ന്യൂഡൽഹി > കേരളത്തെ തള്ളിപ്പറഞ്ഞ് തെലങ്കാനയിലേക്ക് പോകാനൊരുങ്ങുന്ന കിറ്റെക്‌സ്, ആയിരം കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നത് നാലു വർഷത്തോളമായി ശൂന്യമായി കിടക്കുന്ന ടെക്‌സ്‌റ്റൈൽ പാർക്കിൽ. വാറങ്കലിലെ കാകതീയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിലേക്കാണ് തെലങ്കാന കിറ്റെക്‌സിനെ കൊണ്ടുപോകുന്നത്. 2017 സെപ്‌തംബർ 22നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർറാവു പാർക്ക് ഉദ്‌ഘാടനം ചെയ്‌തത്. കോടികളുടെ നിക്ഷേപമുണ്ടാകുമെന്നും ആയിരക്കണക്കിനാളുകൾക്ക് തൊഴിലവസരമുണ്ടാകുമെന്നും ടിആർഎസ് സർക്കാർ അവകാശപ്പെട്ടെങ്കിലും ഒരു കമ്പനിപോലും എത്തിയില്ല.
പാർക്കിന്റെ ഉദ്‌ഘാടനവേളയിൽ 22 കമ്പനിയുമായി ധാരണപത്രമായെന്നും 3900 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. 27,000 പേർക്ക് നേരിട്ടും അരലക്ഷം പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും പറഞ്ഞു. എന്നാൽ, ധാരണപത്രത്തിനപ്പുറം കാര്യങ്ങൾ നീങ്ങിയില്ല. 1200 ഏക്കർ പാർക്ക് നോക്കുകുത്തിയായത് വലിയ രാഷ്ട്രീയ വിവാദവുമായി. മുഖ്യമന്ത്രിയുടെ മകൻ കെ ടി രാമറാവുവാണ് സംസ്ഥാന കൈത്തറി മന്ത്രി. നിക്ഷേപമൊന്നും വരാത്തത് മന്ത്രിയുടെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വാറങ്കലിൽ ഏപ്രിലിൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായതും ടെക്‌സ്‌റ്റൈൽ പാർക്കാണ്. ആറു മാസത്തിനകം പാർക്ക് പ്രവർത്തിക്കുമെന്നും അല്ലെങ്കിൽ രാജിവയ്‌ക്കുമെന്നും പഞ്ചായത്തീരാജ് മന്ത്രി ഇ ദയാകർ റാവു പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു.
മൂന്നുമാസം പിന്നിട്ടിട്ടും കാര്യങ്ങൾ മാറിയില്ല. അതിനിടെയാണ് കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബിന്റെ പ്രഖ്യാപനം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. പാർക്കിൽ ഒരു യൂണിറ്റെങ്കിലും തുടങ്ങി മുഖംരക്ഷിക്കാനാണ് തെലങ്കാന സർക്കാർ കിണഞ്ഞുശ്രമിക്കുന്നത്.
No comments:
Post a Comment