Saturday, January 1, 2011

ഇടതുസര്‍ക്കാര്‍ ചെയ്തതും ചെയ്യുന്നതും 5

ആഹ്ളാദത്തിന്റെ പുതുവത്സരമേകി കോട്ടണ്‍മില്‍

കോഴിക്കോട്: ആഹ്ളാദത്തിന്റെ പുതുവത്സരം സമ്മാനിച്ച് മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവീങ് മില്‍ (തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍) പുനര്‍ നിര്‍മാണ പൂര്‍ത്തീകരണം ഉദ്ഘാടനംചെയ്തു. സ്ഥാപനത്തിലെ തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വര്‍ണാഭമായ ചടങ്ങില്‍ മന്ത്രി എളമരം കരീമാണ് ഉദ്ഘാടനം ചെയ്തത്. തെയ്യവും കോല്‍ക്കളിയും ഉള്‍പ്പെടെ വാദ്യഘോഷങ്ങളുടെയുംവെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് ഉദ്ഘാടനം ജനങ്ങള്‍ ആഘോഷിച്ചത്. മുഖ്യാതിഥികളെ ഘോഷയാത്രയോടെ ആനയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ സ്ഥാപനം തുറന്നുപ്രവര്‍ത്തിച്ച് ലാഭത്തിലെത്തിയതിന്റെ ആഹ്ളാദം തൊഴിലാളികളും നാട്ടുകാരും മറച്ചുവെച്ചില്ല. സ്ഥാപനത്തിന് ജീവവായു നല്‍കിയ സര്‍ക്കാരിനും മന്ത്രി എളമരം കരീമിനും അഭിവാദ്യമര്‍പ്പിച്ച് ബാനറുകളും ബോര്‍ഡുകളും നിറഞ്ഞിരുന്നു.

പി എം എ സലാം എംഎല്‍എ അധ്യക്ഷനായി. മേയര്‍ എ കെ പ്രേമജം, കലക്ടര്‍ പി ബി സലീം, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഉഷാദേവി, കൌസിലര്‍ സല്‍മാ റഹ്മാന്‍, ആയിശാബി, കെ സി അബു, ടി വി ബാലന്‍, ടി മൊയ്തീന്‍കോയ, ടി വി ഉണ്ണികൃഷ്ണന്‍, ടി ദാസന്‍, കെ എം കുട്ടികൃഷ്ണന്‍, കെ ഗംഗാധരന്‍, കാനങ്ങോട്ട് ഹരിദാസ്, കെ ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. റിയാബ് സെക്രട്ടറി കെ പത്മകുമാര്‍ ആമുഖഭാഷണം നടത്തി. കെഎസ്ടിസി എംഡി എം ഗണേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്ടിസി ചെയര്‍മാന്‍ പി നന്ദകുമാര്‍ സ്വാഗതവും യൂണിറ്റ് ഇന്‍ ചാര്‍ജ് പി ഒ ജോര്‍ജ് നന്ദിയും പറഞ്ഞു.

നെയ്ത്ത് ഉടന്‍ തുടങ്ങും

കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിനെ അതിന്റെ പ്രതാപകാലത്തിലേക്ക് എത്തിക്കാന്‍ നെയ്ത്ത് ഉടന്‍ തുടങ്ങുമെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. ഇതുസംബന്ധിച്ച് സ്വാഗതപ്രസംഗത്തില്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ പി നന്ദകുമാര്‍ നടത്തിയ അഭ്യര്‍ഥനയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ബജറ്റ് വിഹിതത്തില്‍നിന്ന് വീവിങ് യന്ത്രം സ്ഥാപിക്കാനാവശ്യമായ തുക കണ്ടെത്തും. നൂറിലേറെ പേര്‍ക്ക്കൂടി സ്ഥാപനത്തില്‍ തൊഴില്‍ ലഭിക്കും. ജീവനക്കാരുടെ ശമ്പള വര്‍ധന അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. തൊഴിലാളി യൂണിയനുകളും മാനേജ്മെന്റുമായി നടന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് കരാര്‍ ആയി. ഒരു തൊഴിലാളിക്ക് മാസം കുറഞ്ഞത് 3025 രൂപയുടെ വര്‍ധന ലഭിക്കും. ശമ്പളവര്‍ധനയ്ക്ക് 2010 മെയ് മാസം മുതല്‍ പ്രാബല്യമുണ്ടാകും. മാത്രമല്ല, സ്ഥാപനത്തില്‍ ഒരു വര്‍ഷത്തിനുമുകളിലായി ജോലി ചെയ്യുന്ന ട്രെയ്നിമാരെ താല്‍ക്കാലിക ജീവനക്കാരാക്കിയതായും മന്ത്രി പറഞ്ഞു. ഇവര്‍ക്ക് സ്ഥിരം തൊഴിലാളികളുടേതായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. മന്ത്രിയുടെ പ്രഖ്യാപനം തൊഴിലാളികള്‍ മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്.

