Monday, April 14, 2014

ഇരുട്ടിലേക്ക് നീങ്ങുന്ന കേരളം

കേരളത്തിന്റെ വൈദ്യുതിമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതി നിയന്ത്രണങ്ങളുടെയും താരിഫ് വര്‍ധനയുടെയും ഫലമായി വികസനമേഖലകള്‍ താറുമാറാകുന്ന സ്ഥിതിയാണ്. ചെറുകിട ജലവൈദ്യുതപദ്ധതികളുടെ നിര്‍മാണം പാതിവഴിയിലായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനും വിലവര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പായതിനാല്‍ തല്‍ക്കാലം മരവിപ്പിച്ചുനിര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തീരുമാനം നടപ്പാക്കാനാണ് നീക്കം.

ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് വൈദ്യുതിരംഗത്തെ പ്രതിസന്ധിക്കു കാരണം. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യം കണക്കിലെടുത്ത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍, മൂന്നു വര്‍ഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ 2011 മാര്‍ച്ചില്‍ സ്വീകരിച്ചിരുന്നു. കേരളം ഉള്‍പ്പെടുന്ന തെക്കന്‍ ഗ്രിഡിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള പ്രസരണ കോറിഡോറിന്റെ ലഭ്യതക്കുറവുകൂടി പരിഗണിച്ചാണ് മീഡിയം ടേം ഓപ്പണ്‍ ആക്സസ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ആ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇതോടൊപ്പം 2011-12 വര്‍ഷത്തേക്ക് കര്‍ണാടകത്തില്‍നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനും കരാറുണ്ടാക്കി. എന്നാല്‍, ഭരണമാറ്റത്തെത്തുടര്‍ന്ന് ഈ നടപടികള്‍ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടായി. കര്‍ണാടകത്തില്‍നിന്നുള്ള വൈദ്യുതി കരാര്‍ റദ്ദുചെയ്യാനും 500 മെഗാവാട്ടിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉപേക്ഷിക്കാനും തീരുമാനിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 208 മെഗാവാട്ട് വൈദ്യുതിയാണ് പുതുതായി ഉല്‍പ്പാദിപ്പിച്ചത്. അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഊര്‍ജസംരക്ഷണസന്ദേശം പ്രചരിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കി. ഒന്നരക്കോടി സിഎഫ്എല്‍ വിതരണമടക്കം ഡിമാന്‍ഡ് സൈഡ് മാനേജ്മെന്റിലും ഊര്‍ജസംരക്ഷണമേഖലയിലും കേരളം നടത്തിയ ഇടപെടലുകള്‍ രാജ്യശ്രദ്ധ നേടി. പ്രസരണനഷ്ടം കുറയ്ക്കുന്നതിനും നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 97 സബ്സ്റ്റേഷനുകള്‍ കമീഷന്‍ ചെയ്തു. പതിനാലായിരത്തോളം കിലോമീറ്റര്‍ 11 കെവി ലൈനും ഇരുപത്തൊന്നായിരത്തോളം വിതരണ ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചു. 2006 മാര്‍ച്ചില്‍ 24.6 ശതമാനമായിരുന്ന പ്രസരണനഷ്ടം 2011 മാര്‍ച്ച് ആകുമ്പോഴേക്കും 16.19 ശതമാനമായി കുറഞ്ഞു. ഇതുവഴി 1500 മില്യണ്‍ യൂണിറ്റോളം വൈദ്യുതിയാണ് ലാഭിക്കാനായത്.

യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ സമ്പൂര്‍ണ വൈദ്യുതീകരണവും സൗജന്യ കണക്ഷനുകളും നിര്‍ത്തലാക്കി. എല്‍ഡിഎഫ് ഭരണകാലത്ത് 85 മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിടത്തു മാത്രമാണ് ഈ ലക്ഷ്യം കൈവരിച്ചത്. ഉപയോക്താക്കളുടെ വര്‍ധനയ്ക്കനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കുന്നില്ല എന്നുമാത്രമല്ല, വിരമിക്കുന്നവര്‍ക്ക് പകരം നിയമനവും നടക്കുന്നില്ല. ജീവനക്കാരുടെ കുറവും സാധനസാമഗ്രികളുടെ ലഭ്യതയില്ലായ്മയും എല്ലാംചേര്‍ന്ന് ഉപഭോക്തൃസേവനം താറുമാറാക്കി. സേവനങ്ങളിലെ അസംതൃപ്തി പലയിടത്തും ജനങ്ങളും ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്നു.

