മൗ സെ ദൊങ്ങിന്റെ പല ജീവിതചരിത്രങ്ങളിലും കാണുന്ന കൗതുകകരമായ ഒരു വസ്തുതയുണ്ട്: കൗമാരം പിന്നിടാറായ കാലത്താണ് മൗ ആദ്യമായി ഒരു പത്രം കാണുന്നതത്രേ! താരതമ്യേന മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയിലുള്ള കർഷകന്റെ മകനായി 1893 ഡിസംബർ 26നാണ് മൗ ജനിച്ചത്; ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഷാവോഷാനിൽ. അച്ഛന്റെ സാമ്പത്തികശേഷിയുടെ പിൻബലത്തിൽ മൗ കുട്ടിക്കാലത്തുതന്നെ അക്ഷരാഭ്യാസം നേടി. അന്ന് ചൈനയിൽ പ്രത്യക്ഷമായിരുന്ന ക്ലാസിക്കൽ വിജ്ഞാനവും കൺഫ്യൂഷൻ ആശയങ്ങളുമായിരുന്നു മൗവിന്റെയും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. ലോകകാര്യങ്ങളെക്കുറിച്ച് കാര്യമായറിയാതെ, അതേക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പത്രംപോലും കാണാതെ, 15 വയസ്സോളം മൗ ജീവിച്ചു. മൗവിന്റെ മാത്രമല്ല ചൈനീസ് ജനതയിൽ മഹാഭൂരിപക്ഷത്തിന്റെയും ജീവിതാവസ്ഥയും ജീവിതനിലവാരവും ഇതിനേക്കാളും എത്രയോ പിൻനിലയിലായിരുന്നു. നാഗരികതയുടെയും വിജ്ഞാനത്തിന്റെയും പ്രഭവങ്ങളിലൊന്നായി ലോകം വാഴ്ത്തിയ ചൈന അക്കാലമായപ്പോഴേക്കും ഒരു ‘മയങ്ങുന്ന വ്യാളി’യായി മാറിക്കഴിഞ്ഞിരുന്നു.
വിനാശകരവും ഭീമാകാരവുമായ ഈ മയക്കത്തിൽനിന്നാണ് മൗ ചൈനയെ ഒരു ലോകശക്തിയായി ഉണർത്തിയത്. ഒരു നൂറ്റാണ്ടിനിപ്പുറം, ഏറ്റവും വലിയ സാമ്പത്തിക–- സൈനികശക്തി എന്ന പദവിയിലേക്ക് ഏതാനും പടവുകൾമാത്രം ബാക്കിയുള്ള രാജ്യമായി ചൈന മാറിയതിന്റെ തുടക്കം അതായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മാർക്സിസ്റ്റ് രാഷ്ട്രീയപ്രയോഗത്തിന്റെ അനന്യവും അസാധാരണവുമായ ആവിഷ്കാരമായിരുന്നു അത്. കോടാനുകോടി കർഷകരെ വിപ്ലവപരമായ നിർവഹണശേഷിയുടെ മുൻനിരപ്പോരാളികളാക്കി അണിനിരത്തിയും ഗറില്ലാ സമരതന്ത്രങ്ങൾ ആവിഷ്കരിച്ചും മൗ ചൈനയെ വിപ്ലവ വഴിയിലേക്ക് നയിച്ചു. ഈ രണ്ട് വഴിയും അസാധാരണമായിരുന്നു. അത് തൊഴിലാളിവർഗ വിപ്ലവത്തെക്കുറിച്ചുള്ള പ്രഖ്യാപിതമായ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്നതായിരുന്നില്ല. എങ്കിലും മൗവിന്റെ അത്യന്തം നിശിതമായ രാഷ്ട്രീയ ജാഗ്രതയും അനുഭവജ്ഞാനവും അതിൽ പടുത്തുയർത്തിയ സമരതന്ത്രവും മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ ചരിത്രത്തെതന്നെ വഴിതിരിച്ചുവിടാൻ പോന്നതായി.
മാർക്സിസ്റ്റ് രാഷ്ട്രീയപ്രയോഗത്തിന് മൗ നൽകിയ മൗലിക സംഭാവനകളെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ മാർക്സിസ്റ്റ് പഠിതാക്കളിൽ പ്രധാനിയായ സ്റ്റുവർട്ട് ഷ്റാം നാല് കാര്യം എടുത്തു പറയുന്നുണ്ട്. അതിൽ ഒന്നാമത്തേത് ബഹുജന ലൈൻ എന്ന ആശയമാണ്. സാമാന്യജനങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തം രാഷ്ട്രീയപ്രയോഗത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് സങ്കല്പത്തിലും പ്രയോഗരൂപങ്ങളിലും സന്നിവേശിപ്പിക്കാൻ മൗവിന് കഴിഞ്ഞു. ഇത് വിപ്ലവസമരത്തെയപ്പാടെയോ ഭരണനിർവഹണത്തെയോ ആൾക്കൂട്ടത്തിന് കൈമാറുക എന്ന അരാജകത്വമല്ല. മറിച്ച് താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തം, വിപ്ലവഭരണകൂട സങ്കല്പങ്ങളുമായി ഒത്തിണക്കി മാർക്സിസ്റ്റ് സമീക്ഷയെ വികസിപ്പിക്കുക എന്നതാണ്. വിപ്ലവവിജയത്തിൽ മൗവിന്റെ നിർണായകമായ ഈ പുനർവ്യാഖ്യാനത്തിന് വലിയ പങ്കുള്ളതായി പിൽക്കാലത്ത് പൊതുവെ വിലയിരുത്തിയിട്ടുണ്ട്.