പൂങ്കുളത്ത് ബാംബു പ്ളൈ ഫാക്ടറി യാഥാര്‍ഥ്യമായി

നാദാപുരം: നാദാപുരത്തെ ആദ്യ പൊതുമേഖല വ്യവസായ സംരംഭം യാഥാര്‍ഥ്യമായി. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ബാംബൂ കോര്‍പറേഷന്റെ ബാംബൂ പ്ളൈ നിര്‍മാണ യൂണിറ്റ് വളയം കല്ലുനിരക്കടുത്തെ പൂങ്കുളത്ത് ഉദ്ഘാടന സജ്ജമായി. അമ്പത് ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിച്ച ഫാക്ടറിയുടെ ഉദ്ഘാടനം ജനുവരി രണ്ടാം വാരം വ്യവസായ മന്ത്രി എളമരം കരീം നിര്‍വഹിക്കും. പ്ളാറ്റന്റ് ബാംബൂ പ്ളൈ നിര്‍മിക്കാനുള്ള ഫീഡര്‍ യൂണിറ്റാണ് പൂങ്കുളത്ത് ആരംഭിക്കുന്നത്. ബാംബൂ കോര്‍പറേഷന്‍ വിലയ്ക്കെടുത്ത ഒരു ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി നിര്‍മിച്ചത്. കെട്ടിടം നിര്‍മിക്കാന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ആറര ലക്ഷം രൂപ ചെലവഴിച്ചു. ഇവിടെ വൈദ്യുതി എത്തിക്കാന്‍ പതിനൊന്ന് ലക്ഷം രൂപയാണ് ചെലവ് വന്നത്. ക്രോസ് കട്ടിങ് മെഷീന്‍, നോട്ട് റിമൂവിങ്, പ്ളാറ്റനറി, സ്ളിറ്റിങ്, പ്ളൈനര്‍, എഡജ്കട്ടിങ്, കെമിക്കല്‍ ട്രീറ്റ്മെന്റ് എന്നിങ്ങനെ ആധുനിക രീതിയിലുള്ള യന്ത്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ നെല്ലിക്കുന്ന്, വെള്ളക്കട്ട, വയനാട് വഴിക്കടവ് വനങ്ങളില്‍ നിന്ന് മുള ശേഖരിച്ചാണ് പൂങ്കുളത്തെ ഫാക്ടറിയില്‍ സംസ്കരിക്കുക. അടുത്തഘട്ടം കണ്ണൂര്‍ ജ ജില്ലയിലെ കണ്ണവം വനത്തില്‍ നിന്ന് മുള ശേഖരിക്കും. പ്രതിദിനം ആയിരം അടി മുള സംസ്കരിക്കും. പതിനഞ്ച് സ്ത്രീകള്‍ക്ക് ഇവിടെ തൊഴില്‍ ലഭ്യമാകും. ജില്ലാ കുടുംബശ്രീ മിഷന്‍ വഴിയാണ് നിയമനം നടത്തുക. പൊതുമേഖലയില്‍ നാദാപുരം നിയോജക മണ്ഡലത്തിലെ വ്യവസായ സംരംഭമാണ് ഇവിടെ യാഥാര്‍ഥ്യമാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വ്യവസായ വനം വകുപ്പുകളുടെ സംയക്ത സംരംഭമായാണ് ബാംബൂ പ്ളൈവുഡ് ഫാക്ടറി ആരംഭിക്കുന്നത്. പൂങ്കുളത്ത് നിന്ന് സംസ്കരിക്കുന്ന മുള അങ്കമാലിയെ ബാംബൂ ബോര്‍ഡ് ഫാക്ടറിയില്‍ എത്തിച്ച് പ്ളൈവുഡ് നിര്‍മിക്കും വാതിലുകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും ആവശ്യമായ പ്ളൈവുഡാണ് ഇവിടെ സജ്ജമാകുക.ഫറോക്കിലുള്ള ഷോറൂം വഴിയായിരിക്കും ഉല്‍പന്നങ്ങളുടെ വിതരണം.

