് പൊതുവെ ഇത് വീക്ഷിക്കപ്പെട്ടത്. നല്ല കാഴ്ചപ്പാടോടുകൂടിയ ഒരു പ്രസ്ഥാനം എങ്ങനെ വഴിതെറ്റാമെന്നാണ് പക്ഷെ, തുടർന്ന് വ്യക്തമായത്. അധികം വൈകാതെ സർവ നിയന്ത്രണങ്ങളും വിട്ട് തെരുവുയുദ്ധങ്ങളായി അതു മാറി. സാങ്കൽപ്പിക കുറ്റങ്ങളാരോപിച്ച് കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയരായവർ മുതൽ പലതലങ്ങളിൽ പ്രവർത്തിച്ച അസംഖ്യം പേർ സ്ഥാന ഭ്രഷ്ടരാവുകയോ ഗ്രാമങ്ങളിലേക്ക് കൃഷിപ്പണിചെയ്യാൻ നാടുകടത്തപ്പെടുകയോ ചെയ്തു. ലിയുഷാവോചി (എങ്ങനെ നല്ല കമ്യൂണിസ്റ്റാകാം എന്ന പഠന കൃതിയുടെ രചയിതാവും ചൈനീസ് പ്രസിഡന്റുമായിരുന്നു.) ദെങ്സിയാവോപിങ് (സി പി സി ജനറൽ സെക്രട്ടറി) തുടങ്ങിയവർ വേട്ടയാടപ്പെട്ടവരിൽ ഉൾപ്പെടും. മൗവിന്റെ കാലത്തുതന്നെ ദെങ്സിയാവോ പിങ്ങിനെ നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന നീക്കം ആരംഭിക്കുകയുണ്ടായി. 1976 സെപ്തംബറിൽ മൗവിന്റെ മരണത്തിന് ശേഷമാണ് തെറ്റുകൾ തിരുത്താനുള്ള സാഹചര്യം രൂപപ്പെട്ടത്. “മുന്നോട്ടുള്ള വൻ കുതിച്ചുചാട്ടത്തിൽ’’ സംഭവിച്ച പിശകുകളും സാസ്കാരിക വിപ്ലവത്തിന്റെ അനന്തരഘട്ടത്തിലുണ്ടായ ദുരന്തങ്ങളും “നാൽവർ സംഘ’’ത്തിന്റെ നേതൃത്വത്തിൽ സംഭവിച്ച അപകടങ്ങളും തിരുത്തുന്നതിൽ ദെങ്സിയോവോ പിങ്, ഹുയാവോബാങ്, ഷാവോ ഷിയാൻ എന്നിവരുടെ നേതൃത്വത്തിൽ സമാരംഭിച്ച നടപടികൾ ചൈനയുടെ ചരിത്രത്തിൽ ഒരു പുതിയഘട്ടമായിരുന്നു. അതിൽ ദെങ്ങിന്റെ സംഭാവനകൾ പ്രത്യേകം പ്രസ്താവ്യമാണ്.
ഇതിന്റെ ഭാഗമായാണ് നാല് ആധുനീകരണ പരിപാടികൾ ആവിഷ്‌കരിച്ചത്. 1. കൃഷി, 2. വ്യവസായം, 3. ശാസ്ത്രവും സാങ്കേതിക വിദ്യയും, 4. പ്രതിരോധം എന്നീ മേഖലകളിൽ സമഗ്രമായ അഴിച്ചുപണി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനത്തിന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും സോഷ്യലിസ്റ്റ് കമ്പോള വ്യവസ്ഥ എന്ന ആശയവും അന്ന് മുന്നോട്ട് വയ്‌ക്കപ്പെട്ടു. ചൈനയ്ക്ക് ഒത്ത സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ ഭാഗമെന്ന നിലയിലാണ് ഈ പരിഷ്കാരങ്ങൾ ആരംഭിച്ചത്. പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉൽപ്പാദനക്ഷമത ഉയർത്തും എന്നതായിരുന്നു കാഴ്ചപ്പാട്. ഇതിന്റെ ഭാഗമായി രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങൾ ഒരു പരിധിവരെ പ്രവിശ്യകളിലേക്കും മേഖലകളിലേക്കും വിഭജിച്ച് നൽകിയത് വളരെ പ്രധാനമാണെന്ന് ഡേവിഡ് ഹാർവി (എ ബ്രീഫ് ഹിസ്‌റ്ററി ഓഫ് നിയോ ലിബറലിസം ) എന്ന കൃതിയിൽ അഭിപ്രായപ്പെടുന്നു.
