Thursday, March 20, 2014

കുമ്പളങ്ങിക്കാര്‍ക്ക് കായലും അന്യമാക്കി "മാതൃകാ ടൂറിസം ഗ്രാമം"

കൊച്ചി: ""നേരത്തെ ഇവിടെ 50 ഏക്കറിലേറെ കായല്‍മുഖപ്രദേശം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് എവിടെ വേണമെങ്കിലും വള്ളമടുപ്പിക്കാനുമാകുമായിരുന്നു. എന്നാല്‍, വികസനമെന്നപേരില്‍ സ്വന്തംനാട്ടില്‍ കെ വി തോമസ് ടൂറിസംപദ്ധതി "നടപ്പാക്കിയതോടെ" ഞങ്ങളെപ്പോലുള്ളവര്‍ വഴിയാധാരമാകുകയാണ് ചെയ്തത്്"". തോമസിന്റെ ഗ്രാമമായ കുമ്പളങ്ങിയിലെ മത്സ്യത്തൊഴിലാളി കല്ലഞ്ചേരി ആലുംപറമ്പില്‍ എ ആര്‍ ജോസഫി(55)ന്റെ വാക്കുകളില്‍ ഉപജീവനമാര്‍ഗം ഇല്ലാതായതിന്റെ വേദനയും രോഷവുമായിരുന്നു. തോമസിന്റെ ഒത്താശയില്‍ ഇവിടെ ഭൂമി കൈക്കലാക്കിയ മുതലാളിമാര്‍ കായല്‍മുഖപ്രദേശം കൈയേറി മതില്‍കെട്ടിയതോടെയാണ് ഈ അവസ്ഥയുണ്ടായതെന്നും ഇദ്ദേഹം പറയുന്നു. ടൂറിസംവില്ലേജ് എന്ന വികസനപദ്ധതിയുടെ മറവില്‍ തോമസ് തന്റെ നാടിനെയല്ല, തനിക്ക് വേണ്ടപ്പെട്ട ചില മുതലാളിമാരെമാത്രമാണ് വളര്‍ത്തിയതെന്ന് പ്രദേശത്തെ കോണ്‍ഗ്രസുകാരന്‍കൂടിയായ കല്ലഞ്ചേരി പുന്നയ്ക്കല്‍ വീട്ടില്‍ ജേക്കബും (63) സാക്ഷ്യപ്പെടുത്തുന്നു. ഈ നാടിന് പദ്ധതിവഴി ഒരുനേട്ടവും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം തുടര്‍ന്നു.

എ കെ ആന്റണി മന്ത്രിസഭയില്‍ ടൂറിസംമന്ത്രിയായിരിക്കെയാണ് തോമസ് കുമ്പളങ്ങിയെ മാതൃകാ ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്. പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ച്ചെലവില്‍ റോഡ് ടാര്‍ചെയ്തു. തുടര്‍ന്ന് ഈ പദ്ധതി വഴിയുണ്ടാക്കിയ പ്രചാരണത്തിന്റെ മറവില്‍ തന്റെ ഒരേക്കര്‍ ഭൂമി വന്‍ വിലയ്ക്ക് വിറ്റഴിക്കുകയാണ് തോമസ് ചെയ്തതെന്നും ജോസഫ് പറയുന്നു. ഇതുവാങ്ങി റിസോര്‍ട്ട് കെട്ടിയവരാണ് നിര്‍മാണം പാടില്ലാത്ത കായല്‍ തീരം കൈയേറി ഭിത്തി പണിത് തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട കായല്‍ അഭിമുഖപ്രദേശത്തേക്കുള്ള പ്രവേശനം ആദ്യം നിഷേധിച്ചത്. തോമസിന്റെ ഒത്താശയിലായിരുന്നു ഇത്. പിന്നാലെയെത്തിവരും ഇതുതുടര്‍ന്നു. ഇപ്പോള്‍ തുറന്ന കായല്‍ അഭിമുഖപ്രദേശം കേവലം രണ്ട് ഏക്കറോളമായി ചുരുങ്ങി. നേരത്തെ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയിരുന്നുവെങ്കിലും നിര്‍ത്തേണ്ടിവന്നുവെന്നും ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. മലിനീകരണം അധികരിച്ചതോടെ കായലില്‍ കക്ക വാരാനുമാവാത്ത സ്ഥിതിയായി. കായലില്‍ അമ്ലത ഏറിയതോടെ മുങ്ങിയാല്‍ കണ്ണും ശരീരഭാഗങ്ങളും ചൊറിയും. ഇപ്പോള്‍ ചീനവലയില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ മീന്‍ വിറ്റാണ് ജോസഫിന്റെ കുടുംബം കഴിയുന്നത്. തോമസ് പ്രഖ്യാപിച്ച ടൂറിസംപദ്ധതികൊണ്ട് ഇവിടത്തുകാര്‍ക്ക് ഒരുഗുണവും ഉണ്ടായിട്ടില്ലെന്ന് ജേക്കബും വ്യക്തമാക്കുന്നു. ""ഞാന്‍ പക്കാ കോണ്‍ഗ്രസുകാരനാണെങ്കിലും ഉള്ളതു തുറന്നുപറയാന്‍ ഒരു മടിയുമില്ല. റിസോര്‍ട്ടും മറ്റും നടത്തുന്ന ഏതാനും മുതലാളിമാര്‍ക്കാണ് ഇതുകൊണ്ടുള്ള ഗുണം. അല്ലാതെ നാട്ടുകാര്‍ക്ക് എന്തുനേട്ടം""- ജേക്കബ് ചോദിക്കുന്നു. ""പണ്ട് ഞാന്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുകമ്മിറ്റി ഭാരവാഹിയൊക്കെയായിരുന്നു. ഇപ്പോഴും കോണ്‍ഗ്രസ്തന്നെ""- ജേക്കബ് വ്യക്തമാക്കുന്നു. തോമസിന്റെ ഒത്താശയില്‍ പ്രദേശത്ത് വേറെയും കൈയേറ്റങ്ങള്‍ നടക്കുന്നുണ്ട്. പടിഞ്ഞാറ് കല്ലഞ്ചേരി കായലിനെയും കിഴക്കേ കുമ്പളങ്ങി കായലിനെയും ബന്ധിച്ചിരുന്ന തോട് അപ്പാടെ കൈയേറി. കായല്‍ പ്രദേശമാകട്ടെ എക്കല്‍ അടിഞ്ഞ് ഉപയോഗശൂന്യമായും തുടങ്ങിയിട്ടുണ്ട്.

ഷഫീഖ് അമരാവതി deshabhimani

No comments:

Post a Comment