Monday, May 5, 2014

വൈദ്യുതി കണക്ഷന്റെ പേരില്‍ വന്‍ കൊള്ള: എ കെ ബാലന്‍

പാലക്കാട്: വൈദ്യുതിനിരക്കും സര്‍വീസ്ചാര്‍ജും വര്‍ധിപ്പിച്ച് ഇരുട്ടടി നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി കണക്ഷന്റെ പേരില്‍ മുമ്പെങ്ങുമില്ലാത്തവിധം ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ജനങ്ങളെ കൊള്ളയടിക്കാനാണെന്ന് മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം രണ്ടുതവണയായി 2500 കോടിരൂപയുടെ താരിഫ് വര്‍ധനയാണ് വരുത്തിയത്. 1500 കോടി രൂപയുടെ വര്‍ധന ഉടന്‍ വരാന്‍പോകുന്നു. തെരഞ്ഞെടുപ്പിന്മുമ്പ് തയ്യാറാക്കിയ നിരക്ക്വര്‍ധന ജനകീയപ്രതിഷേധം ഭയന്നാണ്, തെരഞ്ഞെടുപ്പിനുശേഷം നടപ്പാക്കുന്നത്. സാധാരണക്കാര്‍ക്ക് വൈദ്യുതികണക്ഷന്‍ നിഷേധിക്കുന്ന നിലയിലുള്ള വര്‍ധനയാണ് വരുത്തുന്നത്. ഒരുപോസ്റ്റ് മാത്രം വേണ്ട കണക്ഷന് നിലവിലുള്ള നിരക്കായ 8600 രൂപയില്‍നിന്ന് 11500 രൂപയായും സപ്പോര്‍ട് പോസ്റ്റ്മാത്രം വേണ്ട കണക്ഷന് 2,350 രൂപയില്‍നിന്ന് 4000 രൂപയാക്കിയും വര്‍ധിപ്പിച്ചു. പോസ്റ്റുകള്‍ മാറ്റുന്നതിന് 2009ലെ നിരക്കിന്റെ 143 ശതമാനംവരെ കൂട്ടി. പോസ്റ്റ് വേണ്ടാത്ത കണക്ഷനുപോലും 16 ശതമാനത്തിന്റെ വര്‍ധന. രണ്ട് പോസ്റ്റ് വേണ്ട കണക്ഷന് 11900 രൂപയും (43 ശതമാനം വര്‍ധന), മൂന്നു പോസ്റ്റ് വേണ്ട കണക്ഷന് 26100 രൂപ (45 ശതമാനം), നാല് പോസ്റ്റ് വേണ്ട കണക്ഷന് 33700 രൂപ(46ശതമാനം വര്‍ധന)യായും ഉയര്‍ത്തി. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് കണക്ഷനെടുക്കേണ്ട വ്യവസായ ഉപഭോക്താക്കള്‍ 25 ശതമാനം അധികനിരക്ക് നല്‍കണം. കണക്ടഡ്ലോഡ് 10 കിലോവാട്ട് 25 ആക്കാന്‍ 10200 രൂപയും 25ല്‍നിന്ന് 50 ആക്കാന്‍ 16600 രൂപയും 50ല്‍നിന്ന് 100 ആക്കാന്‍ 19250 രൂപയും ഇനി അടയ്ക്കണം.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി എല്ലാ വിഭാഗം ഗാര്‍ഹിക കണക്ഷനും സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ 2011 ഒക്ടോബറോടെ സൗജന്യം എല്ലാം നിര്‍ത്തി. ക്യാന്‍സര്‍രോഗികള്‍ക്കുപോലും സൗജന്യ കണക്ഷന്‍ നല്‍കുന്നില്ല. വൈദ്യുതികണക്ഷന്‍ വേണ്ടവരെല്ലാം ഒവൈഇസി അടയ്ക്കണമെന്ന സ്ഥിതിയാണ്. ഇതിനുപുറമെയാണ് കണക്ഷന്‍ നിരക്കുകളില്‍ വന്‍ വര്‍ധനയും വരുത്തിയത്. ഇത് ജനങ്ങളെ കൊള്ളയടിക്കലാണെന്നും എ കെ ബാലന്‍ എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment