കാസര്‍കോട്: ലോഡ്ഷെഡിങ് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമുതല്‍ ജില്ലയിലെ വൈദ്യുതി ബന്ധം വിഛേദിച്ച് കെഎസ്ഇബിയുടെ പകപോക്കല്‍. രണ്ട് ദിവസമായി പകലും രാത്രിയും വൈദ്യുതിയില്ലാതെ ജനങ്ങള്‍ കടുത്ത ദുരിതമനുഭവിക്കുന്നു. ജില്ലയിലെവിടെയും അറ്റകുറ്റപ്പണി നടക്കുന്നതായി അറിയിപ്പില്ല. എന്താണ് കറന്റ് പോകാന്‍ കാരണമെന്ന് അന്വേഷിച്ചാല്‍ കെഎസ്ഇബി ഓഫീസിലിരിക്കുന്നവര്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ പറ്റുന്നില്ല. ജില്ലയിലെ എല്ലാ ഓഫീസിലേക്കും ആളുകള്‍ നിരന്തരം വിളിക്കുന്നതിനാല്‍ ഏറെ സമയം വിളിച്ചാലും ഫോണ്‍ കിട്ടാറില്ല. ഇതുകാരണം ഫോണ്‍ എടുത്തുവച്ചതാണെന്ന ആരോപണവും ജീവനക്കാര്‍ കേള്‍ക്കേണ്ടിവരുന്നുണ്ട്. അരമണിക്കൂര്‍ കറന്റ് വന്നാല്‍ ഒരു മണിക്കൂര്‍ കട്ടാക്കുന്ന രീതിയാണ് രണ്ട് ദിവസമായി ജില്ലയിലെല്ലായിടത്തും. കട്ട് ചിലപ്പോള്‍ ഒന്നര- രണ്ട് മണിക്കൂര്‍വരെ നീളും. രാത്രിയിലും സമാന രീതിയിലാണ് കട്ട്. അസഹനീയ ചൂടാണ് രണ്ടാഴ്ചയായി ജില്ലയില്‍ അനുഭവപ്പെടുന്നത്. അപ്രഖ്യാപിത കറന്റ് കട്ട് ആരംഭിച്ചതോടെ പകലും രാത്രിയും ജനം വെന്തുരുകുകയാണ്.
വ്യാപാരസ്ഥാപനങ്ങളും തൊഴില്‍ ശാലകളുമാണ് ഇതുകാരണം കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ചെറുകിട തൊഴില്‍സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട ഗതികേടിലാണ്. കറന്റ് ഉപയോഗിച്ച് നടത്തുന്ന പണികളൊന്നും ചെയ്യാനാവുന്നില്ല. മാര്‍ബിള്‍, ടൈല്‍സ് ജോലികളും നിലച്ചു. ഈ പണികള്‍ക്ക് തൊഴിലാളികളെ വച്ചവര്‍ക്ക് വലിയ നഷ്ടമാണുണ്ടായത്. വടക്കേ മലബാറിലേക്ക് വൈദ്യുതി വരുന്ന മാടക്കത്തറ സബ്സ്റ്റേഷനില്‍നിന്നുള്ള ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് ട്രാന്‍സ്മിഷന്‍ എക്സക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു. മൂന്നു ദിവസത്തേക്കാണ് ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ചകൂടി അരമണിക്കൂര്‍ ഇടവിട്ട് കട്ടുണ്ടാകുമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന സൂചന. സംസ്ഥാനം അനുഭവിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമമാണ് അറ്റകുറ്റപ്പണിയുടെ പേരിലുള്ള വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്ന അഭിപ്രായമുണ്ട്. കേന്ദ്രപൂളില്‍നിന്ന് കിട്ടിയിരുന്ന വൈദ്യുതിയില്‍ വലിയ കുറവുണ്ടായി. ആഭ്യന്തര ഉല്‍പാദനവും ഗണ്യമായി കുറഞ്ഞതോടെ ഉത്തരമലബാറിലേക്ക് കൊടുക്കാന്‍ വൈദ്യുതി ഇല്ലാതായതാണ് ഇപ്പോഴത്തെ നിയന്ത്രണത്തിന് കാരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാരും ജനങ്ങളും. പകലും രാത്രിയും വൈദ്യുതി കട്ട് ആരംഭിച്ചതോടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും നിലച്ചു. ഇതോടെ ജനങ്ങള്‍ ചൂടിനൊപ്പം വെള്ളവും കിട്ടാതെ വലയുകയാണ്. മണിക്കൂറുകളോളം മോട്ടോര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ടാങ്കില്‍ ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ സാധിക്കു. അപ്രഖ്യാപിത വൈദ്യുതി മുടക്കം കാരണം പലയിടത്തും അര മണിക്കൂര്‍പോലും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവാത്ത അവസ്ഥയാണ്. ഇതുകാരണം നിരവധി കുടുംബങ്ങള്‍ക്ക് പ്രാഥമികാവശ്യത്തിനുപോലും വെള്ളം ലഭിക്കുന്നില്ല.
കേരളം കൂടുതല്‍ ഇരുട്ടിലേക്ക്: ആര്യാടന്‍
കൊച്ചി: കടുത്ത വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്ന്് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രപൂളില്‍നിന്ന് വൈദ്യുതി ഉണ്ടെങ്കിലും ഇത് കേരളത്തിലേക്ക് എത്തിക്കാന്‍ മാര്‍ഗമില്ല. ഇടമണ്‍-കൊച്ചി വൈദ്യുതിലൈന്‍ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. മൈസൂരുവില്‍നിന്നുള്ള ലൈന്‍ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. കാറ്റടിച്ചാലും ഇടിവെട്ടിയാലും വൈദ്യുതി പോകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ കേരളം കൂടുതല്‍ ഇരുട്ടിലേക്കു പോകുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ടി എച്ച് മുസ്തഫ സ്വീകരിച്ച സമീപനം തെറ്റാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ്ചെയ്തത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടി പാര്‍ടി സ്വീകരിക്കും. പറയാനുള്ള അഭിപ്രായം പാര്‍ടി ഫോറങ്ങളിലാണ് പറയേണ്ടത്. കെപിസിസി യോഗത്തില്‍ നടന്നത് വിമര്‍ശമല്ല ചര്‍ച്ചകളാണെന്നും ആര്യാടന്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
deshabhimani
No comments:
Post a Comment