തറക്കല്ലിടല്‍ ചടങ്ങ് ചരിത്രമാക്കാന്‍ നാടൊരുങ്ങി

കോഴിക്കോട്: ചാലിയത്താരംഭിക്കാന്‍ പോകുന്ന കപ്പല്‍ രൂപകല്‍പ്പനാ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ചരിത്രസംഭവമാക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാവുകയാണെന്ന് വ്യവസായമന്ത്രി എളമരം കരീം, സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ എം കെ രാഘവന്‍ എംപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി നാലിന് ചൊവ്വാഴ്ച രാവിലെ 10.30ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് തറക്കല്ലിടുക. കോഴിക്കോടിന്റെയും ചാലിയത്തിന്റെയും വികസനത്തില്‍ വന്‍ കുതിപ്പിന് വഴിയേകുന്ന പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിനായി വിപുലമായ പന്തല്‍ സൌകര്യം തയാറാക്കുന്നുണ്ട്. ചടങ്ങില്‍ എളമരം കരീം അധ്യക്ഷനാകും. കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, സംസ്ഥാന മന്ത്രിമാരായ കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിക്കും.

ഉദ്ഘാടനത്തിന്റെ പ്രചാരണാര്‍ഥം മണ്ണൂര്‍വളവ്, ഫറോക്ക് കവല, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ ജനുവരി മൂന്നിന് വൈകിട്ട് കലാപരിപാടികള്‍ അവതരിപ്പിക്കും. കരകാട്ടം, നാഗസ്വരം, മയിലാട്ടം തുടങ്ങിയവയാണ് പരിപാടികള്‍. അലങ്കരിച്ച ജങ്കാറില്‍ വൈകിട്ട് നാല് മുതല്‍ ആറ് വരെ ചാലിയാറിലൂടെ സഞ്ചരിച്ചും കലാപരിപാടികളുണ്ടാകും. രാത്രി ഒമ്പത് വരെ ബേപ്പൂര്‍ ജങ്കാര്‍പോയിന്റിലും കലാപരിപാടികള്‍ തുടരും. ഉദ്ഘാടനദിവസം കോഴിക്കോട് നഗരത്തില്‍നിന്നും ബേപ്പൂര്‍ ഭാഗത്തുനിന്നും വരുന്നവര്‍ ജങ്കാറിലാണ് ചാലിയത്തെത്തേണ്ടത്. വാഹനങ്ങള്‍ ബേപ്പൂര്‍ ഭാഗത്ത് പാര്‍ക്ക് ചെയ്യണം. ചാലിയം ജങ്കാര്‍ പോയിന്റ് മുതല്‍ വേദി വരെ നാടന്‍കലാരൂപങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും അണിനിരക്കും. നേവിയുടെ ബാന്‍ഡ്വാദ്യം ചടങ്ങിന് പൊലിമയേകും. ജില്ലാ കലക്ടര്‍ പി ബി സലീം, ജില്ലാ പഞ്ചായത്തംഗം ഒ ഭക്തവത്സലന്‍, മസഗോ ഡോക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ രമേശ്ബാബു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

നിറനിറഞ്ഞ് നെല്ലറ

പാലക്കാട്: കേരളത്തിന്റെ നെല്ലറയ്ക്ക് പുത്തനുണര്‍വ് പകര്‍ന്നാണ് 2010 വിടവാങ്ങുന്നത്. സമഗ്രകാര്‍ഷിക വികസനം ലക്ഷ്യമിട്ട് സര്‍ക്കാരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും കരുത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ പാലക്കാടിന് ലഭിച്ചത് നൂറുമേനി. നെല്ലിന്റെ താങ്ങുവില 13 രൂപയാക്കി വര്‍ധിപ്പിച്ചതും കര്‍ഷകരുടെ പെന്‍ഷന്‍ 300 രൂപയാക്കി ഉയര്‍ത്തിയതും കൃഷിയിലേക്ക് കര്‍ഷകരെ തിരിച്ചുകൊണ്ടുവന്നു. 25.7 കോടി രൂപയാണ് 2010 ല്‍ സര്‍ക്കാര്‍ പാലക്കാട്് ജില്ലയ്ക്ക് അനുവദിച്ചത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി എട്ടുകോടി രൂപ മുടക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സൌജന്യ വൈദ്യുതി അനുവദിക്കുകയും ചെയ്തു.

