Monday, April 7, 2014

വൈദ്യുതി നിരക്കും വെള്ളക്കരവും കുത്തനെ കൂട്ടും

സാധാരണക്കാര്‍ക്ക് ഇരുട്ടടിയും അധികബാധ്യതയുമായി വൈദ്യുതി നിരക്കും വെള്ളക്കരവും ഈ മാസം അവസാനത്തോടെ കുത്തനെ വര്‍ധിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. പുതുക്കിയ നിരക്കുവര്‍ധന ഈ മാസംമുതല്‍ നിലവില്‍ വരും. വൈദ്യുതി നിരക്ക് മുപ്പതുമുതല്‍ നാല്‍പ്പത് ശതമാനംവരെയും വെള്ളക്കരം അഞ്ചിരട്ടിയുമായാണ് വര്‍ധിപ്പിക്കുക. വൈദ്യുതി, ശുദ്ധജല നിരക്കുകളില്‍ ഇത്രയധികം നിരക്കുവര്‍ധന സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്.

നിരക്കുവര്‍ധന നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പായതിനാല്‍ രഹസ്യമാക്കിയിരിക്കുകയാണ്. ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്നും ചെറുകിടക്കാരില്‍നിന്നും അധികനിരക്ക് ഈടാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. നിരക്കുവര്‍ധന അമ്പതു ശതമാനമായേക്കുമെന്നും സൂചനയുണ്ട്. പുതിയ നിരക്കുവര്‍ധനയിലൂടെ 3200 കോടി അധികവിഭവ സമാഹരണമാണ് ലക്ഷ്യമിടുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇതോടെ വന്‍ നിരക്കുവര്‍ധനയാണ് ഉണ്ടാവുക. ഇതു കൂടാതെ ഇപ്പോഴത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ പേരിലുള്ള തെര്‍മല്‍ സര്‍ചാര്‍ജ് കൂടി ഉപയോക്താക്കള്‍ നല്‍കേണ്ടി വരും.

തെരഞ്ഞെടുപ്പു നടക്കുന്ന 10 നുശേഷം നിരക്ക് വര്‍ധിപ്പിക്കാനുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കും. നിരക്കുവര്‍ധന സംബന്ധിച്ച നിവേദന(താരിഫ്പെറ്റീഷന്‍)വും വരവ് ചെലവ് കണക്കുകളും വൈദ്യുതി റഗുലേറ്ററി കമീഷന് കെഎസ്ഇബി പത്തിന് ശേഷം സമര്‍പ്പിക്കും. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇത് ഫെബ്രുവരിയില്‍തന്നെ തയ്യാറാക്കിയിരുന്നു. വന്‍ വര്‍ധന ശുപാര്‍ശകളിലുള്ളതിനാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം കമീഷന് സമര്‍പ്പിച്ചാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ താരിഫ്പെറ്റീഷനും വരവ് ചെലവ് കണക്കുകളും സമര്‍പ്പിക്കുന്നതിന് രണ്ടു തവണ കമീഷന്‍ സമയം നീട്ടി നല്‍കി.

പ്രസരണ നഷ്ടത്തിന് അനുസരിച്ച് വൈദ്യുതിനിരക്ക് കൂട്ടാനുള്ള നീക്കവും സജീവ പരിഗണനയിലാണ്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും വ്യാപാരികള്‍ക്കും വന്‍ തിരിച്ചടിയാകും ഈ തീരുമാനം. പ്രസരണനഷ്ടം ഏറ്റവും കൂടുതല്‍ വരുത്തുന്നത് ഈ വിഭാഗക്കാരാണെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. നിരക്കുവര്‍ധന ഇതിന്റെ അടിസ്ഥാനത്തിലാകുന്നതോടെ അമിത ഭാരത്താല്‍ ഉപയോക്താക്കള്‍ പൊറുതിമുട്ടും. ഇതു കൂടാതെ കെഎസ്ഇബിയുടെ കമ്പനിവല്‍ക്കരണംമൂലം ഉണ്ടാകുന്ന ബാധ്യതകളും ഉപയോക്താക്കള്‍ക്ക് പേറേണ്ടി വരും.

വാട്ടര്‍ അതോറിറ്റി വിതരണംചെയ്യുന്ന വെള്ളത്തിന്റെ നിരക്ക് അഞ്ചിരട്ടി മുതല്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള വെള്ളക്കരം മിനിമം നിരക്ക് നൂറുരൂപയാക്കും. ഇത് നിലവില്‍ 22 രൂപയാണ്. കിലോലിറ്ററിന് നാല് രൂപയെന്നത് എട്ടു മുതല്‍ പത്തു രൂപയ്ക്ക് മുകളിലെത്തും. ഗാര്‍ഹിതേതര വിഭാഗത്തില്‍ കിലോലിറ്ററിന് 14 രൂപയില്‍നിന്ന് 30 രൂപയാക്കും.

ദിലീപ് മലയാലപ്പുഴ deshabhimani

1 comment:

  1. ഒരു കാര്യത്തിലും മുന്നേറ്റമില്ലെന്ന് ഇനിയാരും പരാതി പറയരുത്!!!!

    ReplyDelete