പ്രാദേശിക മുൻകൈ വളർത്തിയെടുക്കാൻ ഈ നയം വലിയ പ്രചോദനമായി. വിദേശ വാണിജ്യം, വിദേശ നിക്ഷേപം എന്നിവയുടെ സാധ്യതകൾ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ സൂക്ഷ്മ ദൃഷ്ടിക്കുകീഴിൽ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. ഇത് തുടക്കത്തിൽ ഹോങ്കോങ്ങിനെ തൊട്ടുകിടക്കുന്ന ഗ്വാങ്ഡോങ് പ്രവിശ്യയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. സാങ്കേതിക വിദ്യ ലഭ്യമാക്കാനും കൃഷിയിലും വ്യവസായത്തിലും സേവനമേഖലയിലും അത് ഉപയോഗപ്പെടുത്തി മികച്ച സാമ്പത്തിക വളർച്ച നേടാനും ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക ഗവേഷണ മേഖലകളിൽ മുന്നേറാനും ഇക്കഴിഞ്ഞ നാലുപതിറ്റാണ്ടുകാലത്ത് ചൈനയ്ക്ക് സാധ്യത തുറന്നുകൊടുത്തത് ഈ നവ നയങ്ങളാണ്. ലെനിൻ പുതിയ സാമ്പത്തിക നയമെന്ന പേരിൽ (എൻ ഇ പി) വിപ്ലവാനന്തര റഷ്യയിൽ നടപ്പാക്കാൻ ശ്രമിച്ചത് ചൈനീസ് സാഹചര്യത്തിൽ ആറുപതിറ്റാണ്ടുകൾക്ക് ശേഷം നടപ്പാക്കാനാണ് സി പി സി, ദെങ്ങിന്റെ നേതൃത്വത്തിൽ മുന്നോട്ട് വന്നത്. 1998 ൽ ഇ എം എസ് നടത്തിയ ഒരു നിരീക്ഷണത്തിൽ ഇത് ചൂണ്ടിക്കാണിക്കുകയുണ്ടായി.
ബ്രിട്ടൻ കൈവശം വച്ചിരുന്ന ഹോങ്കോങ് ജനകീയ ചൈന ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ എവിടെയെത്തുമെന്ന് ലോകം ആശങ്കപ്പെട്ട നാളുകൾ മറക്കാറായിട്ടില്ല. “ഒരു രാഷ്ട്രം രണ്ട് വ്യവസ്ഥകൾ’’ എന്ന സിദ്ധാന്തം മുന്നോട്ട് വച്ചുകൊണ്ട് ദെങ് അതിന് അസാധാരണകരമായ പരിഹാരം കണ്ടെത്തി. ചൈനയുടെ ഭാഗമായാലും ഹോങ്കോങ്ങിൽ മുതലാളിത്ത വ്യവസ്ഥ ഉടനടി അവസാനിപ്പിക്കുകയില്ല എന്നാണ് ആ പ്രസ്താവനയുടെ വിശദീകരണം. ഈ സമീപനത്തിനുള്ളിൽനിന്ന് ഹോങ്കോങ്ങും മക്കാവുവും ഇന്ന് ചൈനയുടെ ഭാഗമായി. തൈവാൻ വിഘടിതപ്രദേശമായി തുടരുകയാണ്.
