Thursday, July 1, 2021

പാതിയാകാശത്തിന്റെ അധിപർ

‘പകുതി ആകാശം ഉയർത്തിപ്പിടിക്കുന്നവർ.’ സ്ത്രീകളെപ്പറ്റി മൗ സെ ദൊങ്‌ പറഞ്ഞതാണ്‌. ആ വാക്കുകൾ അന്വർഥമാക്കി, നൂറ്റാണ്ടുകളായി സ്ത്രീകളെ പിന്നോക്കം തള്ളിയിരുന്ന പുരുഷാധിപത്യവ്യവസ്ഥകൂടി ഉടച്ചുവാർത്താണ്‌ പീപ്പിൾസ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈന ഇന്ന്‌ ലോകത്തെ വൻശക്തികളിൽ ഒന്നായി നിൽക്കുന്നത്‌. രണ്ടാംതരം പൗരരിൽനിന്ന്‌ പകുതി ആകാശത്തിന്റെ അവകാശികളും പിന്നീട്‌ സ്വന്തം ആകാശം സ്വയം കെട്ടിപ്പടുക്കുന്നവരുമായി സ്ത്രീകളെ മാറ്റിയതിനു പിന്നിൽ ലിംഗസമത്വത്തിൽ ഊന്നിയ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ശക്തമായ നയംതന്നെ.

ചിങ്‌ രാജവംശത്തിന്റെ അവസാനംവരെയും പിന്നീടുള്ള കുറച്ചുകാലവും പുരുഷകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥിതിയുടെ ഒന്നാം നമ്പർ ഉദാഹരണമായിരുന്നു ചൈന. ഭ്രൂണഹത്യമുതൽ പൈതൃക സ്വത്തവകാശംവരെ; എണ്ണിയാലൊടുങ്ങാത്ത വേർതിരിവുകൾ. സഞ്ചാരസ്വാതന്ത്ര്യം കേട്ടുകേൾവി പോലുമില്ല. ഉള്ളംകാൽ ഉടച്ച്‌ വലിഞ്ഞുകെട്ടി അതിന്റെ രൂപവും വലുപ്പവും മാറ്റി പെൺകുട്ടികളെ ‘സുന്ദരി’കളാക്കുന്ന ‘ഫൂട്ട്‌ ബൈൻഡിങ്‌’ ആചാരം കുപ്രസിദ്ധമായിരുന്നു. 1942ലാണ്‌ ഇത്‌ നിർത്തലാക്കിയത്‌.

ജനസംഖ്യാ നിയന്ത്രണത്തിനായി 1979ൽ നടപ്പാക്കിയ ‘ഒറ്റക്കുട്ടി’ നയം സ്ത്രീകളുടെ സാമ്പത്തികമുന്നേറ്റം യാഥാർഥ്യമാക്കാനും സഹായിച്ചു. ‘അമ്മ’ വേഷത്തിലൊതുങ്ങാതെ, വീടിന്‌ പുറത്തുവരാനും വിദ്യാഭ്യാസവും തൊഴിലുംനേടി തുല്യ അവകാശവും അന്തസ്സും ഉള്ളവരാകാനും ഈ നയം സ്ത്രീകൾക്കു നൽകിയ സ്വാതന്ത്ര്യം ചെറുതല്ല. 2019ലെ കണക്കുപ്രകാരം രാജ്യത്തെ 15നും 60നും ഇടയിൽ പ്രായമുള്ള 60.4 ശതമാനം സ്ത്രീകളും ജോലി ചെയ്യുന്നവരോ സംരംഭകരോ ആണ്‌. വിവാഹിതരായ 40ൽ താഴെ പ്രായമുള്ള 33 ശതമാനം സ്ത്രീകൾക്ക്‌ പങ്കാളിയേക്കാൾ  വരുമാനമുണ്ട്‌. 19 ശതമാനം സ്ത്രീകൾ സമപ്രായക്കാരായ പുരുഷന്മാരേക്കാൾ വരുമാനമുള്ളവർ. ലോകത്തെ സ്വയംവളർന്ന പ്രധാന ശതകോടീശ്വരുടെ പട്ടികയിൽ 49 പേർ ചൈനീസ്‌ വനിതകളാണ്‌.

പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസവും സ്ത്രീകൾക്ക്‌ തൊഴിലവവകാശവും ഉറപ്പാക്കാനും സ്വത്തവകാശത്തിൽ തുല്യാവകാശം നൽകാനും 1992ൽ പ്രൊട്ടക്‌ഷൻ ഓഫ്‌ റൈറ്റ്‌സ്‌ ആൻഡ്‌ ഇന്ററസ്റ്റ്‌സ്‌ ഓഫ്‌ വിമെൻ നിയമം നടപ്പാക്കി. സ്ത്രീകളുടെ സമഗ്രവികസനം പത്തുവർഷത്തിനുള്ളിൽ മൂന്നു മടങ്ങ്‌ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1995ൽ പ്രത്യേക പരിപാടി നടപ്പാക്കി. 2016ൽ ഗാർഹിക പീഡന വിരുദ്ധനിയമം നടപ്പാക്കി.2016–-20 ലെ ദേശീയ മനുഷ്യാവകാശ കർമപദ്ധതി സ്ത്രീമുന്നേറ്റത്തിന്‌ ഊന്നൽനൽകി. ഓരോ നിയമവും നിർമിക്കുമ്പോഴും നടപ്പാക്കുമ്പോഴും ലിംഗസമത്വം ഉറപ്പാക്കാൻ പ്രവിശ്യകളിൽ സമിതികൾ രൂപീകരിച്ചു.

രാഷ്ട്രീയത്തിലും സ്ത്രീസാന്നിധ്യം വർധിച്ചുവരുന്നു. ചൈനീസ് കമ്യൂണിസ്റ്റ്‌ പാർടിയുടെ മൊത്തം അംഗങ്ങളിൽ 28.8 ശതമാനവും സ്ത്രീകളാണ്‌. ചൊവ്വാഴ്ച ഷി ജിൻപിങ്‌ മെഡൽ നൽകി ആദരിച്ച മികച്ച 29 പ്രവർത്തകരിൽ ഷൊയ്‌ഗർ, ഷാങ്‌ ഗുയ്‌മേയി എന്നീ സ്‌ത്രീകളുമുണ്ട്‌. 2018ലെ കണക്കുപ്രകാരം വിദേശത്തുള്ള ചൈനീസ്‌ നയതന്ത്രജ്ഞരിൽ  2065പേർ സ്‌ത്രീകളാണ്‌. 2005ൽ 1695 ആയിരുന്നു.

വി കെ അനുശ്രീ 

No comments:

Post a Comment