Friday, September 30, 2011

ടൂറിസം നയം: നിര്‍ദ്ദേശങ്ങള്‍ നല്‍കാം; ഇംഗ്ലീഷ് അറിയാമെങ്കില്‍ മാത്രം

സംസ്ഥാനത്ത് ഔദ്യോഗിക ഭാഷയായി മലയാളത്തെ അംഗീകരിച്ച കാര്യം സംസ്ഥാന  വിനോദ സഞ്ചാര വകുപ്പ് ഇനിയും അറിഞ്ഞിട്ടില്ല. വിനോദ സഞ്ചാര വകുപ്പ് കഴിഞ്ഞ ദിവസം വിനോദ സഞ്ചാര വികസന നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇംഗ്ലിഷ് ഭാഷയിലാണ് കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരട് നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പറയേണ്ടവരില്‍ ഭൂരിഭാഗവും ഇംഗ്ലിഷ് ഭാഷയില്‍ വേണ്ടത്ര പ്രാവീണ്യമില്ലാത്തവരാണെന്ന സാമാന്യ ബുദ്ധിപോലും വകുപ്പ് അധികൃതര്‍ക്ക് ഉണ്ടായില്ലെന്നത് ഏറെ ആശ്ചര്യമുളവാക്കുന്നു.

മത്സ്യത്തൊഴിലാളികള്‍പോലുള്ള അടിസ്ഥാന ജനവിഭാഗമാണ് ഈ നയത്തില്‍ തങ്ങളുടെ അഭിപ്രായം പറയേണ്ടത്. ഇതില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമാണ്. ഇനി ഇംഗ്ലീഷ് മറ്റാരെയെങ്കിലുംകൊണ്ട് പരിഭാഷപ്പെടുത്തണമെങ്കില്‍ അതിന് സമയം കൂടുതല്‍ വേണം. പക്ഷേ നിര്‍ദ്ദേശം നല്‍കാന്‍ അനുവദിച്ചിരിക്കുന്നത് വെറും രണ്ടുദിവസം മാത്രവും. അതാകട്ടെ ഇന്ന് (സെപ്റ്റംബര്‍ 30) അവസാനിക്കുകയും ചെയ്യും.

കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത് വെബ് സൈറ്റില്‍ മാത്രമാണെന്നതാണ് വേറൊരു വിരോധാഭാസം. 50 ശതമാനം കംപ്യൂട്ടര്‍ സാക്ഷരതപോലും ഇല്ലാത്ത സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വളരെ ചെറിയൊരു വിഭാഗം മാത്രമാണെന്നത് സര്‍ക്കാര്‍ കാണാതെ പോകുന്നു. ഈ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി രണ്ട് മാസം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിക്കഴിഞ്ഞു. കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍, തീരദേശ മഹിളാവേദി, എന്‍ എ പി എം, പി യു സി എല്‍ കേരളഘടകം, ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം, കുട്ടനാട് വികസന സമിതി, കാസര്‍കോഡ് ജില്ലാ പരിസ്ഥിതി സമിതി, നെയ്തല്‍ കടലാമ സംരക്ഷണ സമിതി, കമ്പനി - ദി അദര്‍ ഡയറക്ഷന്‍, വിഷ്വല്‍ സെര്‍ച്ച് തുടങ്ങിയ സംഘനകളാണ് പരാതി നല്‍കിയത്.

വിനോദ സഞ്ചാര നയം മലയാളത്തില്‍ തര്‍ജ്ജിമ ചെയ്ത് പ്രസിദ്ധീകരിക്കുക, കരട് സംബന്ധിച്ച പൊതുജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുക, കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രത്യേകിച്ച് വിനോദ സഞ്ചാര വികസന മേഖലകള്‍ ഉള്‍പ്പെട്ടിട്ടുള്ള പഞ്ചായത്തുകളില്‍ കരട് നയം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

janayugom 300911

1 comment:

  1. സംസ്ഥാനത്ത് ഔദ്യോഗിക ഭാഷയായി മലയാളത്തെ അംഗീകരിച്ച കാര്യം സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഇനിയും അറിഞ്ഞിട്ടില്ല. വിനോദ സഞ്ചാര വകുപ്പ് കഴിഞ്ഞ ദിവസം വിനോദ സഞ്ചാര വികസന നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇംഗ്ലിഷ് ഭാഷയിലാണ് കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരട് നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പറയേണ്ടവരില്‍ ഭൂരിഭാഗവും ഇംഗ്ലിഷ് ഭാഷയില്‍ വേണ്ടത്ര പ്രാവീണ്യമില്ലാത്തവരാണെന്ന സാമാന്യ ബുദ്ധിപോലും വകുപ്പ് അധികൃതര്‍ക്ക് ഉണ്ടായില്ലെന്നത് ഏറെ ആശ്ചര്യമുളവാക്കുന്നു.

    ReplyDelete