നേട്ടങ്ങളിൽ അഭിമാനിച്ച് പിശകുകൾ തിരുത്തി മുന്നോട്ട്
2019ൽ 14.4 ലക്ഷം കോടി ഡോളറായി ചൈനയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം വർധിച്ചിരിക്കുന്നു. അമേരിക്കയ്ക്കുപിന്നിൽ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ചൈന വളർന്നു എന്നാണ് ഇതിന്റെ അർഥം. ഇന്ത്യയുടെ അഞ്ചുമടങ്ങിലധികമാണ് ചൈനയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം എന്നും ഓർക്കാം. സിപിസി രൂപീകരണത്തിന്റെ ശതാബ്ദി ആചരണം 2021ൽ നടക്കുമ്പോൾ കൊടും ദരിദ്രരില്ലാത്ത രാജ്യമായി ചൈനയെ ഉയർത്തണം എന്ന ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു. അത് ഇപ്പോൾ ചൈന സാക്ഷാൽക്കരിച്ചു കഴിഞ്ഞു.
ഇനി 28 വർഷം കഴിഞ്ഞാൽ ജനകീയ ചൈന റിപ്പബ്ലിക് സ്ഥാപിതമായതിന്റെ 100 വർഷം പൂർത്തിയാകും. അപ്പോഴേക്കും മിതമായ വളർച്ച നേടിയ സോഷ്യലിസ്റ്റു രാജ്യമായി ചൈനയെ വളർത്തുക എന്ന ലക്ഷ്യമാണ് സിപിസി പ്രഖ്യാപിച്ചിട്ടുള്ളത്. സിപിസിയുടെ പൊതുപരിപാടി ഇപ്രകാരം പ്രഖ്യാപിക്കുന്നു. “ചൈന സോഷ്യലിസത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ്; ദീർഘകാലം അതങ്ങനെ തുടരുകയും ചെയ്യും. സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കത്തിലായിരുന്ന ചൈനയുടെ സോഷ്യലിസ്റ്റ് ആധുനികവൽക്കരണത്തിൽ ചാടിക്കടക്കാവുന്ന ഒരു ചരിത്രഘട്ടമല്ല ഇത്. നൂറുകൊല്ലത്തിലധികമെടുത്താകും ഇതവസാനിക്കുക. സോഷ്യലിസ്റ്റ് നിർമാണത്തിൽ നമ്മുടെ സവിശേഷ സ്ഥിതിഗതികളിൽനിന്ന് നാം മുന്നേറുകയും ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസ്റ്റ് പാതയിലേക്ക് നീങ്ങുകയും വേണം.’’ ഇതിന്റെ അർഥം ജനകീയ ചൈന പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കുന്നില്ല എന്നല്ല. സിപിസി ജനറൽ സെക്രട്ടറിയും ചൈനയുടെ പ്രസിഡന്റുമായ ഷീ ജിൻപിങ്ങ് മൂന്ന് മേഖലയിൽ പാർടിയും ഭരണസംവിധാനവും ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് ആവർത്തിച്ച് സൂചിപ്പിച്ചു.
സാമ്പത്തിക അസമത്വം സാമ്പത്തികവളർച്ചയ്ക്കൊപ്പം തുടരുന്നതാണ് ഏറ്റവും പ്രധാന വിഷയം. പലതലങ്ങളിലും അഴിമതി വ്യാപിക്കുന്നതിനെതിരെ ശക്തമായ തിരുത്തൽ ജാഗ്രതയോടെ ഏറ്റെടുക്കണമെന്നതാണ് സഖാവ് അടിവരയിടുന്ന രണ്ടാമത്തെ പ്രശ്നം. പാരിസ്ഥിതിക സന്തുലനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ് മൂന്നാമത്തെ ഗുരുതരമായ പ്രശ്നം. ചുരുക്കത്തിൽ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോൾത്തന്നെ സ്വയം വിമർശപരമായി പിശകുകളും കുറവുകളും തിരിച്ചറിഞ്ഞ് തിരുത്താനുള്ള കമ്യൂണിസ്റ്റ് സമീപനം സിപിസി പിന്തുടരുന്നു. ഇത് എത്രത്തോളം വിജയിക്കുമെന്നതിൽ നമുക്കെല്ലാം താൽപ്പര്യമുണ്ട്. ലോക ജനസംഖ്യയിൽ ഒന്നാമതുള്ള, (നൂറ്റി നാൽപ്പത്തി നാലുകോടി) ചൈന കടുത്ത ദാരിദ്ര്യമില്ലാത്ത ഒരു സമൂഹം സൃഷ്ടിച്ചത് ചരിത്ര വിജയമാണ്. “കിഴക്കിന്റെ രോഗിയെന്ന്’’ വിളിക്കപ്പെട്ട രാജ്യം, ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽനിന്ന് കറുപ്പ് തുടങ്ങിയ മയക്കുമരുന്നുകൾ കൊണ്ടുചെന്ന് വിറ്റഴിച്ച് രോഗാതുരമാക്കപ്പെട്ട ജനത; ദല്ലാൾ (കോംപ്രദോർ) ബൂർഷ്വാസിയാലും വ്യത്യസ്ത സാമ്രാജ്യത്വശക്തികളാലും ചൂഷണം ചെയ്യപ്പെട്ടുപോന്ന പിന്നണി രാജ്യം, ഏഴു പതിറ്റാണ്ടിൽ കൈവരിച്ച പുരോഗതി വിസ്മയകരമാണ്. അതിന്റെ പിന്നിലെ മുഖ്യശക്തി കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ നേതൃത്വത്തിലുള്ള നിലയ്ക്കാത്ത ബഹുജന സമരങ്ങളും സദാ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ മൂർത്തമായി പരിശോധിച്ച് സാധ്യമായത്ര ശാസ്ത്രീയമായി ഇടപെടുന്ന സമീപനവുമാണ്.
ചൈനയുടെ പ്രതിശീർഷ ദേശീയ വരുമാനം 1978ൽ കേവലം 200 ഡോളർ ആയിരുന്നെങ്കിൽ 2019ൽ അത് 10,410 ഡോളറായി ഉയർന്നു. ഇതേ കാലയളവിൽ 85 കോടി ജനതയെ ദാരിദ്ര്യത്തിൽനിന്ന് ചൈന കരകയറ്റുകയുണ്ടായി. അതിസമ്പന്നരുടെ വരുമാനവർധനകൊണ്ടും ശരാശരി പ്രതിശീർഷ വരുമാനം ഉയരുമല്ലോ എന്ന വിമർശപരമായ ആശങ്കയ്ക്കുള്ള മറുപടിയാണ് ചൈനയിൽ നടന്ന സാമ്പത്തിക മഹാത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദാരിദ്ര്യനിർമാർജന യജ്ഞത്തിന്റെ മഹാവിജയം. സമൂഹത്തിന്റെ സർവ മേഖലയിലും ശ്രദ്ധേയമായ മുന്നേറ്റം ചൈന കൈവരിച്ചിട്ടുണ്ടെന്നത് തർക്കമറ്റകാര്യമാണ്. സോഷ്യലിസ്റ്റ് ജനാധിപത്യ മാതൃകകൾ വികസിപ്പിച്ചെടുക്കുന്നതിലും ചൈന മികച്ച വിജയം നേടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ചൈന പിന്തുടരുന്ന സവിശേഷമായ സോഷ്യലിസ്റ്റ് നിർമാണപാത ചർച്ച ചെയ്യുമ്പോൾ ഒരു പ്രധാനകാര്യം ഓർമയിൽവയ്ക്കേണ്ടതുണ്ട്. സമത്വപൂർണമായ ഒരു സമൂഹം എപ്രകാരം കെട്ടിപ്പടുക്കണമെന്ന ഏറ്റവും സുപ്രധാനമായ കാര്യത്തെപ്പറ്റി കാൾ മാർക്സും എംഗൽസും വളരെക്കുറച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ. ആ ചുമതല