വൈദ്യുതി ഉല്‍പ്പാദനരംഗത്തും സ്ഥിതി ഇതുതന്നെ. പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ ഒട്ടുമിക്ക വൈദ്യുതി ഉല്‍പ്പാദനപദ്ധതികളും മുടങ്ങിയ അവസ്ഥയിലോ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലോ ആണ്. 2012ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന തോട്ടിയാര്‍ പദ്ധതിയുടെ പണി 18 ശതമാനത്തോളമേ ആയിട്ടുള്ളൂ. കരാറുകാരനെ കൊണ്ട് പണിചെയ്യിക്കാനുള്ള ബോര്‍ഡിന്റെ അനാസ്ഥയാണ് പദ്ധതി പാളാനിടയാക്കിയത്. 40 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണ് മാങ്കുളം രണ്ടാംഘട്ടം. പ്രാഥമിക സര്‍വേ ജോലികള്‍ പൂര്‍ത്തിയായി. തുടര്‍നടപടികള്‍ എടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇതിനുള്ള അനുമതി അസാധ്യമായിരിക്കുകയാണ്. വൈദ്യുതി ഉല്‍പ്പാദനത്തില്‍ കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു ബൈതരണി കല്‍ക്കരിപ്പാടം. ഖനനടപടികളില്‍ പുരോഗതിയില്ലെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആ പാടം തിരിച്ചെടുത്തു. ഇക്കാര്യത്തില്‍ ഒരു ഇടപെടലും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. വൈദ്യുതി ഉല്‍പ്പാദനരംഗത്ത് കുറേ പ്രകൃതിവാതകനിലയങ്ങള്‍ നിര്‍മിക്കാന്‍ പോകുന്നെന്ന് ഇടയ്ക്കിടെ വൈദ്യുതി മന്ത്രി പ്രസ്താവിക്കാറുണ്ട്. ഇങ്ങനെ പറഞ്ഞുപോകുന്നതല്ലാതെ നിലയങ്ങളുടെ സാധ്യതാപഠനം പോലും ഏറ്റെടുക്കപ്പെട്ടിട്ടില്ല. ചീമേനി താപവൈദ്യുതനിലയം എമര്‍ജിങ് കേരളയില്‍ വില്‍പ്പനയ്ക്ക് വച്ചതുമാത്രമാണ് സര്‍ക്കാരില്‍നിന്നുണ്ടായ ഏകനടപടി. അത് മാധ്യമങ്ങളില്‍ വിവാദമായതിനാല്‍ പദ്ധതിക്കുവേണ്ടി മാറ്റിവച്ച 1621 ഏക്കര്‍ സ്ഥലം വിറ്റുകാശാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രം.

വൈദ്യുതി പ്രസരണരംഗത്തും കടുത്ത സ്തംഭനാവസ്ഥയാണ്. വര്‍ഷം ശരാശരി 20 സബ്സ്സ്റ്റേഷനുകള്‍ പൂര്‍ത്തിയായിരുന്ന കേരളത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് 20 സബ്സ്റ്റേഷനുകള്‍പോലും പൂര്‍ത്തിയായിട്ടില്ല. കൂടങ്കുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിന് നിര്‍മാണം തുടങ്ങിയ തിരുനെല്‍വേലി കൊച്ചി 400 കെവി ലൈന്‍ ഉപേക്ഷിച്ചമട്ടാണ്. 400 കെവി പവര്‍ ഹൈവേ എന്ന കാഴ്ചപ്പാട് കേള്‍ക്കാന്‍പോലുമില്ല. വൈദ്യുതിനിരക്കിന്റെ കാര്യത്തില്‍ രണ്ടു വര്‍ഷത്തിനിടയില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് നിയമസഭയില്‍ മന്ത്രി തന്നെ വ്യക്തമാക്കി. കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട വിഹിതം വാങ്ങിയെടുക്കുന്ന കാര്യത്തിലും കുറവാണ് രേഖപ്പെടുത്തിയത്.

ഈ അവസ്ഥയ്ക്കുത്തരവാദി യുഡിഎഫ് സര്‍ക്കാര്‍ മാത്രമാണ്. കേരളത്തെ വീണ്ടും ഇരുട്ടിലേക്ക് തള്ളിയിട്ടവരെന്ന് ചരിത്രം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിലയിരുത്തും. വൈദ്യുതിമേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള പോരാട്ടം യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധതയ്ക്കെതിരായ രാഷ്ട്രീയപോരാട്ടത്തിന്റെ ഭാഗമായിത്തന്നെ ഏറ്റെടുക്കപ്പെടണം.

deshabhimani editorial

No comments:

Post a Comment