Thursday, December 15, 2011

ടൂറിസം മേഖല പ്രതിസന്ധിയിലേക്ക്

സാമ്പത്തിക മാന്ദ്യവും മുല്ലപ്പെരിയാര്‍ പ്രശ്‌നവും തിരിച്ചടിയായതോടെ സംസ്ഥാനത്തി ന്റെ ടൂറിസം മേഖല പ്രതിസന്ധിയിലേക്ക്. ടൂറിസം സീസണ്‍ ആരംഭിക്കുന്ന സെപ്തംബര്‍-ഒക്‌ടോബര്‍ മാസം മുതല്‍ ആരംഭിക്കുന്ന കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് ഇക്കുറി കാര്യമായി ഉണ്ടായിട്ടില്ല.

ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം ഏറ്റവും വെല്ലുവിളി നേരിടുന്നത് ടൂറിസം മേഖലയാണ്. സാമ്പത്തിക പ്രതിസന്ധി ഇന്ത്യയില്‍ കാര്യമായി ബാധിക്കാത്തതിനാല്‍ വലിയ പ്രതിസന്ധി സംസ്ഥാനത്തെ ടൂറിസം മേഖയക്ക് സംഭവിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു അധികൃതര്‍. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉയര്‍ന്നതോടെ അധികൃതരുടെ ഈ പ്രതീക്ഷകള്‍ക്കെല്ലാം മങ്ങലേറ്റിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തതോടെയാണ് ടൂറിസം മേഖലക്ക് സംസ്ഥാനത്ത് തിരിച്ചടി നേരിട്ടത്.

സംഘര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ ഇവിടങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ഒഴിഞ്ഞ് പോയി തുടങ്ങിയിരുന്നു. പല സ്ഥലങ്ങളിലും സഞ്ചാരികള്‍ പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ഇതോടെ സംസ്ഥാനത്തിന്റെ പ്രധാന ടൂറിസ്റ്റ് ജില്ലയായ ഇടുക്കിയില്‍ സഞ്ചാരികളുടെ വരവ് ഏറെക്കുറെ നിലച്ചിട്ടുണ്ട്. പ്രധാന ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനികളുടെ മുന്‍കൂര്‍ ബുക്കിംഗുകളില്‍ കാര്യമായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ടൂര്‍ പാക്കേജുകളും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു. എത്തുന്ന സഞ്ചാരികള്‍ പോലും ഇടുക്കി ഉള്‍പ്പെടെയുള്ള പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലേക്ക് പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ജില്ലയിലെ ഹോം സ്റ്റേകള്‍ മിക്കവയും സഞ്ചാരികളെ കിട്ടാതെ ഒഴിഞ്ഞ് കിടക്കുകയാണ്.

ടൂറിസം രംഗത്ത് ഉണ്ടായിട്ടുള്ള ഈ പ്രതിസന്ധി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലക്ക് കാര്യമായ തിരിച്ചടി സൃഷ്ടിക്കുന്നതിനൊപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ജീവിതവും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സീസണില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതി സര്‍ക്കാരിന്റെ മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഹോം സ്റ്റേകള്‍ ആരംഭിച്ചവര്‍ പലരും ഇപ്പോള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഹൗസ് ബോട്ട് ഉടമകള്‍, തൊഴിലാളികള്‍ ടൂറിസം ഗൈഡുകള്‍, ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയെല്ലാം ജീവിതത്തില്‍ കടുത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ നിഴലിക്കുന്നത്.
സഞ്ചാരികള്‍ക്ക് സുരക്ഷിതമായി സംസ്ഥാനത്ത് എത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയായ ഗ്രീന്‍വേ മാനേജിംഗ് ഡയറക്ടര്‍ പ്രശാന്ത് പറയുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഞ്ചാരികള്‍ക്ക് നിര്‍ഭയമായി സംസ്ഥാനത്ത് എത്താന്‍ സാധിക്കുന്നില്ല. ഇത് ഉറപ്പ് നല്‍കാന്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കും കഴിയുന്നില്ല.

സാമ്പത്തിക മാന്ദ്യം യൂറോപ്പിനെ കാര്യമായി പിടികൂടിയിരിക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള സഞ്ചാരികളുടെ എണ്ണം ഈ വര്‍ഷത്തില്‍ കുറയാനാണ് സാധ്യത. ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിച്ച് മാത്രമേ ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉയര്‍ന്നതോടെ ആ പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്.

ജി ഗിരീഷ്‌കുമാര്‍ janayugom 151211

1 comment:

  1. സാമ്പത്തിക മാന്ദ്യവും മുല്ലപ്പെരിയാര്‍ പ്രശ്‌നവും തിരിച്ചടിയായതോടെ സംസ്ഥാനത്തി ന്റെ ടൂറിസം മേഖല പ്രതിസന്ധിയിലേക്ക്. ടൂറിസം സീസണ്‍ ആരംഭിക്കുന്ന സെപ്തംബര്‍-ഒക്‌ടോബര്‍ മാസം മുതല്‍ ആരംഭിക്കുന്ന കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് ഇക്കുറി കാര്യമായി ഉണ്ടായിട്ടില്ല.

    ReplyDelete