കിറ്റക്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് പ്രതിപക്ഷ എംഎല്‍എമാരുടെ കത്ത്
തിരുവനന്തപുരം > മലിനീകരണ പ്രശ്‌നത്തില്‍ കിഴക്കമ്പലം കിറ്റക്‌സ് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. പി ടി തോമസ്, എല്‍ദോസ് കുന്നപ്പിള്ളില്‍, മാത്യു കുഴല്‍നാടന്‍, ടി ജെ വിനോദ് എന്നിവര്‍ കഴിഞ്ഞ ജൂണ്‍ 2ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.
ആധുനിക മലിനജല ശുദ്ധീകരണപ്ലാന്റ് സ്ഥാപിക്കുമെന്ന് കിറ്റക്‌സ് നല്‍കിയ ഉറപ്പിന്മേലാണ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയതെന്നും, എന്നാല്‍ നാളിതുവരെയായിട്ടും പ്ലാന്റ് സ്ഥാപിക്കുവാന്‍ കിറ്റക്‌സ് തയ്യാറായിട്ടില്ലെന്നും കത്തില്‍ പറയുന്നു. ആയതിനാല്‍ വ്യവസ്ഥ ലംഘിച്ച കിറ്റക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം ആധുനിക ശുദ്ധീകരണ പ്ലാന്റ് സജ്ജമാക്കുന്നതുവരെ നിര്‍ത്തിവെക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
പ്രതിദിന മലിനജല ഉല്‍പാദനം കുറയ്ക്കണമെന്ന നിര്‍ദേശം കമ്പനി പാലിക്കണം, ജല ഉപഭോഗവും മലിനജല ഉല്‍പാദനവും കൃത്യമായി അറിയുവാന്‍ വാട്ടര്‍ മീറ്റേഴ്‌സ് സ്ഥാപിക്കണം, തുടങ്ങിയ ആറ് ആവശ്യങ്ങളടങ്ങിയ കത്തിന്റെ കോപ്പി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്കും എംഎല്‍എമാര്‍ നല്‍കിയിട്ടുണ്ട്.
കിറ്റക്‌സിനെതിരെ സര്‍ക്കാര്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നു എന്ന് പ്രചരണം നടക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍എമാരുടെ കത്തും പുറത്തുവന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ കൂടി ആവശ്യത്തിലായിരുന്നു കിറ്റക്‌സ് കമ്പനികളിലെ പരിശോധനയെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞിരുന്നു.
കിറ്റക്‌സിനെതിരെ കോൺഗ്രസ് എംഎൽഎമാർ പരാതി നൽകിയിട്ടുണ്ടെന്ന് വി ഡി സതീശൻ; പരിശോധന സ്വാഭാവികം
കൊച്ചി > കിറ്റക്‌സ് കമ്പനിക്കെതിരെ എറണാകുളം ജില്ലയിലെ നാലു കോൺഗ്രസ് എംഎൽഎമാർ പരാതി നൽകിയെന്നത് സത്യമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. കടമ്പ്രയാർ മലീനീകരണമാണ് എംഎൽഎമാർ പ്രധാനമായും പരാതിയിൽ ഉന്നയിച്ചത്. ജനപ്രതിനിധികളുശട പരാതി ലഭിച്ചാൽ സർക്കാർ പരിശോധന നടത്തുന്നത് സ്വാഭാവിക നടപടിയാണ്. അതിൽ തെറ്റില്ലെന്നും അദ്ദേഹം വാർത്താലേഖകരോടു പറഞ്ഞു.
ജനപ്രതിനിധികൾക്കുമാത്രമല്ല സാധാരണക്കാർക്കും പരാതി നൽകാം. പൊതുമേഖലാ സ്ഥാപനത്തിനെതിരെപൊലും പരാതി ലഭിച്ചാൽ പരിശോധിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. കിറ്റക്‌സിന് ഇക്കാര്യത്തിൽ പ്രത്യേക അവകാശം ഇല്ല. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന് വി ഡി സതീശൻ ആവർത്തിച്ചു. മറിച്ചുള്ള പ്രചാരണം സംസ്ഥാനത്തിന്റെ മഹിമ കളയുമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment