Sunday, April 13, 2014

സംസ്ഥാനം പവര്‍കട്ടിലേക്ക്

ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം പാതിവഴിയിലായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ബോര്‍ഡ് മാനേജ്മെന്റ് തലത്തിലെ ചേരിപ്പോരും വൈദ്യുതി മന്ത്രിയുടെ അലംഭാവവുമാണ് പ്രതിസന്ധിയ്ക്ക് കാരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വൈദ്യുതി നിയന്ത്രണവും വിലവര്‍ധനയും ഉടന്‍ ഉണ്ടാകും. പ്രധാന പദ്ധതികളിലൊന്നായ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി 2011 മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. 60 മെഗാവാട്ടിന്റേതാണ് പദ്ധതി. മൂന്നാര്‍ ഹെഡ്വര്‍ക്ക് ഡാമില്‍നിന്ന് പുതിയ പെന്‍സ്റ്റോക്ക് വഴി വെള്ളം പവര്‍ഹൗസിലെത്തിക്കേണ്ട ഇന്‍ടേക്ക് ടണല്‍ നിര്‍മാണം തുടങ്ങിയിരുന്നു. എന്നാല്‍ രണ്ടര വര്‍ഷമായി നടക്കുന്ന ടണല്‍ നിര്‍മാണത്തില്‍ പുരോഗതിയില്ല. 40 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ മാങ്കുളം പദ്ധതിയുടെ സ്ഥലമേറ്റെടുപ്പും അനന്തമായി നീളകയാണ്. ബോര്‍ഡ് അംഗം എത്താത്തതിനാല്‍ പദ്ധതിയുടെ പര്‍ച്ചേസ് കമ്മിറ്റി യോഗം സമയത്ത് ചേരാന്‍ കഴിയുന്നില്ലെന്ന് പര്‍ച്ചേസ് കമ്മിറ്റിയംഗങ്ങള്‍ പറയുന്നു.
2012ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന തൊട്ടിയാര്‍ പദ്ധതിയുടെ പണി 18 ശതമാനത്തോളമേ ആയിട്ടുള്ളൂ. കരാറുകാരനെക്കൊണ്ട് പണിചെയ്യിക്കാനുള്ള ബോര്‍ഡിന്റെ അനാസ്ഥയാണ് പദ്ധതി പാളാനിടയാക്കിയത്. കാലാവധികഴിഞ്ഞ് പണി നീളുന്നതിനാല്‍ കരാറുകാരന് അധിക തുക നല്‍കേണ്ടിവരും. രണ്ടാംഘട്ടത്തില്‍ 85 മെഗാവാട്ട് യൂണിറ്റ് വൈദ്യുതി അധികമായി ലഭ്യമാക്കാനായിരുന്നു പദ്ധതി. 2010ല്‍ നിര്‍മാണം ആരംഭിച്ച് 2013ല്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഏറ്റവും ചെലവ് കുറഞ്ഞ പദ്ധതിയാണിത്. യൂണിറ്റിന് 1.30 പൈസ മാത്രമാണ് ഉല്‍പ്പാദനച്ചെലവ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആറുമാസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി ഇടപെടലുകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ എല്ലാം നിലച്ചു. 2015വരെ നീട്ടിയിട്ടുണ്ടെങ്കിലും പദ്ധതി എന്ന് പൂര്‍ത്തിയാകുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. എന്‍ജിനിയര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.

വിരിപ്പാറ, രാജമല ഡൈവേര്‍ഷന്‍, കീരിത്തോട്, മാങ്കുളം രണ്ടാംഘട്ട പദ്ധതികളും ഉപേക്ഷിച്ച നിലയിലാണ്. 40 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് മാങ്കുളം രണ്ടാഘട്ടം. പ്രാഥമിക സര്‍വേജോലികള്‍ പൂര്‍ത്തിയായി. തുടര്‍നടപടികള്‍ എടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇതിനുളള അനുമതി അസാധ്യമായിരിക്കുകയാണ്. ഇപ്പോള്‍ യൂണിറ്റിന് 17 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നത്. സാമ്പത്തികപ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് ഇത് എത്രനാളത്തേക്ക് തുടരാന്‍ കഴിയുമെന്ന് പറയാനാവില്ല.

ടി കെ സുധേഷ് കുമാര്‍ deshabhimani

No comments:

Post a Comment