മാനുഷികമായ നിർവാഹകത്വത്തെ വിപ്ലവപ്രയോഗത്തിന്റെ അനിവാര്യഭാഗമായി പറഞ്ഞുറപ്പിച്ചു എന്നതാണ് രണ്ടാമത്തെ കാര്യം. സൈദ്ധാന്തികമായ തലത്തിൽ ഇതൊട്ടും പുതിയകാര്യമല്ല. ‘മനുഷ്യർ ചരിത്രം നിർമിക്കുന്നു; തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചല്ല, ലഭ്യമായ സാഹചര്യങ്ങളിൽ' എന്ന മാർക്സിന്റെ പ്രസിദ്ധമായ പ്രസ്താവന (ലൂയി നെപ്പോളിയന്റെ ബ്രൂമെയർ പതിനെട്ട് എന്ന കൃതിയിൽ) ചരിത്രപ്രക്രിയയിൽ മാനുഷികമായ ഇച്ഛയ്ക്കും നിർവഹണശേഷിക്കുമുള്ള പ്രാധാന്യം കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാനുഷികമായ ഈ നിർവഹണശേഷിക്ക് അമിതമായ ഊന്നൽ നൽകുന്നത് മാനവവാദത്തിലേക്കുള്ള വഴിതെറ്റലാകും. പിൽക്കാലത്ത് ചില ഫ്രാങ്ക്ഫർട്ട് ചിന്തകരും പടിഞ്ഞാറൻ മാർക്സിസ്റ്റുകളിൽ വലിയൊരു വിഭാഗവും മാനവവാദമാർക്സിസത്തിൽ എത്തപ്പെട്ടതും അങ്ങനെയാണ്. ഉല്പാദനവ്യവസ്ഥയിലെ പരിവർത്തനങ്ങളുടെ അനുബന്ധരൂപം മാത്രമായി ചരിത്രപരിണാമത്തെ ലഘൂകരിക്കുന്ന യാന്ത്രികവാദപരമായ സമീപനവും ഇതേ തെറ്റിന്റെ മറുപുറമാണ്. മാനുഷിക ഇച്ഛയുടെ പൂർണ നിരാകരണമാണ് അത്. രണ്ടു നിലപാടും വൈരുധ്യാത്മക സമീപനത്തിന്റെ നിരാസമാണ്. മൂന്നാം ഇന്റർനാഷണലിന്റെ ഘട്ടത്തിൽ ഉയർന്നുവന്ന യാന്ത്രിക ലഘൂകരണങ്ങൾക്കെതിരെ മാനുഷികമായ ഇച്ഛയ്ക്ക് വിപ്ലവപരമായ സാമൂഹ്യപ്രവർത്തനത്തിലുള്ള പ്രാധാന്യം മൗ ഉയർത്തിപ്പിടിച്ചു. ആ നിലയിൽ മാർക്സിസ്റ്റ് വിപ്ലവദർശനത്തിന്റെ വൈരുധ്യാത്മകമാനത്തിന്റെ വീണ്ടെടുപ്പുകൂടിയായി മാറിത്തീരുകയും ചെയ്തു.
ദേശീയവിപ്ലവവും സോഷ്യലിസ്റ്റ് വിപ്ലവവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് കാഴ്ചപ്പാടിന് ഇരുപതാം നൂറ്റാണ്ടിൽ കൈവന്ന ഏറ്റവും സമഗ്രവും സമ്പൂർണവുമായ ആവിഷ്കാരമായി ചൈനീസ് വിപ്ലവത്തെ മൗ മാറ്റിത്തീർത്തു എന്നതാണ് മൂന്നാമത്തെ കാര്യം. ഏഷ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വിപ്ലവപരമായ സാമൂഹ്യപരിവർത്തനത്തിന് ദേശീയ വിപ്ലവത്തെ ഒരുതരത്തിലും ഒഴിവാക്കാനാകില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം ഇതരവിഭാഗങ്ങളെ വിപ്ലവമുന്നണിയുടെ ഭാഗമായി മാറ്റേണ്ടതുണ്ട്. ഈ ആശയം ലെനിനും സ്റ്റാലിനും ഏറെ മുമ്പേ അവതരിപ്പിച്ചതാണ്. എന്നാൽ, അതിന് മൂർത്തരൂപം നൽകിക്കൊണ്ട് ദേശീയവും ജനകീയവുമായ വിപ്ലവങ്ങളെ കൂട്ടിയിണക്കുന്ന പ്രക്രിയയിൽ വലിയൊരു ചുവട് മുന്നോട്ടുവയ്ക്കാൻ മൗവിന്റെ ഇടപെടലിന് കഴിഞ്ഞു.
