Monday, February 25, 2013

ആര്‍ഗോക്ക് ഓസ്കാര്‍, ആങ് ലീ സംവിധായകന്‍, ഡാനിയല്‍ നടന്‍, ജെന്നിഫര്‍ നടി


മികച്ച സിനിമക്കുള്ള ഓസ്കാര്‍ പുരസ്കാരത്തിന് ബെന്‍ അഫ്ളക് സംവിധാനം ചെയ്ത ആര്‍ഗോ അര്‍ഹമായി. ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ലൈഫ് ഓഫ് പൈ സംവിധാനം ചെയ്ത ആങ് ലീ മികച്ച സംവിധായകനായി. ലിങ്കന്‍ എന്ന സിനിമയില്‍ ലിങ്കനായി വേഷമിട്ട ഡാനിയല്‍ ഡേ ലൂയിസ് മികച്ച നടനായി. മികച്ച നടിയായി ജെന്നിഫര്‍ ലോറന്‍സ് തെരഞ്ഞെടുക്കപ്പെട്ടു. സില്‍വര്‍ ലൈനിങ്ങ് പ്ലേബാക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഇത്തവണത്തെ ബാഫ്റ്റ പുരസ്കാരവും ആര്‍ഗോക്കായിരുന്നു. ഇറാനില്‍ നിന്നും 6 അമേരിക്കന്‍ നയതന്ത്രജ്ഞരെ കടത്തിക്കൊണ്ടു പോരാന്‍ സിഐഎയും കാനഡയും 1980 ല്‍ നടത്തിയ നീക്കം ആധാരമായി നിര്‍മ്മിച്ചതാണ് ആര്‍ഗോ.

പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം എല്ലാവര്‍ക്കും നമസ്തേ പറഞ്ഞാണ് ആങ്ലീ വേദി വിട്ടത്. ലൈഫ് ഓഫ് പൈ ക്ക് ഇതുള്‍പ്പടെ നാലു പുരസ്ക്കാരമുണ്ട്. ആകെ 12 ഇനങ്ങളില്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. ലൈഫ് ഓഫ് പൈയുടെ ഗാനരചന നിര്‍വഹിച്ച ബോംബൈ ജയശ്രീക്ക് പുരസ്കാരമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. സ്കൈഫാളിനാണ് ഗാനരചനക്കുള്ള പുരസ്കാരം. ലൈഫ് ഓഫ് പൈ മികച്ച സംഗീതത്തിനുള്ള പുരസ്കാരവും നേടി. മൈക്കല്‍ ഡാനെക്കാണ് പുരസ്കാരം. ആദ്യപുരസ്ക്കാരം ലഭിച്ചത് ഛായാഗ്രഹണത്തിനാണ്. ക്ലോഡിയോ മിറാണ്ടയാണ് ജേതാവ്. വിഷ്വല്‍ ഇഫക്ട്സിനാണ് ചിത്രം രണ്ടാം പുരസ്ക്കാരം നേടിയത്.

ആങ് ലീ മൂന്നാംവട്ടമാണ് ഓസ്കാര്‍ നേടുന്നത്. മികച്ച സംവിധായകനുള്ള ഓസ്കാര്‍ നേടുന്നത് രണ്ടാംവട്ടവും. ചൈനീസ് വംശജനായ അമേരിക്കന്‍ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ് 58കാരനായ ആങ് ലീ. "സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി", "ക്രൗച്ചിങ്ങ് ടൈഗര്‍, ഹിഡന്‍ ഡ്രാഗന്‍", "ബ്രോക്ക്ബാക്ക് മൗണ്ടന്‍", മുതലായവ ആങ് ലീയുടെ മറ്റ് പ്രശസ്തചിത്രങ്ങളാണ്. "ക്രൗച്ചിങ്ങ് ടൈഗര്‍, ഹിഡന്‍ ഡ്രാഗന്‍" 2000ല്‍ മികച്ച ചിത്രത്തിനുള്ള ഓസ്ക്കാര്‍ നേടിയിരുന്നു. ബ്രോക്ക്ബാക്ക് മൗണ്ടന്‍ (2005) എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്കാറും നേടി. മികച്ച സംവിധായകനുള്ള ഓസ്ക്കാര്‍ നേടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനായി.
 
മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്ക്കാരം അമോറാണു നേടിയത്. മൈക്കിള്‍ അനോഹെയാണു ഈ ചിത്രത്തിന്റെ സംവിധായകന്‍. ലേ മിസറബിള്‍സിലെ ആന്‍ ഹാത്വേ മികച്ച രണ്ടാമത്തെ നടിയായി. ഇതോടെ ലേ മിസറബിള്‍സിന് മൂന്നു പുരസ്കാരങ്ങളായി. ചമയത്തിനും ചിത്രസംയോജനത്തിനുമാണ് പുരസ്കാരങ്ങള്‍. മികച്ച സഹനടനായി ക്രിസ്റ്റഫ് വാള്‍സ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം ജാംഗോ അണ്‍ ചെയിന്‍ഡ്. ബ്രേവാണു മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം.പേപ്പര്‍ മാന്‍ ഹ്രസ്വ ചിത്രത്തിനു അവാര്‍ഡ് നേടി.ആര്‍ഗോയുടെ എഡിറ്റിങ്ങിന് വില്യം ഗോര്‍ബാഗ് നേടി. ലിങ്കന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനും അവാര്‍ഡുണ്ട്.

deshabhimani

No comments:

Post a Comment