ജില്ലയുടെ കാര്‍ഷികരംഗത്ത് 30 ശതമാനത്തോളം വളര്‍ച്ചയാണ് 2010 ല്‍ നേടിയത്. നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കിയ പദ്ധതികളെല്ലാം പൂര്‍ണവിജയമായിരുന്നു. നെല്‍കൃഷി രംഗത്ത് തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് 'തൊഴില്‍സേന' രൂപീകരിച്ചതും 'ഉഴവ്കൂലി' പദ്ധതി നടപ്പിലാക്കിയതും കാര്‍ഷികരംഗത്തിന് കരുത്തേകി. 21 ബ്ളോക്കുകളിലാണ് തൊഴില്‍സേന രൂപീകരിച്ചത്. നെല്‍കൃഷി പരിശീലനം, കളനിയന്ത്രണം എന്നിവയിലും നടീല്‍യന്ത്രം, മെതിയന്ത്രം തുടങ്ങിയവ ഉപയോഗിക്കുന്നതിനും ആളുകളെ പരിശീലിപ്പിച്ച് സജ്ജരാക്കുന്ന പദ്ധതിയാണ് തൊഴില്‍സേന. നിലം ഉഴുത് നടീല്‍ നടത്തുന്നതിന് ഒരു ഹെക്ടറിന് 2,500 രൂപ മുന്‍കൂര്‍ നല്‍കുന്ന പദ്ധതിയാണ് ഉഴവ്കൂലി. ഉഴവ്കൂലി വാങ്ങി കൃഷിയിറക്കുന്നവരുടെ നെല്‍വിളകള്‍ക്ക് 12,000 രൂപവരെ ഇന്‍ഷുറന്‍സും നല്‍കി. സംസ്ഥാന ഭക്ഷ്യസുരക്ഷാപദ്ധതി, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി, രാഷ്ട്രീയ നെല്‍കൃഷി വികസന പദ്ധതി എന്നിവ നെല്‍കൃഷിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയ പദ്ധതികളാണ്.

സംസ്ഥാന ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെ 350 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷിയിറക്കി. വനിതാഗ്രൂപ്പുകളുമായി സഹകരിച്ച് 100 ഹെക്ടറില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പച്ചക്കറികൃഷി ഇറക്കുകയും 50 ഹെക്ടറില്‍ ഇടവിളയിറക്കുകയും ചെയ്തു. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി 250 പ്രദര്‍ശന നെല്‍കൃഷി തോട്ടങ്ങളും 150 ഒറ്റഞാര്‍ കൃഷിത്തോട്ടങ്ങളും നിര്‍മിച്ചു. 2500 മെട്രിക്ട അത്യുല്‍പ്പാദന ശേഷിയുള്ള നെല്‍വിത്ത് വിതരണം ചെയ്തു. 1400 ഹെക്ടറില്‍ രണ്ടു സീസണിലായി ഇരുപ്പൂ മുണ്ടകന്‍ കൃഷിയിറക്കി. രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ 135 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷിയിറക്കി. 85 നാളികേര ക്ളസ്റ്ററുകള്‍ രൂപീകരിച്ച് ഉല്‍പ്പാദനോപാദികള്‍ വിതരണം ചെയ്തു. 100 ഹെക്ടറില്‍ പച്ചക്കറി കൃഷിയിറക്കി. മറ്റ് പദ്ധതികളിലൂടെ ജില്ലയില്‍ 63,660 ഹെക്ടര്‍ സ്ഥലത്ത് സുസ്ഥിര നെല്‍കൃഷി വികസന പദ്ധതി നടപ്പാക്കി. 200 ഹെക്ടര്‍ തരിശ് നിലത്തില്‍ കൃഷിയും മൂന്നാംവിളയുടെ കാലയളവില്‍ 250 ഹെക്ടര്‍ സ്ഥലത്ത് പയര്‍ കൃഷിയുമിറക്കി. 30ഗ്രാമങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പച്ചക്കറികൃഷി നടപ്പാക്കി. 49 സ്കൂളുകളിലും പച്ചക്കറികൃഷി നടപ്പാക്കി. എരുമയൂര്‍ പഞ്ചായത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് ഹെക്ടറിന് 10,000 രൂപ നല്‍കി.

