തെരുവുവിളക്ക് സ്ഥാപിക്കാനും പരിപാലിക്കാനുമുള്ള ചുമതല സ്വകാര്യകമ്പനിക്ക് കൈമാറാന്‍ നീക്കം. കാലടിയിലെ ഒരു സ്വകാര്യകമ്പനിയുടെ പ്രതിനിധികള്‍ പൊതുമേഖലാ സ്ഥാപനമായ സിഡ്കോയുടെ ശുപാര്‍ശക്കത്തുമായി ഗ്രാമപഞ്ചായത്തുകളെ സമീപിച്ച് എല്‍ഇഡി ലൈറ്റ് സ്ഥാപിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം നല്‍കാതെയാണ് സ്വകാര്യകമ്പനിക്ക് പദ്ധതി തീറെഴുതുന്നത്.
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുമായി ബന്ധപ്പെട്ട് കില തയ്യാറാക്കിയ നയസമീപനരേഖയിലാണ് തെരുവുവിളക്കിനായി പരിസ്ഥിതിസൗഹൃദവും വിലകുറഞ്ഞതും ആയുസ്സ് കൂടിയതുമായ എല്‍ഇഡി ലാമ്പുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചത്. ഘട്ടംഘട്ടമായി ബള്‍ബ് മാറ്റി എല്‍ഇഡി ലാമ്പ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തുകള്‍ക്കുവേണ്ട എല്‍ഇഡി ലാമ്പ് കെല്‍ട്രോണില്‍നിന്ന് വാങ്ങണമെന്ന് സബ്സിഡി മാര്‍ഗരേഖയില്‍ തദ്ദേശഭരണവകുപ്പ് വ്യവസ്ഥചെയ്തു. എല്‍ഇഡി ലാമ്പ് ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനമായതിനാലായിരുന്നു ഈ നിര്‍ദേശം. ഈ വ്യവസ്ഥയില്‍ വെള്ളം ചേര്‍ത്താണ് സ്വകാര്യകമ്പനിക്ക് ഒത്താശ ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകളെ അംഗങ്ങളാക്കി ചാരിറ്റബിള്‍ ട്രസ്റ്റായി രൂപീകരിച്ച സ്വയംഭരണസ്ഥാപനമായ കേരള റൂറല്‍ എംപ്ലോയ്മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയെ (ക്രൂസ്) ഒരു ഭാഗത്ത് നിര്‍ത്തിയാണ് സിഡ്കോയുടെ മറവില്‍ സ്വകാര്യകമ്പനിക്ക് തെരുവുവിളക്കുകള്‍ കൈമാറുന്നത്. കെല്‍ട്രോണിനൊപ്പം ക്രൂസിനും എല്‍ഇഡി ലാമ്പ് വിതരണത്തിന് കരാര്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മുസ്ലിംലീഗ് നേതാവും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സൂപ്പി നരിക്കാട്ടേരിയാണ് ക്രൂസ് ചെയര്‍മാന്‍. പഞ്ചായത്ത് ഡയറക്ടറേറ്റ് ക്രൂസിന്റെ ആവശ്യം അംഗീകരിക്കണമെന്ന് ശഠിച്ചു. എല്‍ഇഡി ലാമ്പ് ഉല്‍പ്പാദിപ്പിക്കാത്ത സ്ഥാപനമായിട്ടും ക്രൂസിനെ സര്‍ക്കാര്‍ അംഗീകരിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തെരുവുവിളക്കുകളുടെ ചുമതല ക്രൂസിന് വിട്ടുനല്‍കി. ഗ്രാമാസൂത്രണ- പഞ്ചായത്ത്- നഗരകാര്യ മന്ത്രിമാര്‍ പങ്കെടുത്ത വികേന്ദ്രീകൃതാസൂത്രണ ഏകോപനസമിതിയുടെ കഴിഞ്ഞ യോഗം വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകള്‍കൂടി ക്രൂസിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചു.
എന്നാല്‍, ഇതേസമിതി മുമ്പാകെയുള്ള കെല്‍ട്രോണിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയില്ല. 20 വാട്ട്, 45 വാട്ട് എല്‍ഇഡി ലൈറ്റ് ഉപയോഗിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇതിന്റെ വിലസംബന്ധിച്ച് കെല്‍ട്രോണ്‍ സമര്‍പ്പിച്ച നിര്‍ദേശവും രണ്ടുമാസം കഴിഞ്ഞിട്ടും പരിഗണിച്ചിട്ടില്ല. ഇതിനിടയില്‍ സിഡ്കോയുടെ പിന്തുണയോടെ സ്വകാര്യകമ്പനി രംഗപ്രവേശം ചെയ്തത് ദുരൂഹമാണ്. നേരത്തെ സിഡ്കോ എല്‍ഇഡി ലാമ്പ് പദ്ധതിയുമായി തദ്ദേശഭരണവകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍, ഉല്‍പ്പാദകര്‍ അല്ലാത്തതിനാല്‍ പദ്ധതി നിരസിച്ചു. ഇത് ചില ഗ്രാമപഞ്ചായത്തുകള്‍ സ്വകാര്യകമ്പനി പ്രതിനിധികളോട് ചൂണ്ടിക്കാട്ടി. എന്നാല്‍, തങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടത്.
ജി രാജേഷ്കുമാര്‍ deshabhimani
No comments:
Post a Comment