ശബരിഗിരിയില്‍നിന്ന് 275 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് അടയ്ക്കുന്നതോടെ കക്കാട്, അള്ളുങ്കല്‍, മണിയാര്‍, പെരുനാട് എന്നീ അനുബന്ധ പദ്ധതികളിലെയും ഉല്‍പ്പാദനം നിലയ്ക്കും. അനുബന്ധ പദ്ധതികളിലെല്ലാമായി 65 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതോടെ 340 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. ഇതിനു പകരമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാനാണ് നീക്കമെന്നറിയുന്നു. എന്നാലും, വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ട്.
അതോടൊപ്പം, കുടിവെള്ളത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടും. പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ വേനല്‍കാലത്ത് പ്രധാനമായും ആശ്രയിക്കുന്നത് ശബരിഗിരി പദ്ധതിയില്‍നിന്ന് ഉല്‍പ്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളത്തെയാണ്. ഏതാണ്ട് 35 ലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളമാണ് ദിവസവും പദ്ധതിയില്‍നിന്ന് കക്കാട്ടാറു വഴി പമ്പയില്‍ എത്തുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മിക്ക കുടിവെള്ള പദ്ധതികളിലും പമ്പ് ചെയ്യുന്നത് ഈ വെള്ളമാണ്. പമ്പയിലെ ജലനിരപ്പ് ഇപ്പോള്‍തന്നെ താഴ്ന്നു. കാലവര്‍ഷം നേരത്തെ എത്തിയില്ലെങ്കില്‍ ഈ മേഖലകളില്‍ കുടിവെള്ളപ്രശ്നം രൂക്ഷമാകും. പിഐപിയുടെ കനാല്‍ വഴി മണിയാറില്‍നിന്ന് തിരിച്ചുവിടുന്ന വെള്ളവും ഒട്ടുമിക്ക പ്രദേശങ്ങളുടെയും ദാഹമകറ്റിയിരുന്നു. കാര്‍ഷിക മേഖലയിലെ വരള്‍ച്ച തടയുന്നതിനും കനാലിനു സമീപത്തെ കിണറുകളെ ജലസമൃദ്ധമാക്കാനും കനാല്‍ജലം സഹായിക്കുന്നുണ്ട്. അതേസമയം, മൂഴിയാര്‍, മണിയാര്‍ ഡാമുകളില്‍ വെള്ളം സംഭരിച്ചു നിര്‍ത്തി പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.
deshabhimani
No comments:
Post a Comment