ടൂറിസം മേഖലയിലും മുന്നോട്ട്

പാലക്കാട്: ഗ്രാമീണതയും ഹരിതഭംഗിയും ഒത്തുചേര്‍ന്ന പാലക്കാടിന്റെ സൌന്ദര്യം വരും നാളുകളില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കും. ജില്ലയുടെ ടൂറിസം രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്കായിരുന്നു 2010 സാക്ഷ്യം വഹിച്ചത്. മലമ്പുഴയുടെ നവീകരണം, മംഗലം ഡാം സൌന്ദര്യവല്‍ക്കരണം, കാഞ്ഞിരപ്പുഴ ഗാര്‍ഡന്‍, കോട്ടായിയിലെ ചെമ്പൈസ്മാരക സംഗീതഹാള്‍ എന്നിങ്ങനെ ടൂറിസം മേഖലയുടെ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന പദ്ധതികള്‍ക്കാണ് ജില്ലയില്‍ തുടക്കമിട്ടത്. മലമ്പുഴയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ജലവിഭവ വകുപ്പ് 16.75 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. നവീകരണം പൂര്‍ത്തിയാകുന്നതോടെ മലമ്പുഴ പ്രതാപകാലം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായാണ് മലമ്പുഴയുടെ നവീകരണം പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ ഗാര്‍ഡനിലെ ലാന്‍ഡ് സ്കേപ്പിങ്ങും പുതിയ ചെടികള്‍ നട്ടുപിടിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഗാര്‍ഡനിലെ മൂന്ന് ഫൌണ്ടനുകളും നവീകരിക്കുന്നുണ്ട്. ഡാമിന്റെ സൌന്ദര്യം പ്ളാറ്റ്ഫോമിലൂടെ കാണാനുള്ള സൌകര്യം സജ്ജമാക്കും. അതിനുപുറമെ 30 ചെറിയ കടകള്‍ ഉള്‍ക്കൊള്ളുന്ന ഷോപ്പിങ് കോര്‍ട്ടും തയ്യാറാക്കുന്നുണ്ട്. ടോയ്ലറ്റ് ബ്ളോക്കുകള്‍, സഞ്ചാരികള്‍ക്ക് മഴയും വെയിലും കൊള്ളാതെ കയറി നില്‍ക്കാവുന്ന ഗസിബോ എന്നിവയും ഒരുക്കുന്നുണ്ട്. ജപ്പാന്‍ ഗാര്‍ഡനു സമീപം പുതിയ സ്വിമ്മിങ്പൂള്‍ യാഥാര്‍ഥ്യമാക്കും. മാങ്കോ ഗാര്‍ഡന്റെ നവീകരണം അവസാനഘട്ടത്തിലാണ്. ഗാര്‍ഡന് ചുറ്റും ഇരിക്കാനുള്ള സൌകര്യം, ഗസിബോ എന്നിവയാണ് ഇവിടെ ഒരുക്കുന്നത്. ഇതിനുപുറമെ ഡിടിപിസി 4.82 കോടി ചെലവഴിച്ച് മലമ്പുഴ ഗാര്‍ഡന്‍ നവീകരണം പുരോഗമിക്കുകയാണ്.

ജില്ലയുടെ ഹെറിറ്റേജ് മ്യൂസിയം മലമ്പുഴ റോക്ക് ഗാര്‍ഡന് സമീപം നിര്‍മിക്കുന്നുണ്ട്. ഇവിടെ ചരിത്രം, സംസ്കാരം, സാഹിത്യം, കല, കാര്‍ഷിക വ്യവസ്ഥ തുടങ്ങിയവ അടയാളപ്പെടുത്തുന്ന വസ്തുക്കളും മാതൃകകളും വിവരങ്ങളും ക്രമീകരിക്കും. കര്‍ണാടക സംഗീത ചക്രവര്‍ത്തി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായ് കോട്ടായിയില്‍ സംഗീതഹാളിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഉദ്യാനനവീകരണം ഉടന്‍ ആരംഭിക്കും. ഇതിന് ടൂറിസം വകുപ്പ് 51 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ കലക്കത്ത് ഭവനോട് ചേര്‍ന്ന് നിര്‍മിച്ച നാട്യശാല സാംസ്കാരിക രംഗത്തെ പ്രധാന നേട്ടമാണ്. രാപ്പാടി ഓഡിറ്റോറിയം നവീകരണം പൂര്‍ത്തിയാക്കി. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ തസ്രാക്ക് ഗ്രാമം പുനഃസൃഷ്ടിക്കുകയാണ്. ഭാവിയില്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് നോവലിലെ കൂമന്‍കാവ് ബസ്സ്റ്റോപ്പ്, അറബിക്കുളം, ഞാറ്റുപുര, അള്ളാപ്പിച്ച മൊല്ലാക്കയുടെ ഓത്തുപള്ളി എന്നിവ നോവലിലെ പോലെ അനുഭവിക്കാന്‍ കഴിയും.
(ദേശാഭിമാനി പാലക്കാട് ജില്ലാ വാര്‍ത്ത‌)