ഭാവിയിൽ ഏറ്റെടുക്കേണ്ടിവരുന്ന വിപ്ലവകാരികൾക്കാകും കൂടുതൽ പ്രായോഗികമായി ചിന്തിക്കാനും പ്രവർത്തിക്കാനുമാകുക എന്നാണോ അവർ വിചാരിച്ചിട്ടുണ്ടാകുക എന്നറിഞ്ഞുകൂടാ. ചൂഷണവ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു എന്നും അതിന്റെ ചലന നിയമങ്ങൾ എങ്ങനെ കൂടുതൽ ഉയർന്ന മറ്റൊരു സാമ്പത്തിക–-സാമൂഹ്യ വ്യവസ്ഥയ്ക്ക് വഴിമാറിക്കൊടുക്കാൻ നിർബന്ധിതരാകുമെന്നും അവർ സാധ്യമായത്ര ശാസ്ത്രീയമായി ചൂണ്ടിക്കാട്ടി. മാത്രമല്ല, ആ മാറ്റത്തിൽ തൊഴിലാളിവർഗം, കൃഷിക്കാർ, അടിച്ചമർത്തപ്പെടുന്നവർ, ചൂഷകവർഗത്തിൽനിന്നുതന്നെ നിലപാടുമാറ്റി വിമോചന പോരാട്ടത്തിനൊപ്പം അണിനിരക്കുന്നവർ തുടങ്ങി ഒരു വലിയ സമരനിര രൂപപ്പെടുമെന്നും ഓരോ രാജ്യത്തെയും സാഹചര്യ വ്യത്യാസങ്ങൾകൂടി കണക്കിലെടുത്താണ് അത് സംഭവിക്കുക എന്നും ചുരുക്കം വാക്കുകളിൽ അവർ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഭാവിസമൂഹത്തെപ്പറ്റി “ ഗോഥാ പരിപാടിയുടെ വിമർശ”ത്തിലാണ് ഇതിനു പുറമേ ചില പ്രധാനനിരീക്ഷണങ്ങളുള്ളത്.
ചൂഷണാനന്തരം, സമത്വപൂർണമായ സമൂഹനിർമിതി വളരെ സങ്കീർണമായ വിപ്ലവം വിജയിപ്പിക്കുന്നതുപോലയോ അതിലുമേറെയോ ശ്രമകരമായ ഒരു പ്രക്രിയയാണ്. ബോൾഷെവിക്ക് വിപ്ലവാനന്തരമുള്ള റഷ്യയുടെയും കിഴക്കൻ യൂറോപ്പിന്റെയും ജനകീയ ചൈനയുടെയും അനുഭവങ്ങൾ പല അർഥതലങ്ങളിൽ ഈ വസ്തുതയ്ക്ക് അടിവരയിടുന്നുണ്ട്. സോഷ്യലിസ്റ്റ് സമൂഹനിർമിതിക്ക് സർവരാജ്യത്തിനും ഒരുപോലെ ബാധകമായ കുറിപ്പടികളില്ല; ചില പൊതു മാർഗരേഖകളെ ഉള്ളൂ എന്നർഥം. അതിന്റെ വെളിച്ചത്തിൽ ഓരോ ചരിത്രഘട്ടത്തിലും ഓരോ സമൂഹത്തിന്റെയും സവിശേഷതകൾ സൂക്ഷ്മമായി അപഗ്രഥിച്ച് ആ രാജ്യത്തെ വിപ്ലവപ്രസ്ഥാനം ഓരോ സാഹചര്യത്തിനും അനുയോജ്യമായ സമരപരിപാടികളും നയസമീപനങ്ങളും പ്രവർത്തനപദ്ധതികളും വൈരുധ്യാത്മകമായി ആവിഷ്കരിച്ച് നടപ്പാക്കുകയാണ് വേണ്ടത്. അത് പ്രയോഗത്തിൽ വരുത്തുമ്പോഴുള്ള നാനാതരം അനുഭവങ്ങൾ വിലയിരുത്തി വേണ്ട തിരുത്തലുകളും വേണ്ടിവരും. ഇത് സൂക്ഷ്മമായി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ചെറുതും വലുതുമായ തിരിച്ചടികളും ഉണ്ടാകും. ഈ വസ്തുതകളാണ് നൂറ്റാണ്ട് പൂർത്തിയാക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ സംഭവബഹുലമായ ചരിത്രം–-മഹാനേട്ടങ്ങളുടെയും ഗൗരവമുള്ള കോട്ടങ്ങളുടെയും ചരിത്രം ലോകത്തോട് പറയുന്നത്.
എം എ ബേബി
No comments:
Post a Comment