പിന്നോക്കനിലവാരത്തിലുള്ള ഒരു കർഷകസമൂഹത്തിനുള്ളിൽ തൊഴിലാളിവർഗ വിപ്ലവം സാക്ഷാൽക്കരിക്കുക എന്ന അത്യന്തം പ്രയാസകരവും പലപ്പോഴും പ്രഖ്യാപിതമായ മാർക്സിസ്റ്റ് നിലപാടുകളിൽനിന്ന് വേറിട്ടുനിൽക്കുന്നതുമായ ദൗത്യം ഏറ്റെടുക്കുകയും പൂർത്തിയാക്കുകയുമാണ് മൗ ചെയ്തത്. കർഷക കമ്യൂണുകളുടെ വിപ്ലവപരമായ സാധ്യതകളെക്കുറിച്ച് വേരാ സസൂലിച്ചുമായുള്ള കത്തിടപാടുകളിൽ മാർക്സുതന്നെ സൂചിപ്പിക്കുന്നുണ്ടെങ്കിലും സാന്ദർഭികമായ ഒരു പരാമർശം എന്നതിനപ്പുറം പോകുന്ന പ്രാധാന്യം അതിന് കൈവന്നിട്ടില്ല. എന്നുതന്നെയല്ല, സമഗ്രമായ ഒരു വിപ്ലവകാര്യപരിപാടിയുടെ തലത്തിലേക്ക് മാർക്സ് തന്റെ നിഗമനത്തെ വികസിപ്പിച്ചിരുന്നുമില്ല. വികസിത മുതലാളിത്തരാജ്യമായ ഇംഗ്ലണ്ടിലോ ജർമനിയിലോ ആകും വിപ്ലവം പൊട്ടിപ്പുറപ്പെടുക എന്ന പ്രതീക്ഷയെ മറികടന്ന് റഷ്യൻ വിപ്ലവത്തിന് നേതൃത്വം നൽകിയ ലെനിനെ ആ നിലയ്ക്ക് മൗവിന്റെ പൂർവഗാമിയായി ശരിയായിത്തന്നെ പരിഗണിക്കാവുന്നതാണ്.
വിപ്ലവപരമായ സാമൂഹ്യപരിവർത്തനത്തിൽ തൊഴിലാളിവർഗത്തിനുള്ള മേൽക്കൈ മൗ നിരസിച്ചില്ല. എന്നാൽ, നഗരമേഖലയിലെ വ്യവസായത്തൊഴിലാളിമാത്രമാണ് തൊഴിലാളിവർഗത്തെ രൂപപ്പെടുത്തുന്നത് എന്ന കാഴ്ചപ്പാട് മൗ പങ്കുവച്ചതുമില്ല. ഗർഭപാത്രമല്ലാതെ മറ്റൊന്നും സ്വന്തം ഉടമാവകാശത്തിലില്ലാത്ത സ്ത്രീകളെയാണ് ‘പ്രോലിറ്റേറിയറ്റ്’ എന്ന പദത്തിന്റെ മൂലാർഥം സൂചിപ്പിക്കുന്നതെന്ന് പിൽക്കാലത്ത് ടെറി ഈഗിൾട്ടൺ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൗവിന്റെ നിലപാടും ഇതിനോടൊത്തുപോകുന്ന ഒന്നായിരുന്നു. പ്രോലിറ്റേറിയറ്റ് എന്ന പദത്തിന്റെ ചൈനീസ് ഭാഷാന്തരം ഉൾക്കൊള്ളുന്ന ‘സ്വത്തില്ലാത്തവർ’ എന്ന സൂചനയ്ക്ക് മൗ പ്രാധാന്യം നൽകി. സമരതന്ത്രംമുതൽ സൈദ്ധാന്തികസ്വരൂപംവരെയുള്ള തലങ്ങളിൽ മാർക്സിസത്തിന് തന്റേതായ സംഭാവന നൽകിക്കൊണ്ടും അവയെ മുൻനിർത്തി ചൈനയുടെ വിപ്ലവതന്ത്രം വിഭാവനം ചെയ്ത് സഫലമായി നടപ്പാക്കിക്കൊണ്ടുമാണ് മൗ സെ ദൊങ് ഇരുപതാം നൂറ്റാണ്ടിന്റെയും തൊഴിലാളിവർഗ വിമോചനത്തിന്റെയും വഴിയിൽ ഇടംപിടിച്ചത്.
സുനിൽ പി ഇളയിടം
No comments:
Post a Comment