ആഴക്കടല്‍ മത്സ്യബന്ധനം: മുദാക്കരയില്‍ പരിശീലനം തുടങ്ങി


കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആധുനിക സാങ്കേതികവിദ്യയിലൂടെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തമാക്കുന്ന പദ്ധതിക്ക് കൊല്ലം മുദാക്കരയില്‍ തുടക്കമായി. ആഴക്കടല്‍ മത്സ്യസമ്പത്ത് പരമാവധി ചൂഷണം ചെയ്ത് ഗുണമേന്മ നഷ്ടപ്പെടാതെ മത്സ്യം കരയ്ക്കെത്തിക്കുന്നതിനു ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള പരിശീലനം കഴിഞ്ഞദിവസം തുടങ്ങി. ആദ്യഘട്ടത്തില്‍ പത്ത് പേരടങ്ങുന്ന നാല് ഗ്രൂപ്പുകളിലായി 40 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. നേരത്തെ ഗ്രനേഡയില്‍ (വെസ്റ്റ് ഇന്‍ഡീസ്) നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ നല്‍കിയ പരിശീലനത്തില്‍നിന്ന് വൈദഗ്ധ്യം നേടിയ ഫിഷറീസ് ഉദ്യോഗസ്ഥരും പൂന്തുറയിലുള്ള മത്സ്യത്തൊഴിലാളികളുമാണ് മുദാക്കരയില്‍ ക്ളാസെടുക്കുക.

പരമ്പരാഗത ഫൈബര്‍ വഞ്ചികളും പദ്ധതിയുടെ ഭാഗമായി ആധുനികവല്‍ക്കരിക്കും. വഞ്ചികളില്‍ പ്രത്യേകം റീല്‍ ഘടിപ്പിച്ചാകും ചൂണ്ടയിടല്‍. നിലവില്‍ 250-300 ചൂണ്ടകള്‍ വലിച്ചെടുക്കാന്‍ അഞ്ചുമണിക്കൂര്‍ വേണ്ടിവരും. എന്നാല്‍, റീല്‍ ഉപയോഗിക്കുമ്പോള്‍ അരമണിക്കൂറിനുള്ളില്‍ ചൂണ്ട പിടിച്ചെടുക്കാനാകും. ഇത്തരത്തില്‍ ലഭ്യമാകുന്ന മത്സ്യം കടലില്‍വച്ചു തന്നെ കുടലും മറ്റും കളഞ്ഞ് വൃത്തിയാക്കി കയറ്റുമതിക്ക് ആവശ്യമായ ഗുണമേന്മ നിലനിര്‍ത്തും. ഐസ് അലിഞ്ഞ് മത്സ്യം കേടാകുന്നത് ഒഴിവാക്കാന്‍ വൃത്തിയാക്കി മത്സ്യത്തിനുള്ളിലേക്ക് ഐസ് ജെല്‍ പാക്ക് കടത്തി ഫ്രീസ് ചെയ്തുവയ്ക്കുന്നതിനും വള്ളത്തില്‍ സൌകര്യമൊരുക്കും. വയര്‍ലെസ് സൌകര്യവും വള്ളത്തിലുണ്ടാകും. ആദ്യഘട്ടത്തില്‍ 10 വള്ളങ്ങളാണ് പരിഷ്കരിക്കുക. പദ്ധതി വിജയമാകുന്നതോടെ ഇത് വ്യാപകമാക്കും. മത്സ്യഫെഡിന്റെ എറണാകുളത്തെ ഫാക്ടറിയിലാണ് വള്ളങ്ങള്‍ പരിഷ്കരിക്കുന്നതിന് ആവശ്യമായ യന്ത്രങ്ങള്‍ നിര്‍മിക്കുന്നത്.

