Monday, May 12, 2014

വൈദ്യുതിനിരക്ക് ഉടന്‍ കൂട്ടും

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഉടന്‍ കൂട്ടും. റഗുലേറ്ററി കമീഷന്റെ പുതിയ സപ്ലൈ കോഡില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഈ വര്‍ഷം ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാവില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നെങ്കിലും മഴ ശക്തമായില്ലെങ്കില്‍ മെയ് മൂന്നാം വാരത്തോടെ ലോഡ് ഷെഡിങ് അനിവാര്യമാകുമെന്ന് കെഎസ്ഇബി അധികൃതര്‍ സൂചിപ്പിച്ചു.

വൈദ്യുതിവിതരണ വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്ന ഈ വര്‍ഷത്തെ സപ്ലൈ കോഡിലാണ് നിരക്ക് ഉയര്‍ത്തി ബോര്‍ഡിന്റെ ബാധ്യതകള്‍ പരിഹരിക്കണമെന്ന് നിര്‍ദേശിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ഈ കോഡ് നിലവില്‍വന്നെങ്കിലും ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യമായതിനാല്‍ നടപ്പായിട്ടില്ല. സപ്ലൈകോഡ് ഉടന്‍ നടപ്പാക്കുന്നതിനോടൊപ്പം നിരക്കും വര്‍ധിപ്പിക്കാനാണ് നീക്കം. ഒരു മെഗാവാട്ട്വരെ വൈദ്യുതി ആവശ്യമായ കണക്ഷനുകള്‍ക്കുള്ള സാമഗ്രികള്‍ ബോര്‍ഡ് നല്‍കും. ഇതിന്റെ ബാധ്യതക്ക് നിരക്ക് വര്‍ധിപ്പിക്കാമെന്നുമാണ് സപ്ലൈകോഡില്‍ പറയുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കടക്കം നിരക്ക് കൂട്ടാനാണ് നീക്കം. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം രണ്ടു തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ഒരിക്കല്‍ സര്‍ചാര്‍ജും ചുമത്തി.

നിലവില്‍ ജൂണ്‍ ആദ്യവാരംവരെ വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള വെള്ളമേ ഡാമുകളിലുള്ളൂ. 250 മെഗാവാട്ട് ശേഷിയുള്ള മൂഴിയാര്‍ നിലയം അറ്റകുറ്റപ്പണികള്‍ക്ക് 20ന് അടയ്ക്കും. മെയ് ഇരുപതോടെ നല്ല മഴ കിട്ടിയില്ലെങ്കില്‍ അരമണിക്കൂര്‍ വീതമെങ്കിലും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബിയിലെ ഉന്നതന്‍ ദേശാഭിമാനിയോടു പറഞ്ഞു. കഴിഞ്ഞവര്‍ഷം മെച്ചപ്പെട്ട കാലവര്‍ഷം കിട്ടിയിട്ടും ലോഡ് ഷെഡിങ് അനിവാര്യമാക്കിയത് വൈദ്യുതി വകുപ്പിന്റെ ആസൂത്രണത്തിലെ പാളിച്ചയാണ്. അതേസമയം തെരഞ്ഞെടുപ്പും പരീക്ഷകളും കഴിഞ്ഞപ്പോള്‍ സംസ്ഥാന വ്യാപകമായി അപ്രഖ്യാപിത പവര്‍കട്ട് തുടരുകയാണ്. അറ്റകുറ്റപ്പണികളുടെ പേരില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍സമയത്ത് വൈദ്യുതിയില്ല. ദൈനംദിന വൈദ്യുതി ഉപയോഗം കഴിഞ്ഞ മാസം 70-71 ദശലക്ഷം യൂണിറ്റുവരെയായി സര്‍വകാല റെക്കോഡിലെത്തിയിരുന്നു. പത്തു ദശലക്ഷം യൂണിറ്റുവരെ വന്‍ വിലയ്ക്ക് പുറമെനിന്ന് വൈദ്യുതി വാങ്ങിയാണ് പവര്‍കട്ട് ഒഴിവാക്കിയത്. ഇപ്പോള്‍ ദൈനംദിന ഉപയോഗം ശരാശരി 62 ദശലക്ഷം യൂണിറ്റാണ്. ആഭ്യന്തര ഉല്‍പ്പാദനം 30 ദശലക്ഷം യൂണിറ്റാണ്.

വി എം രാധാകൃഷ്ണന്‍ deshabhimani

No comments:

Post a Comment