ചൈനയുടെയും ചൈനീസ് കമ്യൂണിസ്‌റ്റ് പാർടിയുടെയും(സിപിസി) കരുത്തിന്റെ കാഹളമായി പാർടി ശതാബ്ദി ആഘോഷ സമാപനം. സൈനികാഭ്യാസവും വർണാഭമായ പരിപാടികളുമായി ചരിത്ര മുഹൂർത്തം അവിസ്മരണീയമായി. 71 വർഷം പിന്നിട്ട റിപബ്ലിക്കിന്റെ സൈനികശക്തി വിളിച്ചോതി 71 വിമാനം അണിനിരന്ന വ്യോമാഭ്യാസത്തോടെയാണ് ആഘോഷം തുടങ്ങിയത്. ഏറ്റവും പുതിയ 20 സ്‌റ്റെൽത് ജെറ്റ് വിമാനങ്ങളും ഹെലികോപ്ടറുകളും പരിശീലന പോർ വിമാനങ്ങളും കാഴ്‌ചയുടെ വസന്തം സമ്മാനിച്ചു.
100 വർഷം മുമ്പ് പാർടി സ്ഥാപന വേളയിലെ മൗ സെ ദൊങ്ങിനെ അനുസ്മരിപ്പിക്കും വിധം ചാരനിറത്തിലുള്ള സ്യൂട്ടണിഞ്ഞാണ് ഷി ജിൻപിങ് ടിയാനൻമെൻ ഗേറ്റിന്റെ മട്ടുപ്പാവിൽ എത്തിയത്. ജനകീയ റിപ്പബ്ലിക്കിന്റെ സ്ഥാപകനായ മൗവിന്റെ കൂറ്റൻ ചിത്രത്തിന്ന് മുന്നിൽ, വർത്തമാന ചൈനയെ രൂപപ്പെടുത്തുന്നതിൽ മഹത്തായ പങ്ക് വഹിച്ച നേതാക്കൾ ഓരോരുത്തരെയും പ്രത്യേകം പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ മണിക്കൂറിലേറെ നീണ്ട പ്രസംഗം. സിപിസി മുൻ നേതാക്കൾ ഹു ജിന്താവോ, വെൻ ജിയാബോ എന്നിവരും പങ്കെടുത്തു. മുൻ ജനറൽ സെക്രട്ടറി ജിയാങ് സെമിൻ, സു റോങ്‌ജി എന്നിവർക്ക് പ്രായാധിക്യം മൂലം എത്താനായില്ല. അതേസമയം ഇന്ത്യയടക്കം ചില രാജ്യങ്ങളിൽ ചൈനാവിരുദ്ധർ സിപിസിക്കെതിരെ പ്രകടനം നടത്തി.
വിരട്ടൽ ചൈനയോട് വേണ്ട: ഷി ജിൻപിങ്
ചൈനയെ വിരട്ടാനും അടിച്ചമർത്താനും കീഴ്‌പ്പെടുത്താനും ഒരു വിദേശശക്തിയേയും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഷി ജിൻപിങ്. മറ്റ് രാജ്യങ്ങളെ തകർക്കാനോ കീഴ്‌പ്പെടുത്താനോ ചൈന ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. എന്നാൽ ചൈനയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഏത് ശക്തിയും 140 കോടി ജനങ്ങൾ ഒറ്റക്കെട്ടായി തീർക്കുന്ന വൻമതിലിന്റെ കരുത്തിനെ നേരിടേണ്ടി വരും. ചൈനീസ് കമ്യൂണിസ്‌റ്റ് പാർടിയുടെ ശതാബ്ദി ആഘോഷ സമാപനത്തിലാണ് പാർടി ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം അമേരിക്കയുടെ പേര് പറയാതെ മുന്നറിയിപ്പ് നൽകിയത്.
രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനുള്ള ചൈനീസ് ജനതയുടെ നിശ്ചയദാർഢ്യം വിലകുറച്ചു കാണുന്നത് മണ്ടത്തരമാകുമെന്നും ഷി മുന്നറിയിപ്പ് നൽകി. ‘ചൈനീസ് സൈന്യത്തിന്റെ നവീകരണം വേഗത്തിൽ പൂർത്തിയാക്കി ലോകോത്തര നിലവാരത്തിൽ എത്തിക്കും. ലോകസമാധാനവും രാജ്യത്തിന്റെ പരാമാധികാരവും വികസന താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. ചൈന ആർജിച്ച പുരോഗതി കമ്യൂണിസ്റ്റ് പാർടിയെ ഒഴിച്ചുനിർത്തി സാധ്യമാകുമായിരുന്നില്ല. തുടർന്നും മാർക്സിസത്തിൽ ഊന്നിയും അത് രാജ്യത്തിന്റെ സാഹചര്യത്തിന് അനുസൃതമായി സ്വാംശീകരിച്ചും കൂടുതൽ കരുത്താർന്ന ചൈന കെട്ടിപ്പടുക്കും. പാർടിയെ തളർത്താൻ ശ്രമിക്കുന്ന വൈറസുകളെ തുടച്ചുനീക്കും. സിൻജിയാങ്, ഹോങ്കോങ് അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളും. മറ്റ് രാജ്യങ്ങളിൽനിന്നടക്കം ക്രിയാത്മകമായ ഏത് വിമർശനവും അർഹമായ ബഹുമാനത്തോടെ സ്വീകരിക്കും. എന്നാൽ, മറ്റുള്ളവരെ ഗുണദോഷിക്കാൻ അവകാശമുള്ളവരെന്ന് നടിക്കുന്നവരുടെ വാചകമടി തള്ളും.
പട്ടിണിയകറ്റാനും അഴിമതി നിയന്ത്രിക്കാനും സമൂഹ്യപുരോഗതി സാധ്യമാക്കാനും രാജ്യത്തിനായി. സാമൂഹ്യ–- സാമ്പത്തിക നവീകരണത്തിൽ ഇനി ശ്രദ്ധയൂന്നണം. ഹോങ്കോങ്ങിലും മകാവുവിലും ഇതിനനുസൃതമായ നയം നടപ്പാക്കും’. തായ്‌വാനെ രാജ്യത്തിന്റെ ഭാഗമാക്കി ഉറപ്പിക്കുകയെന്നത് സിപിസിയുടെ ചരിത്രപരമായ ദൗത്യമാണെന്നും ഷി പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങിനെത്തിയ 70,000 പാർടി പ്രവർത്തകരും സ്കൂൾ കുട്ടികളുമടങ്ങിയ സദസ് കരഘോഷത്തോടെ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ പിന്തുണച്ചു.
No comments:
Post a Comment