ജയിലുകള്‍ നവീകരണത്തിന്റെ പാതയില്‍: മന്ത്രി കോടിയേരി

ഇന്ത്യയിലെ മറ്റു ജയിലുകളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജയിലുകളില്‍ വിപുലമായ സൌകര്യങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിവരുന്നതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി പണിത പുതിയ രണ്ട് മൂന്നുനില ബ്ളോക്കുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നാലരവര്‍ഷംമുന്‍പ് 3000 പേര്‍ക്കുമാത്രം താമസിക്കാന്‍ സൌകര്യമുണ്ടായിരുന്ന ജയിലുകളില്‍ 6000 തടവുകാരെയാണ് കുത്തിനിറച്ചു പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇന്ന് പുതുതായി സ്ഥാപിച്ച ഒമ്പതു ജയിലില്‍ ഉള്‍പ്പെടെ ഏഴായിരത്തിലധികം പേരെ പാര്‍പ്പിക്കാന്‍ സൌകര്യമുണ്ട്.

ജയിലിലെ തടവുകാര്‍ക്കും മനുഷ്യാവകാശം ഉണ്ടെന്ന് അംഗീകരിച്ചുകൊണ്ട് പ്രാകൃതനിയമങ്ങള്‍ ഇല്ലാതാക്കാനും ജയിലുകളെ മാനസിക പരിവര്‍ത്തനത്തിനുള്ള കേന്ദ്രങ്ങളാക്കി മാറ്റാനും കഴിഞ്ഞിട്ടുണ്ട്. ഭക്ഷണക്രമത്തിലും പരോള്‍വ്യവസ്ഥകളിലും കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ ഉണ്ടായ മാറ്റങ്ങള്‍ എടുത്തുപറയേണ്ടതാണ്. 13-ാം ധനകമീഷന്‍ ജയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 154 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇപ്രകാരം പ്രതിവര്‍ഷം 38 കോടിരൂപ വീതം സംസ്ഥാനത്തിനു ലഭിക്കും. ജയില്‍ വകുപ്പില്‍ അടിസ്ഥാനപരമായ മാറ്റത്തിനാണ് ഗവണ്‍മെന്റ് മുന്‍കൈയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അതിസുരക്ഷാ ജയില്‍ സ്ഥാപിക്കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തോടൊപ്പം ജയില്‍ജീവനക്കാരുടെ ശമ്പളപരിഷ്കരണവും നടപ്പാക്കും. ജയിലുകളില്‍ കര്‍ശനമായ അച്ചടക്കം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ദേശാഭിമാനി 1111

1 comment:

  1. ആഹ്ളാദത്തിന്റെ പുതുവത്സരം സമ്മാനിച്ച് മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവീങ് മില്‍ (തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍) പുനര്‍ നിര്‍മാണ പൂര്‍ത്തീകരണം ഉദ്ഘാടനംചെയ്തു. സ്ഥാപനത്തിലെ തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വര്‍ണാഭമായ ചടങ്ങില്‍ മന്ത്രി എളമരം കരീമാണ് ഉദ്ഘാടനം ചെയ്തത്. തെയ്യവും കോല്‍ക്കളിയും ഉള്‍പ്പെടെ വാദ്യഘോഷങ്ങളുടെയുംവെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് ഉദ്ഘാടനം ജനങ്ങള്‍ ആഘോഷിച്ചത്. മുഖ്യാതിഥികളെ ഘോഷയാത്രയോടെ ആനയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ സ്ഥാപനം തുറന്നുപ്രവര്‍ത്തിച്ച് ലാഭത്തിലെത്തിയതിന്റെ ആഹ്ളാദം തൊഴിലാളികളും നാട്ടുകാരും മറച്ചുവെച്ചില്ല. സ്ഥാപനത്തിന് ജീവവായു നല്‍കിയ സര്‍ക്കാരിനും മന്ത്രി എളമരം കരീമിനും അഭിവാദ്യമര്‍പ്പിച്ച് ബാനറുകളും ബോര്‍ഡുകളും നിറഞ്ഞിരുന്നു.

    ReplyDelete